രാഷ്ട്രം നേരിടുന്ന ആഭ്യന്തരവും ബാഹ്യവുമായ എല്ലാ പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരമാണ് യുദ്ധമെന്ന് ഉറച്ചുവിശ്വസിക്കുന്ന രാജ്യങ്ങളിലൊന്നാണ് ചൈന. ചൈനീസ് സൈന്യാധിപനായിരുന്ന സുന്‍ സു രചിച്ച പ്രാമാണിക ഗ്രന്ഥത്തിന്റെ പേര് തന്നെ’The Art of War’ എന്നാണ്. ‘All warfare is based on deception’ എന്ന് അദ്ദേഹം ആ പുസ്തകത്തില്‍ അസന്ദിഗ്ദ്ധമായി പ്രഖ്യാപിക്കുന്നു. ഒരു തരത്തില്‍ ആധുനിക ചൈനയുടെ മന:ശാസ്ത്രത്തെ രൂപപ്പെടുത്തുകയും വരച്ചുകാണിക്കുകയും ചെയ്യുന്ന ഗ്രന്ഥമാണത്. ചൈനയുടെ ചരിത്രം തന്നെ ചതിയുടെ ചരിത്രമാണെന്നതിന് അനേകം ഉദാഹരണങ്ങള്‍ ലോകരാജ്യങ്ങള്‍ക്കുമുന്നിലുണ്ട്. ‘മധുര മനോഹര മനോജ്ഞ ചൈന’ എന്ന് മുന്‍പ് മലയാളത്തിലെ ഒരു കവി ചൈനയെ പ്രകീര്‍ത്തിച്ചുപാടിയതിനെ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ മറ്റൊരു മലയാള കവിക്ക് ‘കുടില കുതന്ത്ര ഭയങ്കര ചൈനേ’ എന്ന് തിരുത്തേണ്ടിവന്നു. ‘ദുഷ്ടനായ അയല്‍വാസി’ (The Evil Neighbor) എന്നാണ് അടുത്ത കാലത്ത് തായ്‌വാന്‍ പ്രധാനമന്ത്രി സൂ സെങ് ചാന്‍ ചൈനയെ വിശേഷിപ്പിച്ചത്. യുദ്ധങ്ങളെല്ലാം വഞ്ചനയെ അടിസ്ഥാനമാക്കിയുള്ളതാണെന്ന ചൈനീസ് സൈന്യാധിപന്റെ യുദ്ധസിദ്ധാന്തം ഓരോ ചുവടുവെയ്പിലും ചൈന പ്രയോഗവല്‍ക്കരിച്ചുകൊണ്ടിരിക്കുകയാണ്.
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് അരുണാചല്‍പ്രദേശിലെ തവാങ്ങ് മേഖലയിലേക്ക് കടന്നുകയറാനുള്ള ചൈനീസ് സൈന്യത്തിന്റെ ശ്രമം അതിര്‍ത്തിയില്‍ ബോധപൂര്‍വ്വം പ്രകോപനമുണ്ടാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നുവേണം കരുതാന്‍. യാങ്‌സെയിലെ ഭാരതത്തിന്റെ പോസ്റ്റ് പിടിച്ചെടുക്കാനെത്തിയ മുന്നൂറോളം ചൈനീസ് സൈനികരെ ഭാരത സൈന്യം തുരത്തിയോടിക്കുകയായിരുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഭാരതത്തിന്റെ അതിര്‍ത്തികളില്‍ പ്രകോപനം സൃഷ്ടിക്കാനുള്ള നീക്കങ്ങള്‍ തുടര്‍ച്ചയായി ചൈന നടത്തുന്നുണ്ട്. 2013 ല്‍ ഡെപ്‌സാങ് പ്രദേശത്ത് ചൈന പ്രശ്‌നമുണ്ടാക്കിയപ്പോള്‍ നയതന്ത്ര തലത്തില്‍ അത് പരിഹരിക്കുകയായിരുന്നു. 2017 ല്‍ സിക്കിം അതിര്‍ത്തി പ്രദേശമായ ദോക് ലാമിനു സമീപം വ്യാപകമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തി ചൈന പ്രകോപനം സൃഷ്ടിക്കാന്‍ ശ്രമിച്ചിരുന്നു. ഭാരതം, ചൈന, ഭൂട്ടാന്‍ അതിര്‍ത്തികള്‍ സംഗമിക്കുന്ന ദോക്‌ലാമിലെ ചൈനീസ് കടന്നുകയറ്റശ്രമം മാസങ്ങളോളം ഇരു രാജ്യങ്ങളെയും മുഖാമുഖം നിര്‍ത്തിയിരുന്നു. 2020 ജൂണില്‍ കിഴക്കന്‍ ലഡാക്കിലെ ഗല്‍വാനിലും ചൈനീസ് സൈന്യം വ്യാപകമായ നുഴഞ്ഞുകയറ്റ ശ്രമം നടത്തിയിരുന്നു. ദോക് ലാം പ്രശ്‌നത്തെത്തുടര്‍ന്ന് വുഹാനിലും മഹാബലിപുരത്തും വെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷീ ചിന്‍പിങ്ങും നടത്തിയ കൂടിക്കാഴ്ച ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്‌ന പരിഹാരത്തിനുള്ള മികച്ച പരിശ്രമമായിരുന്നു. എന്നാല്‍, അതിനുശേഷവും ഗല്‍വാനില്‍ പ്രശ്‌നമുണ്ടാക്കിയതോടെ ചൈന അവരുടെ പ്രകോപനനയം തുടരുകയാണെന്ന് വ്യക്തമായി.
2014 ല്‍ നരേന്ദ്രമോദി അധികാരത്തിലെത്തിയപ്പോള്‍ ലഡാക്കിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ തീരുമാനിച്ചിരുന്നു. അതോടെ ചൈനീസ് സൈന്യത്തിന്റെ ശ്രദ്ധ ലഡാക്ക് പ്രദേശത്തു മാത്രമായി ഒതുങ്ങി. മുന്‍പ് തന്നെ ഭാരത സൈന്യത്തിനു മേല്‍ക്കൈയുള്ള പ്രദേശമാണ് തവാങ്. അവിടെ പ്രഹരമേല്‍പ്പിക്കാനാവില്ലെന്നു തിരിച്ചറിഞ്ഞാല്‍ ചൈനീസ് സൈന്യം ലഡാക്ക് ഭാഗത്തു പ്രശ്‌നമുണ്ടാക്കുമെന്ന് ഭാരത സൈന്യത്തിന് ഉറച്ച ബോധ്യമുണ്ടായിരുന്നു. ലഡാക്ക് പ്രദേശത്ത് ചൈന നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതോടെ അത് നേരിടാനുള്ള തയ്യാറെടുപ്പ് ഭാരതവും ആരംഭിച്ചു. ലഡാക്ക് പ്രദേശത്ത് ലാന്റിംഗ് ഗ്രൗണ്ടുകളും മറ്റും വികസിപ്പിച്ചത് ഇതിന്റെ ഭാഗമായാണ്. ഏറെക്കാലമായി ശാന്തമായിരുന്ന കിഴക്കന്‍ മേഖലയിലാണ് ഇപ്പോള്‍ ചൈന പ്രകോപനവുമായി രംഗത്തെത്തിയിരിക്കുന്നത്. അതിര്‍ത്തിയില്‍ ഭാരതം നടത്തുന്ന നിര്‍മ്മാണങ്ങളും ഭാരത സൈന്യം യുഎസ് സൈന്യവുമായി ചേര്‍ന്ന് നടത്തിയ സംയുക്ത അഭ്യാസപ്രകടനവുമാണ് ഇപ്പോള്‍ ചൈനയെ പ്രകോപിപ്പിക്കുന്നത്.
കമ്മ്യൂണിസ്റ്റ് ഭരണകൂടമൊരുക്കിയ ഏകാധിപത്യത്തിന്റെ വന്മതിലിനും ഇരുമ്പുമറകള്‍ക്കുമെല്ലാമുള്ളില്‍ നിന്ന് ആഭ്യന്തര പ്രശ്‌നങ്ങളും പ്രതിഷേധങ്ങളും ചൈനയില്‍ പുകഞ്ഞുപൊന്തുന്നുണ്ട്. ചൈനയെ സീറോ കൊവിഡ് രാഷ്ട്രമാക്കാനുള്ള പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ കര്‍ക്കശ നിലപാടുകള്‍ക്കെതിരായ പ്രതിഷേധങ്ങള്‍ അവിടെ ശക്തിപ്പെടുകയാണ്. 1989-ല്‍ ടിയാനന്‍മെന്‍ സ്‌ക്വയറില്‍ നടന്ന പ്രക്ഷോഭത്തിന് സമാനമായ പ്രതിഷേധങ്ങള്‍ക്കാണ് അടുത്ത കാലത്ത് ചൈന സാക്ഷ്യം വഹിച്ചത്. ഭരണകൂടമേര്‍പ്പെടുത്തിയ കടുത്ത കോവിഡ് നിയന്ത്രണങ്ങളില്‍ പൊറുതിമുട്ടിയ ജനത പ്രതിഷേധങ്ങളുമായി രംഗത്ത് വരികയാണ്. ശൂന്യമായ വെള്ളക്കടലാസ് ഉയര്‍ത്തി പലയിടങ്ങളിലും പ്രക്ഷോഭകര്‍ നിര്‍ഭയമായി മുന്നോട്ടുവന്നു. 2019-ല്‍ ചൈനയില്‍ മുദ്രാവാക്യങ്ങളെഴുതിയ പ്ലക്കാര്‍ഡുകള്‍ നിരോധിച്ചിരുന്നു. അതുകൊണ്ട് കൂടിയാണ് ശൂന്യമായ വെള്ളക്കടലാസുകള്‍ ഉയര്‍ത്തി ജനങ്ങള്‍ പ്രതിഷേധിച്ചിരിക്കുന്നത്.
കോവിഡ് വ്യാപനത്തിനുശേഷം ചൈനയിലെ നിര്‍മ്മാണ- വ്യവസായ രംഗങ്ങളാകമാനം തകര്‍ച്ചയിലാണ്. ഇതിന്റെ ഭാഗമായി അവിടെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാവുകയാണ്. 2023 ല്‍ ചൈനയുടെ ജി.ഡി.പി രണ്ട് ശതമാനത്തിന് താഴേക്കെത്തുമെന്ന കണക്കുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഇത്തരത്തില്‍ രാജ്യത്ത് വര്‍ദ്ധിച്ചു വരുന്ന ആഭ്യന്തര പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമാണ് അതിര്‍ത്തിയിലെ യുദ്ധോത്സുകമായ നീക്കങ്ങളിലൂടെ ചൈന കണ്ടെത്തുന്നത്. രൂക്ഷമായിക്കൊണ്ടിരിക്കുന്ന ആഭ്യന്തര പ്രശ്‌നങ്ങള്‍ മറികടക്കാന്‍ ചൈന അതിര്‍ത്തികളില്‍ നിരന്തരം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണ്. അടുത്ത ദിവസങ്ങളില്‍ തന്നെ നേപ്പാള്‍ അതിര്‍ത്തിയിലും ചൈന അതിക്രമിച്ചുകയറിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് അമേരിക്കന്‍ പ്രതിനിധിസഭാ സ്പീക്കര്‍ നാന്‍സി പെലോസി നടത്തിയ സന്ദര്‍ശനത്തെ തുടര്‍ന്ന് തായ്‌വാനെ ചുറ്റിവരിഞ്ഞുകൊണ്ട് ചൈന കടലില്‍ അഭ്യാസപ്രകടനം നടത്തിയിരുന്നു. ആഭ്യന്തര പ്രതിസന്ധി മുതലെടുത്തുകൊണ്ട് ശ്രീലങ്കന്‍ തുറമുഖത്തേക്ക് ചൈനീസ് കപ്പല്‍ എത്തിയതും ഇതേ സമയത്ത് തന്നെയാണ്.
‘ഈ യുഗം യുദ്ധത്തിന്റേതല്ല’ എന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുദ്ധവിരുദ്ധ വാചകം ഏറ്റെടുത്തു കൊണ്ടുള്ള സംയുക്ത പ്രഖ്യാപനത്തോടെയാണ് ഈയിടെ ഇന്തോനേഷ്യയിലെ ബാലിയില്‍ നടന്ന ജി-20 ഉച്ചകോടി സമാപിച്ചത്. ലോകസമാധാനത്തിന്റെ ദൗത്യം സ്വീകരിച്ചു കൊണ്ടാണ് ഭാരതം ജി-20 അദ്ധ്യക്ഷപദവി ഏറ്റെടുത്തിട്ടുള്ളതും. ലോകം മുഴുവന്‍ യുദ്ധവിരുദ്ധ സന്ദേശം സര്‍വ്വാത്മനാ സ്വീകരിക്കാന്‍ തയ്യാറാവുന്ന കാലത്താണ് ചൈന അതിര്‍ത്തിയില്‍ ചതിയുടെ പുതിയ യുദ്ധതന്ത്രങ്ങള്‍ ആവിഷ്‌കരിച്ചുകൊണ്ടിരിക്കുന്നത്. എക്കാലവും പ്രശ്‌നപരിഹാരങ്ങള്‍ക്ക് യുദ്ധത്തെ ആയുധമാക്കുന്ന ചൈന ആഭ്യന്തര യുദ്ധങ്ങളുടെയും പ്രതിഷേധങ്ങളുടെയും ഫലമായി സ്വയം ശിഥിലമാകുന്ന കാലം അതിവിദൂരമല്ല….
Comments