ചട്ടമ്പി സ്വാമികളുടെ കുട്ടിക്കാലത്തെ പേര് കുഞ്ഞന്‍ പിള്ള എന്നായിരുന്നു. വിദ്യാലയത്തിലെ അദ്ദേഹത്തിന്റെ ഗുരുവായിരുന്നു രാമന്‍ പിള്ള ആശാന്‍. കുഞ്ഞന്‍ ചട്ടമ്പിയുടെ പുറത്തുള്ള കൂട്ടുകാരില്‍ ചിലര്‍ ഈഴവ സമുദായത്തില്‍ പെട്ടവരായിരുന്നു. ഇടയ്‌ക്കെല്ലാം അവരുടെ വീടുകളില്‍ ചെന്ന് അവിടെ നിന്നും കിട്ടുന്ന ആഹാരം കഴിക്കുമായിരുന്നു. അന്നത്തെ യാഥാസ്ഥിതികര്‍ക്ക് ഒട്ടും ഇഷ്ടപ്പെടാത്ത നടപടിയായിരുന്നു അത്. രാമന്‍ പിള്ള ആശാനും അതില്‍ അപ്രിയനായിരുന്നു.
”അവിടെയും ഇവിടെയും ചെന്ന് കുഞ്ഞന്‍ ആഹാരം കഴിക്കുന്നുവെന്ന് കേള്‍ക്കുന്നല്ലൊ… അത് ശരിയാണോ?” ആശാന്‍ ചട്ടമ്പിയോട് ചോദിച്ചു. ”ഞാന്‍ ഇവിടുന്നും ഊണു കഴിക്കാറുണ്ടല്ലോ” എന്നായിരുന്നു കുഞ്ഞന്‍ കൊടുത്ത മറുപടി. കുഞ്ഞന്‍പിള്ള ഉയര്‍ന്ന നായരാണെന്നും ആശാന്‍ താഴ്ന്ന നായരാണെന്നും ആ ഉത്തരത്തില്‍ ധ്വനിയുണ്ടായിരുന്നു.
ആശാന്‍ പിന്നീട് ആ ചോദ്യം ആവര്‍ത്തിച്ചിട്ടേയില്ല.