നിരന്തരമായി നാം കഴിക്കുന്ന ആഹാരം പലപ്പോഴും അമ്ലതയെ സൃഷ്ടിക്കുന്നു. വയറിനുള്ളില്‍ അമ്ലത കൂടിയാല്‍ ദഹനരസം പ്രവര്‍ത്തനരഹിതമാകും. കഴിക്കുന്ന ആഹാരം അതുമൂലം ദഹിക്കാതെ വരും. അതിന്റെ ആദ്യ ലക്ഷണമാണ് വയര്‍ സ്തംഭനം. ഇതുമൂലം വായുകോപം, ഏമ്പക്കം എന്നിവയാല്‍ നമുക്ക് അസ്വസ്ഥതകള്‍ ഉണ്ടായിക്കൊണ്ടേയിരിക്കും. അമ്ലക്ഷാര വിഹീനമായ സാഹചര്യത്തിലേ പചനരസങ്ങള്‍ക്ക് അതിന്റെ ധര്‍മ്മം പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ പ്രയോജനപ്പെടുത്തുവാന്‍ കഴിയുകയുള്ളു. അതുപോലെതന്നെ ക്ഷാരാംശം
കൂടിയാലും ദഹന പ്രക്രിയ നടക്കുകയില്ല.
ഇത്തരം ദുരിതം വയറില്‍ സംഭവിക്കുന്നതിന് പരിഹാരമായി മുത്തശ്ശിമാര്‍ പിണ്ടിയും കൂമ്പും കുമ്പളങ്ങയും വെള്ളരിയും മറ്റും കറികളുണ്ടാക്കുവാന്‍ ഉപയോഗിച്ചിരുന്നു. മണ്ണിലും അമ്ലത ബാധിച്ചാല്‍ ചെടികള്‍ക്കൊന്നും ആഹാരം വലിച്ചെടുക്കുവാന്‍ കഴിയുകയില്ല. അമ്ലത അളക്കുവാന്‍ ഉപയോഗിക്കുന്ന ഉപകരണത്തിന്റെ പേരാണ് പി.എച്ച്. മീറ്റര്‍. ഈ ഉപകരണം ഉപയോഗിച്ച് കുടിവെള്ളത്തിന്റെ അമ്ലതയുടെ അളവും തിട്ടപ്പെടുത്താറുണ്ട്. പി.എച്ച്. 7 ആയാല്‍ അമ്ലക്ഷാര വിഹീനമാകും. പക്ഷേ നമ്മുടെ മണ്ണ് എപ്പോഴും അല്പസ്വല്പം അമ്ല സ്വഭാവം കാണപ്പെടുന്ന മണ്ണാണ്. ഈ സ്വഭാവം ആഹാരത്തിലൂടെ മനുഷ്യനേയും ബുദ്ധിമുട്ടിക്കുന്നു. മണ്ണിലെ അമ്ലതയെ കുറയ്ക്കുവാന്‍ കുമ്മായവും ഡോളമൈറ്റും ഉപയോഗിക്കുന്നു.
മനുഷ്യന്റെ ഉള്ളിലുണ്ടാകുന്ന അമ്ലതയെ നിര്‍വീര്യമാക്കാനാണ് ക്ഷാരാംശം കൂടുതലുള്ള പിണ്ടി, വാഴക്കൂമ്പ്, കുമ്പളങ്ങ, വെള്ളരി തുടങ്ങിയ ആഹാര സാധനങ്ങള്‍ കഴിക്കണം എന്ന് നമ്മുടെ വീട്ടമ്മമാര്‍ കണക്കാക്കിയിരിക്കുന്നത്. ഇതുകൊണ്ടും വയറിന്റെ സ്തംഭനം മാറുന്നില്ലായെന്നു കണ്ടാല്‍ 9 കറിവേപ്പില, 9 കുടങ്ങലിന്റെ ഇല, 4 കീഴാര്‍ നെല്ലിയുടെ തളിര്‍മണ്ട, 9 കൂവളത്തില എന്നിവ ചതച്ചരച്ച് പിണ്ടിനീരിലോ കുമ്പളങ്ങാ നീരിലോ പ്രഭാതത്തില്‍ വെറും വയറ്റില്‍ കഴിച്ച് ഒരു മണിക്കൂറിനുശേഷം ആഹാരം കഴിച്ചിരുന്നു. ഇങ്ങനെ 15 ദിവസം കഴിച്ച് അമ്ലത വയറ്റില്‍ രൂപപ്പെടുന്നതിനെ നിരുത്സാഹപ്പെടുത്തിയിരുന്നു.
പ്രകൃതിയെ മാതാവായി കണ്ടുകൊണ്ട് അന്നം കണ്ടെത്തി കഴിക്കുന്നതിനോടൊപ്പം അതുമൂലം ഉണ്ടാകുന്ന പ്രതിസന്ധികളിലും ചെടികളെ തന്നെ ആശ്രയിച്ച് നമ്മുടെ മുന്‍തലമുറ പ്രതിവിധിയും കണ്ടിരുന്നു.
വാഴയുടെ എല്ലാ ഭാഗങ്ങളും ആഹാരമായും ഔഷധമായും നമ്മുടെ നാട്ടുകാര്‍ പ്രയോജനപ്പെടുത്തിയിരുന്നു. അതില്‍ വാഴക്കൂമ്പും വാഴപ്പിണ്ടിയും വാഴമാണവും
ആഹാരമായും മരുന്നായും നമ്മുടെ പൂര്‍വ്വികര്‍ ഉപയോഗിച്ചിരുന്നു. ആയതിനാലാണ് വയര്‍ സ്തംഭനത്തിന് പിണ്ടികൂട്ടണം എന്ന ഒരു ശൈലി രൂപപ്പെടുവാനും നാട്ടറിവായി
പരിണമിക്കുവാനും ഇടയായത്.