ബംഗളൂരു: കേവലമായ അതിജീവനം മനുഷ്യ ജീവിതത്തിന്റെ പരമമായ ലക്ഷ്യമല്ലെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ.മോഹന്‍ഭാഗവത്. അര്‍ഹതപ്പെട്ടവന്റെ അതിജീവനമെന്നത് (Survival of the Fittest) കാടിന്റെ നിയമമാണ്. മനുഷ്യരില്‍ ഏറ്റവും അര്‍ഹതപ്പെട്ടയാള്‍ ദുര്‍ബലരെ അതിജീവനത്തിനായി സഹായിക്കുകയാണ്. ബംഗളൂരുവിലെ ശ്രീസത്യ സര്‍വ്വകലാശാലയുടെ ആദ്യ ബിരുദദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിന്നുക, കുടിക്കുക, പ്രത്യുല്പാദനം നടത്തുക തുടങ്ങിയ കാര്യങ്ങള്‍ മൃഗങ്ങള്‍ പോലും ചെയ്യുന്നുണ്ട്. അതായത് മൃഗങ്ങള്‍ പോലും അതിജീവിക്കുന്നു. ബുദ്ധിയില്ലെങ്കില്‍, മനുഷ്യന്‍ ഭൂമിയിലെ ഏറ്റവും ദുര്‍ബലമായ മൃഗമാണ്. എന്നാല്‍ പരിണാമത്തിന്റെ ഗതിയില്‍, അവനില്‍ വൈജ്ഞാനികമായ പ്രേരണ വികസിച്ചു. അത് അവന്റെ ജീവിതത്തിന്റെ ഗതിയെ മാറ്റിമറിക്കുകയും മനുഷ്യന്‍ ഭൂമിയിലെ ഏറ്റവും മികച്ച സൃഷ്ടിയായി മാറുകയും ചെയ്തു. ഭാരതം വളരുമെന്ന് പത്ത് പന്ത്രണ്ട് വര്‍ഷം മുമ്പ് പറഞ്ഞിരുന്നെങ്കില്‍ ആരും അത് ഗൗരവമായി എടുക്കില്ലായിരുന്നു. എന്നാല്‍ ഭൂതകാലത്തില്‍ നിന്നുള്ള വിജ്ഞാന അടിത്തറയെ ഭാവി പഠനങ്ങളുമായി കൂട്ടിയോജിപ്പിച്ചുകൊണ്ട് ഭാരതം വളരുന്നതിന്റെ അടയാളങ്ങള്‍ ഇപ്പോള്‍ എല്ലായിടത്തും ദൃശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സുനില്‍ ഗവാസ്‌കര്‍, ന്യൂക്ലിയര്‍ ഫിസിസ്റ്റ് ആര്‍. ചിദംബരം, ഐഎസ്ആര്‍ഒ മേധാവി കെ കസ്തൂരിരംഗന്‍, ഹിന്ദുസ്ഥാനി ഗായകന്‍ എം വെങ്കിടേഷ് കുമാര്‍, അസമിലെ പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകന്‍ പൂര്‍ണിമ ദേവി ബര്‍മന്‍, സി. ശ്രീനിവാസ് എന്നിവര്‍ ഉള്‍പ്പെടെ ആറ് പ്രമുഖര്‍ക്ക് ശ്രീ സത്യ സര്‍വ്വകലാശാലയില്‍ വെച്ച് ഡോ. മോഹന്‍ ഭാഗവത് ഓണററി ഡോക്ടറേറ്റ് നല്‍കി. കര്‍ണാടകയിലെ കലബുറഗി ജില്ലയിലെ നവനിഹാല വില്ലേജിലാണ് ശ്രീ സത്യസായി ഹ്യൂമന്‍ എക്‌സലന്‍സ് സര്‍വകലാശാല സ്ഥാപിച്ചത്.