ഗാന്ധിജിയുടെ നേരവകാശികള്‍ ആരെന്ന ചോദ്യമുയര്‍ത്തിക്കൊണ്ടാണ് ഇത്തവണത്തെ ഒക്‌ടോ. 2 കടന്നുപോയത്. ജീവിച്ചിരിക്കെ ഗാന്ധിജിയുടെ ആശയങ്ങളെ പിന്നില്‍ നിന്നു കുത്തിയ കമ്മ്യൂണിസ്റ്റുകളും ഗാന്ധിജിയുടെ പേര് തട്ടിയെടുക്കുകയും കോടികളുടെ അഴിമതിയിലൂടെ രാജ്യത്തിന്റെ സമ്പത്ത് ദശകങ്ങളോളം ഊറ്റിയെടുക്കുകയുംചെയ്ത കോണ്‍ഗ്രസ്സുകാരും വിഭജനരാഷ്ട്രീയത്തിന്റെ പിന്മുറക്കാരായ ലീഗുകാരുമെല്ലാം അഭിനവ ഗാന്ധിഭക്തരാകാന്‍ മത്സരിക്കുകയാണ്. സഹസ്രകോടികളുടെ അഴിമതി നടത്തി തീഹാര്‍ ജയിലില്‍ അഴിയെണ്ണുകയായിരുന്ന ചില ഖദര്‍ധാരികള്‍ക്ക് ഈ പടയണിയില്‍ പങ്കുചേരാന്‍ കഴിഞ്ഞില്ല. അല്ലെങ്കില്‍ അതും നാം കാണേണ്ടിവരുമായിരുന്നു.
ഗാന്ധിജയന്തി ദിനത്തില്‍ മാതൃഭൂമി ദിനപ്പത്രത്തില്‍ ആര്‍.എസ്.എസ് സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത് ഗാന്ധിജിയെക്കുറിച്ചെഴുതിയ ലേഖനമാണ് ഇടത്-വലത് നേതാക്കളെ പ്രകോപിപ്പിച്ചത്. ഗാന്ധിജിയും ആര്‍.എസ്.എസ്സുമായുള്ള ബന്ധം വ്യക്തമായി ചൂണ്ടിക്കാണിച്ച സര്‍സംഘചാലക് സംഘസ്ഥാപകനായ ഡോ. ഹെഡ്‌ഗേവാറിന്റെ വാക്കുകളിലുടെ വാക്കും പ്രവൃത്തിയും ഒന്നായിരിക്കണമെന്ന ഗാന്ധിസന്ദേശത്തിന്റെ പ്രസക്തി എടുത്തുകാണിക്കുകയായിരുന്നു. സംഘത്തിന്റെ വാര്‍ദ്ധാശിബിരത്തിലും ദില്ലിയിലെ ഭംഗി നഗര്‍ കോളനിയിലെ പരിപാടിയിലും ഗാന്ധിജി നേരിട്ടു പങ്കെടുത്ത് സ്വയംസേവകരുമായി ആശയവിനിമയം നടത്തിയ കാര്യവും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഗാന്ധിജിയെ സംഘത്തിന്റെ എതിരാളിയായി ചിത്രീകരിച്ച് മുതലെടുപ്പു നടത്താന്‍ ശ്രമിക്കുന്ന വിദ്വേഷരാഷ്ട്രീയത്തിന്റെ ശക്തികള്‍ക്ക് ഒട്ടും സഹിക്കാവുന്നതായിരുന്നില്ല ഈ വസ്തുതകളെന്ന് തുടര്‍ന്നുണ്ടായ പ്രതികരണങ്ങള്‍ തെളിയിച്ചു. അവര്‍ക്കാവശ്യം അവരുടെ തിരക്കഥയ്ക്കനുസരിച്ച് ആടുന്ന ആട്ടക്കാരെയാണ്. അങ്ങനെയൊരു കാലമുണ്ടായിരുന്നു. ഇപ്പോള്‍ ജനങ്ങള്‍ സത്യം മനസ്സിലാക്കുകയും യഥാര്‍ത്ഥ വില്ലന്മാരെ തിരിച്ചറിയുകയും ചെയ്തു തുടങ്ങിയിട്ടുണ്ട്.
ഗാന്ധിജി കൊല്ലപ്പെട്ടശേഷം അന്വേഷണം പൂര്‍ത്തിയാകുന്നതിനു മുമ്പു തന്നെ ആരംഭിച്ചതാണ് കോണ്‍ഗ്രസ്സിന്റെ ആര്‍.എസ്.എസ്. വേട്ടയാടല്‍. എന്നാല്‍ കോടതി ആര്‍.എസ്.എസ്സിന് ഗാന്ധിവധത്തില്‍ യാതൊരു പങ്കുമില്ലെന്ന് വിധിച്ചശേഷം, ചൈനയുമായുള്ള യുദ്ധസമയത്തെ സേവനത്തിന്റെ പേരില്‍ ആര്‍.എസ്.എസ്സിനെ ഔദ്യോഗികമായി 1963-ലെ റിപ്പബ്ലിക്ക്ദിന പരേഡില്‍, വേട്ടയാടലിനു നേതൃത്വം നല്‍കിയ പണ്ഡിറ്റ് നെഹ്‌റുവിനു തന്നെ പങ്കെടുപ്പിക്കേണ്ടിവന്നു. നുണ പലതവണ ആവര്‍ത്തിച്ചാല്‍ സത്യമാകുമെന്ന ഗീബല്‍സിയന്‍ തന്ത്രം സര്‍വ്വസാധാരണക്കാര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന ആര്‍.എസ്.എസ്സിനു ബാധകമല്ലെന്ന കാര്യം കോണ്‍ഗ്രസ്സും അവരുടെ കൂട്ടാളികളും ഓര്‍ക്കണം. ജസ്റ്റിസ് കെ.ടി. തോമസ്സിനെപോലുള്ള ആദരണീയരായ നിയമജ്ഞര്‍ പോലും രേഖകള്‍ പഠിച്ചശേഷം ഗാന്ധിവധത്തില്‍ ആര്‍.എസ്.എസ്സിന് യാതൊരു പങ്കുമില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ഗാന്ധിജി തന്റെ ജീവിതത്തിന്റെ അവസാനനാളുകളില്‍ കോണ്‍ഗ്രസ്സുകാരാല്‍ പരിത്യജിക്കപ്പെട്ട് ഏകാകിയും ദുഃഖിതനുമായിരുന്നു എന്ന വസ്തുതയും കാണാതിരുന്നുകൂടാ. ‘എനിയ്ക്കാരുണ്ട്’ എന്നു ചോദിച്ച മഹാത്മാവിനെയും നാം ഓര്‍ക്കേണ്ടതുണ്ട്. വധഭീഷണി ഉണ്ടെന്നറിഞ്ഞിട്ടും ഗാന്ധിജിയ്ക്ക് മതിയായ സംരക്ഷണം നല്‍കാതിരുന്ന കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നടപടിക്കു പിന്നിലും അന്ന് ഹിന്ദുമഹാസഭയുടെ അധ്യക്ഷനായിരുന്ന, സിപിഎം നേതാവ് സോമനാഥ് ചാറ്റര്‍ജിയുടെ പിതാവ് നിര്‍മല്‍ ചന്ദ്രചാറ്റര്‍ജിയെ ചോദ്യം ചെയ്യാതിരുന്നതിനു പിന്നിലും ദുരൂഹതയുണ്ട്.
ഗാന്ധിജി ജീവിച്ചിരുന്നപ്പോഴും അതിനുശേഷവും അദ്ദേഹത്തെ അങ്ങേയറ്റത്തെ ആദരവോടെ വീക്ഷിച്ച പ്രസ്ഥാനമാണ് ആര്‍.എസ്.എസ്. ഹിന്ദ് സ്വരാജിലൂടെയും മറ്റും ഗാന്ധിജി മുന്നോട്ടുവെച്ച ആശയങ്ങളും രാമരാജ്യസങ്കല്പവും ഭാരതത്തിന്റെ പുരോഗതിക്ക് അനിവാര്യമാണെന്ന് സംഘം കരുതുന്നു. ഗോവധനിരോധനം ഗാന്ധിജിയുടെ ഒരു വലിയ സ്വപ്നമായിരുന്നു. അതിനുവേണ്ടി സംഘം ദേശവ്യാപകമായ പ്രക്ഷോഭം സംഘടിപ്പിച്ചിരുന്നു. എന്നാല്‍ ഇന്നത്തെ കോണ്‍ഗ്രസ്സുകാര്‍ പശുക്കളെ നടുറോഡിലിട്ട് വെട്ടിക്കൊല്ലുന്നവരും സിപിഎമ്മുകാര്‍ നടത്തുന്ന ബീഫ് ഫെസ്റ്റിവലുകളില്‍ ആര്‍ത്തിയോടെ വരി നില്‍ക്കുന്നവരുമാണ്. അതുപോലെ മദ്യനിരോധനം ഗാന്ധിജിയുടെ പ്രധാന നയപരിപാടിയായിരുന്നു. കവലകള്‍ തോറും മദ്യഷാപ്പുകള്‍ തുറന്ന് ജനങ്ങളെ മദ്യത്തില്‍ മുക്കിക്കൊല്ലുന്ന കോണ്‍ഗ്രസ്സുകാര്‍ക്കും കമ്മ്യൂണിസ്റ്റുകാര്‍ക്കും എന്ത് ഗാന്ധി സ്‌നേഹമാണുള്ളത്? തികഞ്ഞ അഹിംസാവാദിയായിരുന്നു ഗാന്ധിജി. എന്നാല്‍ ഇന്ദിരാഗാന്ധിയുടെ വധത്തിനുശേഷം ആയിരക്കണക്കിന് സിക്കുകാരെ കൂട്ടക്കൊല നടത്തിയ കോണ്‍ഗ്രസ്സുകാര്‍ക്കും എന്നും കൊലപാതകരാഷ്ട്രീയത്തിന്റെയും വരമ്പത്ത്കൂലി സിദ്ധാന്തത്തിന്റെയും വക്താക്കളായ, സ്റ്റാലിനെ ആരാധിക്കുന്ന കമ്മ്യൂണിസ്റ്റുകാര്‍ക്കും ഗാന്ധിജിയുടെ പേര് ഉച്ചരിക്കാനുള്ള അര്‍ഹതപോലുമില്ല. ബ്രിട്ടീഷുകാര്‍ക്കെതിരെ ബഹുജനപ്രക്ഷോഭം നടത്തിയ ഗാന്ധിജി രാജ്യത്തെ ജനാധിപത്യത്തിന്റെ പുതുയുഗത്തിലേക്ക് നയിച്ചെങ്കില്‍ രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച് ആയിരക്കണക്കിന് നിരപരാധികളെ ജയിലിലടയ്ക്കുകയും നിരവധി പേരെ കിരാതമായി പീഡിപ്പിച്ച് കൊല്ലുകയും ചെയ്ത് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തിന്റെ മേല്‍ കളങ്കംവരുത്തിയവരാണ് കോണ്‍ഗ്രസ്സുകാര്‍.
അഖണ്ഡഭാരതം ഗാന്ധിജിയുടെ മറ്റൊരു സ്വപ്നമായിരുന്നു. തന്റെ മൃതദേഹത്തില്‍ ചവിട്ടിയേ രാജ്യത്തെ വിഭജിക്കാന്‍ കഴിയൂ എന്നു പറഞ്ഞ ഗാന്ധിജിയുടെ വാക്കുകള്‍ക്ക് പുല്ലുവില കല്പിക്കാത്ത കോണ്‍ഗ്രസ്സും ലീഗും ബ്രിട്ടീഷുകാരുമായി നടത്തിയ ഗൂഢാലോചനയിലൂടെ 1947ല്‍ ഭാരതം വിഭജിക്കപ്പെട്ടു. ഇതിന്റെ ബാക്കിയാണ് നെഹ്‌റു സര്‍ക്കാര്‍ സൃഷ്ടിച്ച കാശ്മീര്‍ പ്രശ്‌നവും 370-ാം വകുപ്പുമെല്ലാം. ഇപ്പോള്‍ 370-ാം വകുപ്പ് റദ്ദാക്കി, കാശ്മീരിനെ ദേശീയ മുഖ്യധാരയിലേക്ക് എത്തിച്ച നരേന്ദ്രമോദി സര്‍ ക്കാര്‍ ഗാന്ധിജിയുടെ സ്വപ്നമാണ് സാക്ഷാത്ക രിച്ചത്. എന്നിട്ടും സങ്കുചിത രാഷ്ട്രീയത്തിന്റെ പേരില്‍ ഇതിനെ എതിര്‍ത്ത് പാകിസ്ഥാന്റെ കൈയിലെ ചട്ടുകമാകുകയാണ് കോണ്‍ഗ്രസ്. അഴിമതിയെ ജീവിതശൈലിയാക്കിയ കോണ്‍ഗ്രസ്സുകാര്‍ക്കും കമ്മ്യൂണിസ്റ്റുകള്‍ക്കും ആര്‍.എസ്.എസ്സിനെ അടിക്കാനുള്ള ഒരു വടി മാത്രമാണ് ഗാന്ധിജിയെന്നതാണ് യാഥാര്‍ത്ഥ്യം.
കമ്മ്യൂണിസ്റ്റുകളെക്കുറിച്ച് ഗാന്ധിജിയ്ക്ക് കൃത്യമായ കാഴ്ചപ്പാടുകളുണ്ടായിരുന്നു. ‘സോവിയറ്റ് ഭരണം ബലപ്രയോഗത്തെ അടിസ്ഥാനമാക്കിയുള്ളതാണ്, അതിന്റെ വിജയത്തെക്കുറിച്ച് എനിക്ക് ബലമായ സംശയമുണ്ട്’ എന്ന് ഗാന്ധിജി 1932 ഏപ്രില്‍ മാസത്തില്‍ ലേബര്‍ മന്ത്‌ലിയില്‍ എഴുതി. ഇക്കാരണം കൊണ്ടാവാം ജീവിതകാലം മുഴുവന്‍ ഗാന്ധിജിയെ വര്‍ഗ്ഗശത്രുവായാണ് കമ്മ്യൂണിസ്റ്റുകാര്‍ കണ്ടത്. മദനിയെപ്പോലെ ഒരു മതമൗലികവാദി മാത്രമായിരുന്നു ഇ.എം.എസ്സിന് ഗാന്ധിജി. 1932ല്‍ കോണ്‍ഗ്രസ്സില്‍ പ്രവേശിച്ച ഇ.എം.എസ് അതിനുള്ളിലിരുന്ന് ഗാന്ധിജിക്കെതിരെ പ്രചരണം നടത്തിയ വ്യക്തിയാണ്. 1940 ജനു.20ന് മാതൃഭൂമിയില്‍ ഇ.എം.എസ്. നടത്തിയ ഗാന്ധിവിമര്‍ശനത്തിന് ഹരിജന്‍ വാരികയിലൂടെ ഗാന്ധിജി നല്‍കിയ മറുപടി ഗാന്ധിസാഹിത്യത്തിന്റെ 77-ാം വാല്യത്തില്‍ കാണാം. ഇവരാണ് ഇപ്പോള്‍ ഏറ്റവും വലിയ ഗാന്ധിസ്‌നേഹികളായി വേഷം കെട്ടുന്നത്.
സ്വദേശി, ദേശീയ വിദ്യാഭ്യാസം, ഗ്രാമവികസനം, ഗോസംരക്ഷണം തുടങ്ങിയ ഗാന്ധിജിയുടെ പല സ്വപ്നങ്ങളും ഇന്ന് ആരാണ് ഏറ്റെടുത്ത് നടത്തുന്നതെന്ന് ജനങ്ങള്‍ക്കറിയാം. ഗാന്ധിജിയുടെ നേരവകാശികള്‍ ആരാണെന്ന് ഭാരതജനതയ്ക്ക് കൃത്യമായി ബോധ്യമുണ്ട്. അതവര്‍ തിരഞ്ഞെടുപ്പുകളിലൂടെ പ്രകടിപ്പിക്കുന്നുമുണ്ട്.