Sunday, December 10, 2023
  • Subscribe
  • Buy Books
  • About Us
  • Contact Us
  • Advertise
  • Subscriber Lounge
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

  • Home
  • Subscribe
  • Buy Books
  • Kesari English
  • Subscriber Lounge
Home മുഖലേഖനം

സത്യജിത്ത് റായ് എന്ന പ്രസ്ഥാനം

യു.പി.സന്തോഷ്

Print Edition: 17 September 2021

ആസ്വദിക്കുംതോറും നവംനവങ്ങളായി അനുഭവപ്പെടുന്ന കലാസൃഷ്ടികളെയാണ് ക്‌ളാസ്സിക്കുകള്‍ എന്നു വിളിക്കുന്നത്. അത്തരം കലാവിഷ്‌കാരങ്ങളാണ് സത്യജിത്ത് റായിയുടെ സിനിമകള്‍. ലോകസിനിമയില്‍ ഇന്ത്യന്‍ സിനിമയ്ക്ക് മാന്യമായ ഒരു സ്ഥാനം നേടിക്കൊടുത്ത ആ ചലച്ചിത്രകാരന്റെ ജന്മശതാബ്ദിയാണിത്.

നല്ല സിനിമയെ സ്‌നേഹിക്കുന്ന ഓരോ ഇന്ത്യക്കാരന്റെയും സ്വകാര്യ അഹങ്കാരമാണ് സത്യജിത്ത് റായ്. ഇന്ത്യന്‍ സിനിമയിലേക്ക് ആധുനികതയുടെ നവോദയമാണ് സത്യജിത്ത് റായിയുടെ ആദ്യചിത്രമായ പഥേര്‍ പാഞ്ചാലി എന്ന് തിരിച്ചറിഞ്ഞുകൊണ്ടാവാം ഇന്ത്യന്‍ സിനിമയുടെ ചരിത്രം ‘പഥേര്‍ പാഞ്ചാലി’ക്ക് മുമ്പും പിമ്പും എന്ന് ചില സിനിമാചരിത്രകാരന്മാര്‍ വിഭജിച്ചത്. ‘സത്യജിത്ത് റായിയുടെ സിനിമകള്‍ കാണാതിരിക്കുന്നത് ഭൂമിയില്‍ ജീവിച്ചിരുന്നിട്ട് സൂര്യചന്ദ്രന്മാരെ കാണാത്തതിന് സമാനമാണ്’ എന്നാണ് ലോകപ്രശസ്ത ചലച്ചിത്രകാരനായ അകിര കുറസോവ പറഞ്ഞത്. സത്യജിത്ത് റായിയോടും അദ്ദേഹത്തിന്റെ സിനിമകളോടുമുള്ള ആരാധന മൂത്ത് മലയാളത്തിലെ ഒരു കവയിത്രി തന്റെ ഒരേയൊരു മകന് അപു എന്ന് പേരിട്ടു. റായിയുടെ പഥേര്‍ പാഞ്ചാലി, അപരാജിത, അപുര്‍ സന്‍സാര്‍ എന്നീ ചിത്രങ്ങളടങ്ങുന്ന അപു ത്രയത്തിലെ (Apu Trilogy) മുഖ്യകഥാപാത്രമായ അപുവിന്റെ പേര് മകന് നല്‍കിയത് വിജയലക്ഷ്മിയാണ്. വിഭൂതിഭൂഷന്‍ ബന്ദോപദ്ധ്യായയുടെ നോവലിനെ ആധാരമാക്കി സത്യജിത് റായി നിര്‍മ്മിച്ച ആ മൂന്ന് സിനിമകള്‍ ഇന്ത്യന്‍ മനസ്സിനെ അത്രയധികം സ്വാധീനിച്ചിട്ടുണ്ട്.

ഭാരതീയ സാഹചര്യങ്ങളുടെ എന്തെന്തെല്ലാം വൈവിധ്യങ്ങളും വൈചിത്ര്യങ്ങളുമാണ് റായി സിനിമകളില്‍ ഉള്ളടങ്ങിയിട്ടുള്ളതെന്ന് നാം അമ്പരക്കും. കൊളോണിയല്‍ കാലഘട്ടത്തിലെ സാമൂഹ്യപരിസരം, നവോത്ഥാന ചിന്തകള്‍, ആധുനികതയുടെ വേലിയേറ്റങ്ങളില്‍ അസ്വസ്ഥമാകുന്ന ഇന്ത്യന്‍ പഴമ… തുടങ്ങി ബഹുതല സ്പര്‍ശിയാണ് ആ സിനിമകളുടെ പ്രമേയങ്ങള്‍. ഒരേസമയം തദ്ദേശീയവും സാര്‍വ്വലൗകികവുമായ മനുഷ്യാവസ്ഥകളെ ആവിഷ്‌കരിക്കുന്ന ഈയൊരു കലാസമീപനം വംഗദേശത്തിന്റെ സാംസ്‌കാരിക സ്വത്വത്തിന്റെ തുടര്‍ച്ച തന്നെയാണ്.

കലാപാരമ്പര്യമുള്ള ഒരു കുടുംബത്തിലാണ് 1921 മെയ് 2-ന് സത്യജിത്ത് റായിയുടെ ജനനം. അദ്ദേഹത്തിന്റെ പിതാവ് സുകുമാര്‍ റായ് എഴുത്തുകാരനും ചിത്രകാരനും സംഗീതജ്ഞനും കുട്ടികള്‍ക്കായി പ്രസിദ്ധീകരിച്ചിരുന്ന സന്ദേശ് എന്ന മാസികയുടെ പത്രാധിപരുമായിരുന്നു. മുത്തച്ഛനും ഇത്തരം കലാപ്രവര്‍ത്തനങ്ങളിലൊക്കെ വ്യാപരിച്ചയാളായിരുന്നു. എന്നാല്‍ റായിക്ക് രണ്ടു വയസ്സുള്ളപ്പോള്‍ പിതാവ് മരിച്ചു. അമ്മ സുപ്രഭാ റായ് ആണ് സത്യജിത്ത് റായിയുടെ വ്യക്തിത്വത്തെ രൂപപ്പെടുത്തുന്നതില്‍ മുഖ്യപങ്ക് വഹിച്ചത്. അവര്‍ മകനെ സ്‌നേഹത്തോടെ മാണിക് (മാണിക്യം) എന്ന് വിളിച്ചു. ഈ പേര് അദ്ദേഹത്തിനൊപ്പം എക്കാലവുമുണ്ടായിരുന്നു. അടുത്തറിയുന്നവരെല്ലാം അദ്ദേഹത്തെ ആദരവോടെ മാണിക്ദാ എന്നും മാണിക് കാക്കാ എന്നും വിളിച്ചു. സുകുമാര്‍ റായിയുടെ മരണശേഷം സുപ്രഭയുടെ സഹോദരന്റെ വീട്ടിലാണ് അമ്മയും മകനും കഴിഞ്ഞത്. റായ് കുടുംബത്തിന് സ്വന്തമായുണ്ടായിരുന്ന പ്രിന്റിംഗ് പ്രസ് അന്യാധീനമായി. സുപ്രഭയ്ക്ക് ചെറിയൊരു ജോലി ഉണ്ടായിരുന്നതിനാല്‍ വലിയ ബുദ്ധിമുട്ടുകളൊന്നും കൂടാതെ അവര്‍ കഴിഞ്ഞു. സംഗീതജ്ഞയും കരകൗശല വിദഗ്ധയും നല്ലൊരു സാഹിത്യാസ്വാദകയുമായിരുന്നു സുപ്രഭാ റായ്. പിതാവ് വഴി ലഭിച്ച കലാപാരമ്പര്യത്തിന് പുറമെ കലാനിപുണയായ അമ്മയുടെ സാമീപ്യവും കൂടിയാണ് സത്യജിത്ത് റായിയിലെ കലാകാരനെ വളര്‍ത്തിയത്.

ഓണേഴ്‌സ് ബിരുദം നേടിയ ശേഷം 1940ല്‍ റായിയെ ചിത്രകല അഭ്യസിക്കാനായി ശാന്തിനികേതനിലേക്ക് അയച്ചത് അമ്മയാണ്. എന്നാല്‍ അവിടത്തെ കോഴ്‌സ് പൂര്‍ത്തിയാക്കുന്നതിന് മുമ്പ് തന്നെ അദ്ദേഹം കൊല്‍ക്കത്തയിലേക്ക് മടങ്ങി. കെയ്മര്‍ എന്ന ബ്രിട്ടീഷ് പരസ്യക്കമ്പനിയില്‍ വിഷ്വലൈസറായി ജോലിയില്‍ പ്രവേശിച്ചു. ഇവിടെ ജോലി ചെയ്യുന്ന കാലത്ത് നിരവധി ഹോളിവുഡ് സിനിമകള്‍ അദ്ദേഹം കാണുമായിരുന്നു. പല സിനിമകളും ഒന്നിലേറെ തവണ കണ്ട് സിനിമയുടെ നിര്‍മ്മാണരീതികള്‍ മനസ്സിലാക്കാന്‍ അദ്ദേഹം ശ്രമിച്ചു. സിനിമയോടുള്ള താത്പര്യം മൂര്‍ദ്ധന്യത്തില്‍ നില്‍ക്കുന്ന ആ കാലഘട്ടത്തില്‍ തന്നെയാണ് ഫിലിം സൊസൈറ്റിക്കും തുടക്കമിടുന്നത്. ചിദാനന്ദദാസ് ഗുപ്തയും മറ്റ് ചില സുഹൃത്തുക്കളുമായി ചേര്‍ന്നാണ് കൊല്‍ക്കത്ത ഫിലിം സൊസൈറ്റി എന്ന ഇന്ത്യയിലെ ആദ്യത്തെ ഫിലിം സൊസൈറ്റിക്ക് രൂപംകൊടുത്തത്. ഹോളിവുഡ് ചിത്രങ്ങള്‍ക്ക് പുറമെ മറ്റ് ലോകരാഷ്ട്രങ്ങളില്‍ നിന്നുള്ള ക്‌ളാസിക് സിനിമകള്‍ റായി കാണുന്നത് ഫിലിം സൊസൈറ്റിയിലൂടെയാണ്. ലോകസിനിമയിലെ പല പ്രമുഖ ചലച്ചിത്രകാരന്മാരെയും കൊല്‍ക്കത്തയിലെത്തിക്കാനും അവരുമായി സംവാദങ്ങള്‍ നടത്താനും സാധിക്കുകയും ചെയ്തു.

 

ഫ്രഞ്ച് ചലച്ചിത്രകാരനായ ഴാങ് റെന്വെ തന്റെ റിവര്‍ എന്ന സിനിമയ്ക്കായി ലോക്കേഷന്‍ തിരഞ്ഞ് കൊല്‍ക്കത്തയിലെത്തിയപ്പോള്‍ അദ്ദേഹവുമായി അടുത്ത ബന്ധം സ്ഥാപിക്കാന്‍ സത്യജിത്ത് റായിക്ക് കഴിഞ്ഞു. പഥേര്‍ പാഞ്ചാലി ചലച്ചിത്രമാക്കാനുള്ള തന്റെ ആഗ്രഹം റായ് ആദ്യം പ്രകടിപ്പിച്ചത് ചലച്ചിത്രാചാര്യനായ റെന്വെയോടായിരുന്നു. റെന്വെയോട് പഥേര്‍ പാഞ്ചാലിയെ കുറിച്ച് സംസാരിക്കുന്ന കാലത്ത് റായ് കെയ്മര്‍ കമ്പനിക്കു വേണ്ടി ആ നോവലിന്റെ സംഗ്രഹിത പതിപ്പ് ഇറക്കുന്നതിനായി ചിത്രങ്ങള്‍ വരച്ചിരുന്നു. ലൊക്കേഷന്‍ കണ്ട് തിരിച്ചു പോയ റെന്വെ കൊല്‍ക്കത്തയില്‍ വീണ്ടും എത്തി സിനിമയുടെ ഷൂട്ടിങ് ആരംഭിച്ചു. ആ സിനിമയുടെ ചിത്രീകരണത്തില്‍ റെന്വെയെ സഹായിക്കാന്‍ റായിയുടെ സുഹൃത്തുക്കളുമുണ്ടായിരുന്നു. പിന്നീട് പഥേര്‍ പാഞ്ചാലിയുടെ നിര്‍മ്മിതിയില്‍ ഒപ്പമുണ്ടായിരുന്ന ബന്‍സി ചന്ദ്ര ഗുപ്തയായിരുന്നു റിവറിന്റെ ആര്‍ട്ട് ഡയറക്ടര്‍. ഹരിസദന്‍ ദാസ് ഗുപ്ത സഹസംവിധായകനായി. പിന്നീട് റായി സിനിമകളുടെ ഛായാഗ്രാഹകനായ സുബ്രതോ മിത്രയായിരുന്നു റെന്വെയുടെ സിനിമയുടെ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍. ഴാങ് റെന്വെ എന്ന ചലച്ചിത്ര പ്രതിഭയുടെ കൂടെ അദ്ദേഹത്തിന്റെ സിനിമയുടെ ഭാഗമാകാന്‍ റായിയും ആഗ്രഹിച്ചിരുന്നെങ്കിലും അതിന് സാധിച്ചില്ല. കാരണം, ചിത്രീകരണ സമയത്താണ് കെയ്മര്‍ കമ്പനി റായിയെ നാലഞ്ച് മാസത്തെ പ്രത്യേക പരിശീലനത്തിനായി ലണ്ടനിലേക്ക് അയക്കുന്നത്.

1950ലാണ് റായ് ലണ്ടനിലേക്ക് പോകുന്നത്. അവിടെ വച്ച് അദ്ദേഹം ലോകത്തിലെ പ്രശസ്തരായ സംവിധായകരുടെ നൂറോളം സിനിമകള്‍ കണ്ടു. അക്കൂട്ടത്തില്‍ അദ്ദേഹത്തെ ഏറ്റവുമധികം സ്വാധീനിച്ചത് ഇറ്റാലിയന്‍ സംവിധായകനായ വിറ്റോറിയോ ഡിസീക്കയുടെ ‘ബൈസിക്കിള്‍ തീവ്‌സ്’ ആയിരുന്നു. പഥേര്‍ പാഞ്ചാലി എങ്ങനെയാണോ സിനിമയാക്കാന്‍ താന്‍ ഉദ്ദേശിച്ചത്, അതേരീതിയിലായിരുന്നു ബൈസിക്കിള്‍ തീവ്‌സ് എന്ന സിനിമ എന്ന് അത്ഭുതപ്പെട്ട കാര്യം സത്യജിത്ത് റായ് പറഞ്ഞിട്ടുണ്ട്. ബൈസിക്കിള്‍ തീവ്‌സില്‍ ഡിസീക്ക സ്വീകരിച്ച നിയോ റിയലിസ്റ്റ് രീതി അദ്ദേഹത്തെ ആകര്‍ഷിച്ചു. യഥാര്‍ത്ഥവും സ്വാഭാവികവുമായ ലൊക്കേഷനുകളില്‍, മേക്ക്അപ്പുകളില്ലാതെ, പുതുമുഖക്കാരായ അഭിനേതാക്കളെ വച്ച് പഥേര്‍ പാഞ്ചാലി ചിത്രീകരിക്കണമെന്നായിരുന്നു റായിയുടെ താത്പര്യം. നഗരത്തിലെ പച്ചയായ ജീവിതം യഥാര്‍ത്ഥ പരിസരത്ത് നിന്നുകൊണ്ട് ചിത്രീകരിച്ച ബൈസിക്കിള്‍ തീവ്‌സ് അതുകൊണ്ടാണ് അദ്ദേഹത്തെ അമ്പരപ്പിച്ചത്. ലണ്ടനില്‍ നിന്ന് കപ്പലിലുള്ള മടക്കയാത്രയില്‍ റായ് ഒരു നോട്ട്ബുക്കില്‍ പഥേര്‍ പാഞ്ചാലിയുടെ സിനിമാരൂപം കുറിച്ചിട്ടു. സിനിമയിലെ ദൃശ്യങ്ങള്‍ സ്‌കെച്ചുകളായി കുറിച്ചിട്ടതാണ് അദ്ദേഹത്തിന്റെ ആദ്യചിത്രത്തിന്റെ തിരക്കഥയ്ക്കുള്ള ആദ്യരൂപമായത്.

ഇന്ത്യയില്‍ തിരിച്ചെത്തിയ ഉടനെ പഥേര്‍ പാഞ്ചാലിയുടെ നിര്‍മ്മാണത്തിന് തുടക്കം കുറിച്ചെങ്കിലും ചിത്രം പൂര്‍ത്തിയാക്കാന്‍ സാധിച്ചത് 1955ല്‍ മാത്രമാണ്. സാമ്പത്തിക ബുദ്ധിമുട്ടുകാരണം പടം മുടങ്ങിയപ്പോള്‍ അന്നത്തെ ബംഗാള്‍ മുഖ്യമന്ത്രി ബി.സി. റോയിയെ ധനസഹായത്തിനായി സമീപിക്കുകയാണ് സത്യജിത്ത് റായി ചെയ്തത്. അങ്ങനെ സംസ്ഥാന സര്‍ക്കാര്‍ നിര്‍മ്മാണം ഏറ്റെടുക്കുകയും രണ്ട് ലക്ഷം രൂപ മുടക്കുകയും ചെയ്താണ് ചിത്രം പൂര്‍ത്തിയാക്കിയത്.

പഥേര്‍ പാഞ്ചാലി (1956), അപരാജിതോ (1956), അപുര്‍ സന്‍സാര്‍ (1959) എന്നീ ചിത്രങ്ങളടങ്ങിയ അപു ത്രയം അപു എന്ന പാവപ്പെട്ട ബ്രാഹ്മണയുവാവിന്റെ കഥയാണ്. ഒരു ദരിദ്രപുരോഹിതന്റെ മകനായ അപുവിന്റെ ബാല്യം മുതല്‍ യൗവനം വരെയുള്ള കാലഘട്ടത്തിലെ, ബംഗാളിലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തില്‍ നിന്ന് കൊല്‍ക്കത്ത നഗരത്തിലേക്കെത്തിച്ചേരുന്ന, അനുഭവങ്ങളിലൂടെയാണ് ഈ മൂന്ന് ചിത്രങ്ങളും കടന്നുപോകുന്നത്. അപുവിന് തന്റെ കൂടെയുള്ളവര്‍ ഓരോരുത്തരായി മരണത്തിന് കീഴടങ്ങുന്നതിന്റെ തിക്താനുഭവങ്ങള്‍ നേരിടേണ്ടി വരുന്നുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം ദശകമാണ് പഥേര്‍ പാഞ്ചാലിയുടെ കാലപരിസരം. സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെയൊക്കെ പശ്ചാത്തലത്തില്‍ തുടര്‍ന്നുള്ള ദശകങ്ങളിലുണ്ടാകുന്ന ഭാരതത്തിന്റെ ഉണര്‍വിനൊപ്പം ഉടലെടുക്കുന്ന പാരമ്പര്യവും ആധുനികതയും തമ്മിലുള്ള സംഘര്‍ഷം ഈ ചലച്ചിത്രത്രയത്തിലെ അന്തര്‍ധാരയാണ്.

രവീന്ദ്രനാഥ ടാഗൂര്‍ റായിയെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ചില സിനിമകള്‍ ടാഗോറിന്റെ കൃതികളെ അവലംബിച്ചായിരുന്നു. തനിക്ക് ഏറ്റവും സംതൃപ്തി നല്‍കിയ സിനിമയെന്ന് റായി തന്നെ ചൂണ്ടിക്കാട്ടുന്ന ചാരുലതയും (1964), മറ്റൊരു ചലച്ചിത്രത്രയമായ തീന്‍ കന്യ (1961- ടാഗോറിന്റെ പോസ്റ്റ് മാസ്റ്റര്‍, മൊണിഹാര, സമാപ്തി എന്നീ കഥകള്‍), ഘരേ ബൈരേ (1984) എന്നീ ചിത്രങ്ങള്‍ ടാഗൂര്‍ കൃതികളുടെ ചലച്ചിത്രാവിഷ്‌കാരങ്ങളാണ്.

പ്രതിധ്വന്ദി (1970), സീമാബദ്ധ (1971), ജന ആരണ്യ (1975) എന്നിവയാണ് അദ്ദേഹത്തിന്റെ മറ്റൊരു ചലച്ചിത്രത്രയം. എഴുപതുകളില്‍ നിര്‍മ്മിച്ച ഈ മൂന്ന് ചിത്രങ്ങളും മദ്ധ്യവര്‍ഗ യുവാക്കളുടെ തൊഴിലില്ലായ്മയെ പ്രമേയമാക്കിയവയാണ്. ജല്‍സാ ഘര്‍ (1958), ദേവി (1960), കാഞ്ചന്‍ജംഘ (1962), മഹാനഗര്‍ (1963), അരണ്യേര്‍ ദിന്‍ രാത്രി (1970), അഹ്‌സാനി സങ്കേത് (1973), സത്രഞ്ച് കേ കിലാഡി (1977), പിക്കൂ (1980), സദ്ഗതി (1981), ഗണശത്രു (1989), ശാഖാ പ്രൊശാഖ (1990), ആഗന്തുക് (1991) എന്നിവയാണ് മറ്റ് പ്രധാന സിനിമകള്‍. ഇവയ്ക്ക് പുറമെ മൂന്ന് ഹ്രസ്വകഥാചിത്രങ്ങളും അഞ്ച് ഡോക്യുമെന്ററികളും.

ആയിരത്തിത്തൊള്ളായിരത്തി അമ്പതുകളിലെയും അറുപതുകളിലെയും എഴുപതുകളിലെയും ബംഗാളിന്റെ പശ്ചാത്തലത്തിലാണ് റായിയുടെ മിക്ക ചിത്രങ്ങളും. ആ പശ്ചാത്തലമാകട്ടെ രാഷ്ട്രീയവും സാമൂഹികവുമായ അസ്വസ്ഥതകള്‍ നിറഞ്ഞതുമായിരുന്നു. ശുദ്ധകലയുടെ വക്താവ് എന്ന് ഒരു ആക്ഷേപമായി പലരും അദ്ദേഹത്തെ വിശേഷിപ്പിച്ചു കണ്ടിട്ടുണ്ട്. രാഷ്ട്രീയത്തെ പ്രത്യക്ഷമായി പ്രമേയവല്‍ക്കരിക്കാതിരുന്നതു കൊണ്ടാവാം ഈ ആക്ഷേപം. എന്നാല്‍ റായി സിനിമകളിലെ സൂക്ഷ്മരാഷ്ട്രീയത്തെയാണ് നാം തിരിച്ചറിയേണ്ടത്.

നെഹ്‌റു കുടുംബവുമായി നല്ല ബന്ധം പുലര്‍ത്തിയിരുന്നിട്ടും അടിയന്തരാവസ്ഥക്കെതിരെയുള്ള പരോക്ഷ വിമര്‍ശനം റായി തന്റെ സിനിമകളില്‍ ഉയര്‍ത്തി. എഴുപതുകളില്‍ ഭരണകൂട ഭീകരതയ്‌ക്കെതിരെയുള്ള ജനകീയ പ്രക്ഷോഭങ്ങളുടെയും തുടര്‍ന്നുള്ള അടിയന്തരാവസ്ഥയുടെയും അന്തരീക്ഷത്തെ പരോക്ഷമായി ഓര്‍മ്മിപ്പിക്കുന്നതിന് കുട്ടികളുടെ സിനിമ അദ്ദേഹം ഉപയോഗപ്പെടുത്തി. ഹീരക് രാജാര്‍ ദേശേ എന്ന സിനിമ അന്യാപദേശ രൂപത്തില്‍ അടിയന്തരാവസ്ഥയുടെ ജനവിരുദ്ധ രാഷ്ട്രീയത്തെയാണ് തുറന്നുകാട്ടിയത് (പിതാവിന്റെ പാരമ്പര്യം പിന്തുടര്‍ന്നുകൊണ്ട് നിരവധി ബാലസാഹിത്യകൃതികള്‍ രചിച്ച സത്യജിത്ത് റായി തന്റെ ഫെലുദാ എന്ന കഥാപാത്രത്തെ മുന്‍നിര്‍ത്തി കുട്ടികളുടെ സിനിമകളും നിര്‍മ്മിച്ചു. മഹാപുരുഷ്, ജോയ്ബാബാ ഫെലുനാഥ്, സോണാര്‍ കെല്ല എന്നിവ അദ്ദേഹം കുട്ടികള്‍ക്കു വേണ്ടിയുണ്ടാക്കിയ സിനിമകളാണ്). അടിയന്താരവസ്ഥക്കാലത്ത് സര്‍ക്കാരിന്റെ ഇരുപതിന പരിപാടിയെ കുറിച്ച് ഒരു പ്രചാരണ ഫിലിം നിര്‍മ്മിക്കാനുള്ള ഇന്ദിരാഗാന്ധിയുടെ അഭ്യര്‍ത്ഥന അദ്ദേഹം നിരസിച്ചത് ഏകാധിപത്യത്തിനും ജനവിരുദ്ധ രാഷ്ട്രീയത്തിനും എതിരായ തന്റെ നിലപാടിന്റെ ഭാഗമായാണ്.

1983ലാണ് അദ്ദേഹത്തിന് ഹൃദ്രോഗബാധയുണ്ടാകുന്നത്. ഡോക്ടര്‍മാര്‍ അദ്ദേഹത്തിന്റെ സിനിമാപ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി. അതിന് ശേഷം നിര്‍മ്മിച്ച ഘരെ ബൈരെ (1984) എന്ന ചിത്രത്തിന്റ ഔട്ട്‌ഡോര്‍ ചിത്രീകരണം മുഴുവന്‍ നിര്‍വ്വഹിച്ചത് മകന്‍ സന്ദീപ് റായിയാണ്. തുടര്‍ന്ന് സത്യജിത്ത് റായിയുടെ സിനിമകള്‍ക്ക് ഒരു ശൈലീമാറ്റം സംഭവിക്കുന്നുണ്ട്. പരമാവധി ഔട്ട്‌ഡോര്‍ ചിത്രീകരണങ്ങള്‍ ഒഴിവാക്കിക്കൊണ്ടുള്ള സിനിമകള്‍ മാത്രം ചെയ്യുക എന്ന നിഷ്‌കര്‍ഷ സ്വീകരിച്ചതുകൊണ്ടാണ് ഈ മാറ്റം. ഗണശത്രു (1989- ഇബ്‌സന്റെ എനിമി ഓഫ് പീപ്പിള്‍ എന്ന നാടകത്തെ അവലംബിച്ചുള്ള ചിത്രം), ശാഖാ പ്രൊശാഖ (1990), ആഗന്തുക് (1991) എന്നിവയാണ് റായി ഈ മാറ്റത്തിന്റെ കാലയളവില്‍ ചെയ്ത ചിത്രങ്ങള്‍. മഹാഭാരതത്തെ പ്രമേയമാക്കി സിനിമയെടുക്കാന്‍ അദ്ദേഹം ആഗ്രഹിച്ചിരുന്നു. ആ ആഗ്രഹം ബാക്കിവച്ചാണ് ആഗന്തുക് നിര്‍മ്മിച്ച് അടുത്ത വര്‍ഷം, 1992ല്‍ ഏപ്രില്‍ 23ന് അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞത്.

അക്ഷരാര്‍ത്ഥത്തില്‍ തന്നെ ഒരു സമ്പൂര്‍ണ കലാകാരനാണ് സത്യജിത്ത് റായ്. സ്വന്തം സിനിമയില്‍ സമ്പൂര്‍ണ ആധിപത്യം സ്ഥാപിക്കാന്‍ കഴിഞ്ഞു എന്നതാവാം അദ്ദേഹത്തിന്റെ വിജയം. സംവിധാനം, തിരക്കഥാരചന എന്നിവയ്‌ക്കൊപ്പം തന്റെ എല്ലാ ചിത്രങ്ങള്‍ക്കും ഛായാഗ്രഹണം, ചിത്രസംയോജനം, കലാസംവിധാനം തുടങ്ങിയ പ്രവൃത്തികളില്‍ സഹായിക്കുമായിരുന്നു അദ്ദേഹം. പശ്ചാത്തലസംഗീതം, ടൈറ്റില്‍ ഡിസൈനിംഗ് എന്നിവയൊക്കെ സ്വന്തമായി ചെയ്യുകയോ അതിന് സഹായിക്കുകയോ ചെയ്തിട്ടുണ്ട്. തന്റെ എല്ലാ ചിത്രങ്ങള്‍ക്കും പോസ്റ്ററുകള്‍ ഡിസൈന്‍ ചെയ്യുന്നതു പോലും റായ് ആയിരുന്നു. സിനിമയിലെ ആള്‍ റൗണ്ടര്‍ എന്നു വിശേഷിപ്പിക്കാവുന്ന മറ്റൊരു ചലച്ചിത്രകാരനെ നമുക്ക് കണ്ടെത്താനാവില്ല.

Tags: Satyajith RayRAYസത്യജിത്ത് റായ്
Share1TweetSendShare

Related Posts

പരിസ്ഥിതിസൗഹൃദ ശബരിമല തീര്‍ത്ഥാടനം

ഹരിതധീശ്വരനായ ഹരിഹരസുതന്‍

കേരളം കര്‍ഷകന്റെ ശവപ്പറമ്പായി മാറരുത്

വിശുദ്ധ വിളയെ കാക്കാന്‍ ജീവനേകുന്നവര്‍

കേരളം കര്‍ഷകരുടെ ആത്മഹത്യാ മുനമ്പാകുന്നോ?

ഹമാസിന്റെ സ്വന്തം കേരളം…..!

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 ₹250
  • RSS in Kerala: Saga of a Struggle ₹500
Follow @KesariWeekly

Latest

വിജയന്‍ സഖാവ് ഭരിക്കുമ്പോള്‍ ഇസ്രായേല്‍ എന്നു മിണ്ടരുത്

ഇന്നത്തെ ഗാസ നാളത്തെ കേരളം

വേലിയില്‍ കയറി നില്‍ക്കുന്ന മുസ്ലിംലീഗ്

ഹൃദയഭൂമിയിലെ വിജയകമലം

ശരണപാതയിലെ അശനിപാതങ്ങള്‍

പരിസ്ഥിതിസൗഹൃദ ശബരിമല തീര്‍ത്ഥാടനം

ഹരിതധീശ്വരനായ ഹരിഹരസുതന്‍

ആഗോള വിശപ്പ് സൂചിക 2023 ഒരു ഗൂഢാലോചനയോ?

ഗുരു വ്യാജ ഗാന്ധി രാഹുല്‍ ശിഷ്യന്‍ വ്യാജ ഐഡി കാര്‍ഡ് രാഹുല്‍!

മാവോയിസ്റ്റ് ഭീഷണി- കാലം തെറ്റിയ അപസ്വരങ്ങള്‍

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • History of Kesari
  • Editors
  • Photo Gallery
  • Buy Books
  • Subscribe Magazine
  • Support Us
  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscriber Lounge
  • Subscribe Print Edition
  • Buy Books
  • Log In
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies