കൊച്ചി: ഋഷിവര്യനും ശ്രീനാരായണഗുരുദേവ പരമ്പരയിലെ സന്ന്യാസി ശ്രേഷ്ഠനുമായ സ്വാമി പ്രകാശാനന്ദ ശിവഗിരി മഠത്തെ ലോകപ്രശസ്തമാക്കുന്നതില്‍ നിസ്തുലമായ പങ്കാണ് വഹിച്ചതെന്ന് ആര്‍.എസ്.എസ് പ്രാന്തകാര്യവാഹ് പി.എന്‍. ഈശ്വരന്‍ പറഞ്ഞു. സൗമ്യമായ പെരുമാറ്റവും അഗാധമായ പാണ്ഡിത്യവും ആയിരുന്നു പ്രകാശാനന്ദ സ്വാമിയുടെ പ്രത്യേകത. കേരളത്തിലെ ഹൈന്ദവ സംഘടനകള്‍ക്കും ഹൈന്ദവ മുന്നേറ്റത്തിനും മാര്‍ഗദര്‍ശനം നല്‍കിയ മഹാത്മാവായിരുന്നു അദ്ദേഹം. ശിവഗിരി മഠത്തിന്റെ വിശുദ്ധി കാത്തുസൂക്ഷിക്കുന്നതിന് അദ്ദേഹം നടത്തിയ തപസ്സും ത്യാഗവും ഏറെ വിലമതിക്കപ്പെട്ടതാണ്. വര്‍ഷങ്ങളോളം നീണ്ട മൗനവ്രതവും ദിവസങ്ങള്‍ നീണ്ടുനിന്ന ഉപവാസവും വൈദ്യശാസ്ത്രരംഗത്തെ പോലും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ധര്‍മ്മനിഷ്ഠയും നിശ്ചയദാര്‍ഢ്യവുമുള്ള ധന്യ ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. സ്വാമി പ്രകാശാനന്ദയുടെ വിയോഗം കേരളത്തിന് നികത്താനാവാത്തതാണ് – അദ്ദേഹം പറഞ്ഞു.