തിങ്കള്‍ എന്നു പറഞ്ഞാല്‍ സാധാരണക്കാര്‍ ആഴ്ചയിലെ രണ്ടാമത്തെ ദിവസമായിട്ടാണ് കരുതുക. അതു ശരിയുമാണ്. എന്നാല്‍ തിങ്കള്‍ എന്ന വാക്കിന് ചന്ദ്രന്‍ എന്നാണര്‍ത്ഥം. ഇംഗ്ലീഷിലെ Moon. മൂണിന്റെ ദിവസം Monday അഥവാ തിങ്കളിന്റെ ദിവസം ആയി. ആഴ്ചയില്‍ ഒന്നാമത്തെ ദിവസം ഞായറാണല്ലോ. ഞായര്‍ എന്നാല്‍ സൂര്യന്‍. Sun എന്നാണര്‍ത്ഥം. അങ്ങനെ സണ്‍ഡേയും മണ്‍ഡേയും ഉണ്ടായി. തുടര്‍ന്നുള്ള അഞ്ചു ദിവസങ്ങളും മറ്റു അഞ്ചുഗ്രഹങ്ങളുടെ പേരുമായാണ് ബന്ധപ്പെട്ടിരിക്കുന്നത് – ചൊവ്വ, ബുധന്‍, വ്യാഴം, വെള്ളി, ശനി ഇങ്ങനെ.
സൂര്യനെ ചുറ്റിക്കൊണ്ടിരിക്കയാണ് ഭൂമി. ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രന്‍ ഭൂമിയേയും ചുറ്റിക്കൊണ്ടിരിക്കുന്നു. ഒരു വട്ടം ചന്ദ്രനു ഭൂമിയെ ചുറ്റാന്‍ വേണ്ടത് 28 ദിവസമാണ്. അതിന്‍പ്രകാരമാണ് വെളുത്ത വാവും കറുത്തവാവും നമുക്കു അനുഭവമാകുന്നത്. അമൃതിനുവേണ്ടി പാലാഴി കടഞ്ഞപ്പോള്‍ കിട്ടിയ വസ്തുക്കളില്‍ ഒന്നാണ് ചന്ദ്രന്‍ എന്നു പുരാണങ്ങള്‍ പറയുന്നു. പൂര്‍ണ്ണചന്ദ്രനെ കണ്ടാലും തോന്നും അല്ലേ? ഉരുട്ടിവെച്ചവെണ്ണപോലെ, അമൃതകുംഭം പോലെ ചന്ദ്രന്‍!~മനസ്സിനും ശരീരത്തിനും കുളിര്‍മ്മതരുന്ന ചന്ദ്രന് അമൃതകിരണന്‍, സുധാകരന്‍, ഹിമകരന്‍, ഓഷധീശന്‍ എന്നൊക്കെ പേരുകളുണ്ട്.
ഭാരതീയ പുരാണങ്ങളില്‍, ദേവന്മാരിലൊരാളാണ് ചന്ദ്രന്‍. എല്ലാ ഗ്രഹങ്ങള്‍ക്കും ദേവപദവിയാണുള്ളത്. അവരെല്ലാം ജ്യോതിശാസ്ത്രവും ജ്യോതിഷവുമൊക്കെയായി ബന്ധപ്പെട്ടിരിക്കുന്നു. ഇരുപത്തിയേഴു ഭാര്യമാരുണ്ട് ചന്ദ്രന്! ദക്ഷപ്രജാപതിയുടെ മക്കളാണവര്‍. പേര് അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകീര്യം…. ഇങ്ങനെ രേവതി വരെയുള്ള 27 നക്ഷത്രങ്ങള്‍. പക്ഷെ, ചന്ദ്രന്‍ രോഹിണിയോടു കൂടെയാണെപ്പോഴും! അതേച്ചൊല്ലി മറ്റു മക്കള്‍ അച്ഛനോടു പരാതിപ്പെട്ടു. ദക്ഷന്‍ ചന്ദ്രനെ വിളിച്ചു, എല്ലാ ഭാര്യമാരെയും സമമായി കാണണമെന്ന് ശാസിച്ചെങ്കിലും ഫലമുണ്ടായില്ല. ദക്ഷന്‍ പിന്നെയും ചന്ദ്രനെ ശാസിച്ചു; ഒടുവില്‍ ശപിച്ചു – ”നിനക്കു ക്ഷയം പിടിക്കട്ടെ” എന്ന്!
ചന്ദ്രന്‍ ക്ഷയിക്കാന്‍ തുടങ്ങി. ഭൂമിയിലെ ഔഷധങ്ങളും ക്ഷയിച്ചു തുടങ്ങി. അപ്പോള്‍ ദേവന്മാര്‍ ഇടപെട്ടു ദക്ഷനെ ചെന്നു കണ്ടു. ദക്ഷന്‍ പറഞ്ഞു: ”സരസ്വതി തീര്‍ത്ഥത്തില്‍ മുങ്ങിയാല്‍ രോഗം മാറി അമൃതകല തെളിഞ്ഞു തെളിഞ്ഞു പൗര്‍ണ്ണമിയിലെത്താം.” അങ്ങനെ അല്പാല്പമായി കാണപ്പെടുന്നതിനെ ചന്ദ്രക്കലയെന്നോ ചന്ദ്രലേഖയെന്നോ വിളിക്കാം. ഇന്ദു എന്നാല്‍ ചന്ദ്രനാണ്. ഇന്ദുലേഖ ചന്ദ്രക്കലയും. മലയാളത്തിലെ പ്രശസ്തമായ നോവലിന്റെ പേര് ‘ഇന്ദുലേഖ’ എന്നാണ്. സ്ത്രീകള്‍ ദീര്‍ഘകാല ദാമ്പത്യഭാഗ്യത്തിനുവേണ്ടി തിങ്കളാഴ്ചവ്രതം നോക്കാറുണ്ട്. സോമവാരവ്രതം എന്നും പറയും. സോമന്‍ എന്നാല്‍ ചന്ദ്രന്‍ തന്നെ.ഭൂമിയില്‍ നിന്നു നോക്കുമ്പോള്‍ ചന്ദ്രനില്‍ ചില കറുത്തപാടുകള്‍ ഉള്ളതായി തോന്നും. അത് മാനിനെപ്പോലെയാണെന്നും അല്ല, മുയലിനെപ്പോലെയാണെന്നും ചിലര്‍ ഭാവന ചെയ്കയാല്‍ മൃഗാങ്കന്‍, ശശാങ്കന്‍ എന്നിങ്ങനെ പേരുകളുണ്ട് ചന്ദ്രന്. വിധു എന്നതും ചന്ദ്രന്റെ പേരത്രെ. വിവാഹിതരായ ഉടനെയുള്ള യുവതീയുവാക്കളുടെ മധുരം തുളുമ്പുന്ന കാലത്തിനെ അതിനാല്‍ മധുവിധു കാലം -Honey Moon- എന്നും വാഴ്ത്താറായി. നമുക്കിപ്പോള്‍ ചന്ദ്രനാമങ്ങള്‍ വാഴ്ത്താം:
ഇന്ദുവും തിങ്കളും ചന്ദ്രന്‍/ നക്ഷത്രേശന്‍ നിശാപതി
വിധുവും ശശിയും സോമന്‍/ഓഷധീശന്‍ സുധാകരന്‍.