ചേച്ചിയുടെ പിന്നാലെ സ്‌കൂളിലേക്കു പോകുമ്പോള്‍ പശു പ്രസവിക്കുന്നത് കണ്ടകാര്യം കൂട്ടുകാരോട് പറയണ്ടതിനെക്കുറിച്ചാണ് കണ്ണന്‍ ആലോചിച്ചത്.
സ്‌കൂളിലേയ്ക്കു പോകാന്‍ കണ്ണനെ കാത്ത് മധു അവന്റെ വീട്ടുപടിക്കല്‍ ചിലപ്പോള്‍ നില്‍ക്കാറുണ്ട്. ഒടിച്ചിട്ട ചെടിയുടെ കൊമ്പു കണ്ടപ്പോള്‍ മധു പോയെന്ന് മനസ്സിലായി. കൂട്ടൂകാര്‍ ആരെങ്കിലും വിളിച്ചാല്‍ കണ്ണനെ കാത്തുനില്‍ക്കാതെ അവരോടൊപ്പം ചിലപ്പോള്‍ അവന്‍ പോകാറുണ്ട്. പോയതിന്റെ അടയാളമായി വഴിയില്‍ ഏതെങ്കിലും ചെടിയുടെ കൊമ്പ് ഒടിച്ചിടും. മധു നേരത്തെ പോകുന്നത് സ്‌കൂളിനടുള്ള അമ്പലമുറ്റത്തുകയറി കളിക്കാ നാണ്. സ്‌കൂളിലെ കുട്ടികള്‍ക്ക് വിശാലമായ അമ്പലമുറ്റം സ്‌കൂള്‍ഗ്രൗണ്ടുപോലെ കളിക്കാനുള്ള ഇടമാണ്.
”എന്താ ലക്ഷ്മി വൈകിയത്…?” ഇടവഴിയില്‍ കാത്തുനിന്ന ചേച്ചിയുടെ കൂട്ടുകാരി തങ്കമണി ചോദിച്ചു.
അത് കേട്ടപ്പോള്‍ കണ്ണന് ദേഷ്യം വന്നു. താമസിച്ചതിന് കണ്ണനെ ചേച്ചി കുറ്റപ്പെടുത്തുമെന്ന് അവന് ഉറപ്പായിരുന്നു.
”കണ്ണനോട് ചോദിച്ചാ മതി.” കണ്ണനെ ഒളികണ്ണിട്ടു നോക്കി ക്കൊണ്ട് ചേച്ചി പറഞ്ഞു.
”ഞങ്ങടെ പശു പ്രസവിച്ചു..” ചേച്ചി പറയുന്നതിന് ഇടയില്‍കയറി കണ്ണന്‍ പറഞ്ഞു.
”പശുവിന്റെയും കുട്ടിയുടെ അടുത്തുനിന്ന് ഇവന്‍ വരണ്ടേ. രാവിലെ മുതല്‍ അതിന്റെ അടുത്താ…” ചേച്ചി പറഞ്ഞു.
ചേച്ചി പറഞ്ഞതൊന്നും അവന്‍ ശ്രദ്ധിച്ചില്ല. അവന്റെ മനസ്സില്‍ അപ്പോഴും പശുക്കുട്ടി മാത്രമായിരുന്നു. പശുവിന്റെ പിന്നില്‍നിന്നും പുറത്തേക്കുവന്ന പശുക്കുട്ടിയുടെ തലയും കാലും മനസ്സില്‍ മായാതെ കിടന്നു. താന്‍ കണ്ടതെല്ലാം കൂട്ടുകാരോട് എങ്ങനെ അവതരിപ്പിക്കണമെന്ന് ആലോചിച്ച് പരിസരംപോലും മറന്നാണ് അവന്‍ നടന്നത്. ചേച്ചിയും കൂട്ടുകാരിയും സംസാരത്തിനിടയ്ക്ക് ഉച്ചത്തില്‍ ചിരിച്ചപ്പോള്‍ അവര്‍ എന്തിനാണ് ചിരിച്ചതെന്നറിയാതെ അവന്‍ അവരെ നോക്കി.
സ്‌കൂളിലെത്തിയാല്‍ താന്‍ പറയുന്നത് കേള്‍ക്കാന്‍ കൂട്ടുകാര്‍ ചുറ്റുമിരിക്കുന്ന രംഗം സങ്കല്‍പ്പിച്ച പ്പോള്‍ കണ്ണന് സന്തോഷം അടക്കാന്‍ കഴിഞ്ഞില്ല. കൂട്ടുകാരൊന്നും കണ്ടിട്ടില്ലാത്ത കാഴ്ചയാണ് അവന്‍ കണ്ടത്. അതോര്‍ത്തപ്പോള്‍ അവന്റെ മുഖത്ത് ഒരു ചെറുചിരി അറിയാതെ വിടര്‍ന്നു. അതേക്കുറിച്ചു കൂട്ടുകാരോട് പറയുമ്പോള്‍ അവര്‍ക്കിടയില്‍ തനിക്ക് കിട്ടുന്ന അംഗീകാരത്തെക്കുറിച്ച് ആലോചിച്ചുകൊണ്ടാണ് അവന്‍ നടന്നത്.
സ്‌കൂളിലേയ്ക്കുള്ള പടികള്‍ കയറിയതും പെട്ടെന്ന് ചേച്ചിയെ പിന്നിലാക്കി കണ്ണന്‍ ക്ലാസ്സിലേ ക്കോടി. ബുക്കും പുസ്തകവും ബഞ്ചില്‍, അവന്‍ ഇരിക്കുന്ന സ്ഥലത്തു വച്ചു. കൂട്ടുകാരായ രാജനും ഉണ്ണിയും ഒന്നും ക്ലാസ്സില്‍ എത്തിയിട്ടില്ല. ബെല്ലടിക്കാന്‍ കുറെ സമയം കൂടിയുണ്ടെന്ന് സ്‌കൂള്‍ മുറ്റത്തെ നിഴല്‍ നോക്കിയ പ്പോള്‍ മനസ്സിലായി. രാവിലെ അമ്പലമുറ്റത്ത് കളിക്കാന്‍ കയറരു തെന്ന് അച്ഛന്‍ പറഞ്ഞിട്ടുള്ളതിനാല്‍ അമ്പലമുറ്റത്ത് കളിക്കുന്നവരുടെ കൂട്ടത്തില്‍ ആരൊക്കെ ഉണ്ടെന്നുപോലും നോക്കിയില്ല.
കൂട്ടുകാര്‍ വരുന്നതും കാത്ത് വരാന്തയില്‍ത്തന്നെ അവന്‍ നിന്നു. പശു പ്രസവിക്കുന്നതു തന്റെ കണ്ണു കൊണ്ട് കണ്ടെന്നു കൂട്ടുകാരോടു പറയാന്‍ അവന്‍ ക്ഷമയോടെ കാത്തുനില്‍ക്കുമ്പോഴാണ് ഉണ്ണിയും രാജനും ഗ്രൗണ്ടിലൂടെ സംസാരിച്ചു കൊണ്ട് വരുന്നത് കണ്ടത്. അവര്‍ ക്ലാസ്സില്‍ കയറുന്നതിനുമുമ്പുതന്നെ കണ്ണന്‍ അവരുടെ അടുത്തേക്കോടി.
”ഞങ്ങടെ പശു ഇന്നുരാവിലെ പെറ്റു. പശു പ്രസവിക്കുന്നത് ശരിക്കും ഞാന്‍ കണ്ടു.” കണ്ണന്‍ പറഞ്ഞു.
”ശരിക്കും നീ കണ്ടോ?” ഉണ്ണി അതിശയത്തോടെ കണ്ണനെ നോക്കി ചോദിച്ചു.
”ശരിക്കും കണ്ടു.” കണ്ണന്‍ പറഞ്ഞു.
(തുടരും)