ഭാരത് അഭിയാനിലൂടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഭാരതത്തിന്റെ മുഖച്ഛായ മാറ്റാനിറങ്ങിയത്. 1980കളില്‍ വയനാടിന്റെ മുഖച്ഛായ മാറ്റാന്‍ ഇറങ്ങിയ ഡോ.ധനഞ്ജയ് സഖ്‌ദേവ് തുടക്കം കുറിച്ചത് വനവാസികളെ ചികിത്സിച്ചുകൊണ്ടാണ്. അദ്ദേഹത്തിന് ഭരണസാരഥ്യമോ സര്‍ക്കാര്‍ സംവിധാനമോ കൂട്ടിനുണ്ടായിരുന്നില്ല. പകരം രാഷ്ട്രസേവനമെന്ന സംഘദൗത്യമായിരുന്നു കൈമുതലായി ഉണ്ടായിരുന്നത്.
മാറാരോഗങ്ങളുടെ ഇരകള്‍, ശുചിത്വബോധമില്ലാത്തവര്‍, വിദ്യാഭ്യാസം കിട്ടാത്തവര്‍, മദ്യത്തിന്റെ അടിമകള്‍, സ്വന്തം ഭൂമിയില്‍ നിന്ന് അന്യരാക്കപ്പെട്ടവര്‍, അടിമപ്പണിക്കാര്‍, സര്‍ക്കാര്‍ സംവിധാനത്തിന്റെ ക്ഷേമപദ്ധതികള്‍ ഉണ്ടെങ്കിലും അതൊന്നും ലഭിക്കാത്തവര്‍ – ഇതായിരുന്നു വയനാട്ടിലെ വനവാസികളുടെ അവസ്ഥ. അവരെ സേവിക്കാനും കൈപിടിച്ചുയര്‍ത്തുവാനുമാണ് ഡോക്ടര്‍ സഖ്‌ദേവ് നാഗപ്പൂരില്‍ നിന്നും വന്നത്. പ്രകൃതിയും കാലാവസ്ഥയും യോജിക്കാത്തത്. മലയാളഭാഷ അറിയില്ല; പണിയഭാഷയുടെ കാര്യം പറയുകയേവേണ്ട. ഫോണില്ല; റേഡിയോ പോലുമില്ല. റോഡ് സൗകര്യമില്ല. വൈദ്യുതിപോയാല്‍ എപ്പോള്‍ വരുമെന്നറിയില്ല. പ്രാഥമിക സൗകര്യം പോലുമില്ലാത്ത ഒറ്റമുറി താമസസ്ഥലം തന്നെയായിരുന്നു രോഗികളെ പരിശോധിക്കാനുള്ള മുറി. ഇങ്ങനെ അസൗകര്യങ്ങളുടെ പര്യായമായ സാഹചര്യത്തിലേക്കാണ് അദ്ദേഹം എത്തിയത്. എം.ബി.ബി.എസ് കഴിഞ്ഞ് മുംബൈയിലെ മികച്ച ആശുപത്രിയിലേതെങ്കിലുമൊന്നില്‍ പ്രാക്ടീസ് ചെയ്തു പണം സമ്പാദിക്കാനുള്ള അവസരം തട്ടിമാറ്റിയാണ് സംഘപ്രചാരകനായി താന്‍ പഠിച്ച വൈദ്യശാസ്ത്രം സമൂഹത്തിനു ഉപകാരപ്രദമാക്കണമെന്ന ഉദ്ദേശ്യത്തോടെ അദ്ദേഹം വയനാട്ടിലെ മുട്ടിലില്‍ എത്തുന്നത്. നാഗപ്പൂരില്‍ നിന്നും കേരളത്തിലെ വയനാട്ടിലെ കുഗ്രാമത്തിലേക്ക് സേവനവ്രതത്തോടെ എത്തിച്ചേരാന്‍ അദ്ദേഹത്തിനുള്ള പ്രേരണ എന്തായിരുന്നു?
വളരെ സൗമ്യനായി, ശാന്തനായി മാത്രം കാണുന്ന ഡോക്ടറുടെ മറുപടി ഒന്നുമാത്രം: ചെറുപ്പം മുതല്‍ സംഘശാഖയില്‍ നിന്നു ലഭിച്ച രാഷ്ട്രസേവ എന്ന സംസ്‌കാരം. അതുകൊണ്ടുതന്നെ വയനാട്ടിലെ കഷ്ടപ്പാടുകള്‍ അദ്ദേഹത്തിന് ജീവിതത്തിന്റെ ഭാഗമായി മാത്രമേ തോന്നിയുള്ളു. ഇതെല്ലാം പ്രതീക്ഷിച്ചുകൊണ്ടാണ് വന്നത് എന്ന് അദ്ദേഹം പറയുന്നു. അദ്ദേഹത്തിന്റെയും സഹപ്രവര്‍ത്തകരുടെയും ഭഗീരഥപ്രയത്‌നത്തിന്റെ ഫലമായി സര്‍ക്കാരിനോ മറ്റാര്‍ക്കെങ്കിലുമോ സാധിക്കാത്ത വികസനം വയനാട് ജില്ലയിലുണ്ടാക്കാന്‍ സാധിച്ചു. ആരോഗ്യരംഗത്തു മാത്രമല്ല, വിദ്യാഭ്യാസം, സ്വാവലംബനം, സാംസ്‌കാരിക നിലവാരം എന്നിവയിലെല്ലാം വയനാട്ടിന്റെ വളര്‍ച്ചയ്ക്ക് വിവേകാനന്ദ മെഡിക്കല്‍ മിഷന്‍ നല്‍കിയ സേവനം നിസ്തുലമാണ്. ക്ഷയം, അര്‍ബുദം, മദ്യപാനം, മയക്കുമരുന്ന് എന്നിവയ്ക്ക് അടിമപ്പെട്ടു കഴിഞ്ഞ ജനങ്ങളെ വലിയൊരളവോളം രക്ഷിക്കാനായി. ഓരോ വര്‍ഷവും 75000 പേര്‍ക്കാണ് മെഡിക്കല്‍ മിഷന്റെ ചികിത്സാസൗകര്യം ലഭിക്കുന്നത്. വനവാസി കോളനികളില്‍ മൊബൈല്‍ ചികിത്സാസംവിധാനങ്ങള്‍ എത്തുന്നു. ആശുപത്രി വീട്ടുപടിക്കലെത്തുന്നു എന്നതുകൊണ്ട് രോഗങ്ങളെ തുടക്കത്തിലേ ചികിത്സിച്ചുമാറ്റാന്‍ സഹായിക്കുന്നു. ഇത്തരത്തിലുള്ള അമ്പതിലേറെ സെന്ററുകള്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 35 കിടക്കകളുള്ള ആശുപത്രിയാണ് മുട്ടിലിലുള്ളത്. അവിടെ നേത്രരോഗം, കുട്ടികളുടെ ചികിത്സ, ഇ.എന്‍.ടി., ഗൈനക്കോളജി തുടങ്ങിയ വിഭാഗങ്ങളുണ്ട്. എക്‌സ്‌റേ, ലാബറട്ടറി തുടങ്ങിയ സംവിധാനങ്ങളുണ്ട്. മുട്ടിലില്‍ ഒരു വിദ്യാലയം പ്രവര്‍ത്തിക്കുന്നു. കൂടാതെ ജില്ലയില്‍ 125 ഓളം ഏകാദ്ധ്യാപക വിദ്യാലയങ്ങളും പ്രവര്‍ത്തിക്കുന്നു. വനവാസികളുടെ പരമ്പരാഗത കരകൗശല വിദ്യ സംരക്ഷിക്കാനുള്ള പരിശീലനം നല്‍കുക മാത്രമല്ല അതുവഴി അവരെ സ്വയംപര്യാപ്തരാക്കാനും ശ്രമിക്കുന്നു. തയ്യല്‍ പരിശീലനം നല്‍കുന്നു. ലൈബ്രറി, വായനശാല എന്നിവയും പ്രവര്‍ത്തിപ്പിക്കുന്നു. മറ്റുള്ളവരുടെ ചൂഷണത്തിനും മതംമാറ്റത്തിനും ഇരയാകാതെ സ്വന്തം സംസ്‌കാരത്തില്‍ ആത്മാഭിമാനമുള്ളവരാക്കി സ്വന്തം കാലില്‍ നില്‍ക്കുന്നവരായി അവരെ മാറ്റുന്നു.
നാല്പതുവര്‍ഷമായിട്ടും മുട്ടില്‍ വിവേകാനന്ദ മെഡിക്കല്‍ മിഷന്‍ ആശുപത്രിയെ ഒരു സൂപ്പര്‍ സ്‌പെഷ്യലിറ്റി ആശുപത്രിയാക്കാന്‍ ഡോ.ധനഞ്ജയ സഖ്‌ദേവോ ആശുപത്രി ഭാരവാഹികളോ ചിന്തിച്ചിട്ടുപോലുമില്ല. സംഘത്തിന്റെ മൂന്നാമത്തെ സര്‍സംഘചാലക് പൂജനീയ ദേവറസ്ജിയാണ് ഡോ.ധനഞ്ജയ് സഖ്‌ദേവിനെ വയനാട്ടിലേക്ക് സേവനത്തിനയച്ചത്. അദ്ദേഹം നല്‍കിയ ഒരു ഉപദേശം ഡോക്ടറുടെ മനസ്സില്‍ ഉണ്ട്. ‘ആശുപത്രിയുടെ വളര്‍ച്ച ഒരിക്കലും ലംബമായിരിക്കരുത്; തിരശ്ചീനമായിരിക്കണം’ എന്നതായിരുന്നു അത്. ആ ഉപദേശത്തില്‍ എല്ലാമുണ്ട്. വന്‍കെട്ടിടമുള്ള വന്‍കിട ആശുപത്രിയല്ല, ജനങ്ങളെ സേവിക്കുന്ന സാധാരണ ആശുപത്രി സമുച്ചയമാണ് വേണ്ടത് എന്ന ഉപദേശം. കൂടുതല്‍ പേരിലേയ്ക്ക് അവര്‍ക്ക് താങ്ങാവുന്ന ചിലവില്‍ ചികിത്സ എത്തിക്കാന്‍ അതാണ് ആവശ്യം.
ആശുപത്രിയോട് ചേര്‍ന്ന് ഒരു ധന്വന്തരി മന്ദിരമുണ്ട്. എല്ലാദിവസവും അവിടെ വിളക്ക് തെളിയിക്കും. ഒരു ഭജനമഠമാണത്. ധന്വന്തരി ജയന്തിയ്ക്ക് മാത്രം ശാസ്ത്രവിധി പ്രകാരം പൂജ നടത്തും. രോഗികളുടെ ആത്മീയമായ ആരോഗ്യം കൂടി പരിഗണിച്ചാണ് മന്ദിരം നിര്‍മ്മിച്ചത്.
അഞ്ചുവര്‍ഷത്തെ പ്രചാരകജീവിതത്തിനു ശേഷം നാട്ടിലേയ്ക്ക് തിരിച്ചുപോകാനായിരുന്നു ഡോക്ടറുടെ തീരുമാനം. എന്നാല്‍ അദ്ദേഹത്തിന്റെ സേവനം വയനാട്ടില്‍ തുടര്‍ന്നും ഉണ്ടാവണമെന്ന് കേരളത്തിലെ സംഘ അധികാരികള്‍ ആഗ്രഹിച്ചു. അദ്ദേഹത്തെ ഗൃഹസ്ഥാശ്രമിയായി വയനാട്ടില്‍ തന്നെ നിര്‍ത്താനുള്ള ശ്രമം ആരംഭിച്ചത് അന്നത്തെ പ്രാന്തപ്രചാരകനായ ആര്‍.ഹരിയാണ്. കോഴിക്കോട്ടെ കൊപ്ര വ്യാപാരിയും സ്വയംസേവകനുമായ ശ്രീരാം ഗുര്‍ജറുടെ മകള്‍ സുജാതയുമായുള്ള വിവാഹം നിശ്ചയിക്കാന്‍ അദ്ദേഹമാണ് മുന്നിട്ടിറങ്ങിയത്. അങ്ങനെ നാഗ്പൂരിന്റെ മകനായ ധനഞ്ജയ് സഖ്‌ദേവ് കേരളത്തിന്റെ മരുമകനായി മാറി. തന്റെ സേവന പ്രവര്‍ത്തനങ്ങളില്‍ താങ്ങായി സുജാത അദ്ദേഹത്തോടൊപ്പം നിന്നു. രണ്ടാമത്തെ മകള്‍ ഗായത്രി അച്ഛന്റെ പാതയില്‍ സാമൂഹ്യസേവനത്തിന് ഡോക്ടറുടെ തൊഴില്‍ സ്വീകരിച്ചു. കുറച്ചുകാലം മെഡിക്കല്‍ മിഷനില്‍ സേവനം ചെയ്തു. ഡോക്ടറുടെ സഹോദരന്മാര്‍ മിഷനുവേണ്ടി പണമയച്ചു കൊടുക്കുക മാത്രമല്ല പലരില്‍ നിന്നും പണം ശേഖരിച്ച് അയക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. രാഷ്ട്രസേവനമെന്ന ദൗത്യം നിശ്ശബ്ദമായി ആ കുടുംബം നിര്‍വ്വഹിച്ചുവരുന്നു. അമേരിക്കയിലുള്ള സഹോദരന്‍ വിവേകാണ് മെഡിക്കല്‍ മിഷന്റെ വെബ്‌സൈറ്റ് തയ്യാറാക്കിയത്.
ഡോക്ടര്‍ ധനഞ്ജയ് സഖ്‌ദേവിനു ലഭിച്ച പത്മശ്രീ പുരസ്‌കാരം ഒരേപോലെ വയനാടിനും നാഗപ്പൂരിനും ലഭിച്ച അംഗീകാരമാണ്. തങ്ങളുടെ നാട്ടുകാരന് ലഭിച്ച അംഗീകാരം എന്ന് നാഗപ്പൂര്‍ നിവാസികള്‍ അഭിമാനിക്കുന്നു. അവിടുത്തെ പത്രങ്ങള്‍ ആഘോഷിക്കുന്നു. ഇതേപോലെ കേരളത്തിലേയ്ക്ക് പത്മശ്രീയുടെ സൗരഭ്യം എത്തിച്ച ഡോക്ടറെക്കുറിച്ച് വയനാട്ടുകാരും അഭിമാനിക്കുന്നു. വയനാട്ടിലെ മദര്‍ എന്‍.ജ.ഒ എന്ന് വിവേകാനന്ദ മെഡിക്കല്‍ മിഷനു ലഭിച്ച അംഗീകാരം ദേശീയ ശ്രദ്ധയിലെത്തി എന്നാണ് ഇതു കാണിക്കുന്നത്.