സാമൂഹ്യനീതി എന്ന വാക്കിന്റെ അര്‍ത്ഥം സമൂഹത്തിലെ എല്ലാവര്‍ക്കും തുല്യനീതി എന്നാണെങ്കില്‍, അതല്ല കേരളത്തില്‍ നടക്കുന്നതെന്ന് ഒരിക്കല്‍ക്കൂടി തെളിയിക്കുന്നതാണ് ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിന്റെ വിഷയത്തില്‍ ഹൈക്കോടതിയില്‍ നിന്നുണ്ടായ വിധി. സംസ്ഥാനത്തെ ന്യൂനപക്ഷ സമുദായ വിദ്യാര്‍ത്ഥികള്‍ക്കുള്ള മെറിറ്റ് സ്‌കോളര്‍ഷിപ്പ് വിതരണത്തില്‍ നിലവില്‍ 80% മുസ്ലിം സമുദായത്തിനും 20% ലത്തീന്‍ കത്തോലിക്കാ, പരിവര്‍ത്തിത ക്രൈസ്തവ വിഭാഗങ്ങള്‍ക്കുമായി നല്‍കുന്ന സംസ്ഥാന സര്‍ക്കാര്‍ ഉത്തരവുകള്‍ നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നാണ് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാണിച്ചത്. വിധി വന്നതോടെ ഇത് നടപ്പാക്കണമെന്നും നടപ്പാക്കരുതെന്നുമുള്ള അഭിപ്രായങ്ങള്‍ ഇരുമുന്നണികള്‍ക്കുമകത്തുനിന്നും ഉണ്ടായി. ശബരിമല വിഷയത്തില്‍ സുപ്രീംകോടതി വിധി വന്നപ്പോള്‍ ധൃതി പിടിച്ച് ബലപ്രയോഗത്തിലൂടെ നടപ്പാക്കാന്‍ ശ്രമിച്ച ഇടത് സര്‍ക്കാര്‍ വിധി മുസ്ലിം സമുദായത്തിനെതിരായപ്പോള്‍ മതപ്രീണനത്തിന്റെ സകല അടവുനയങ്ങളും പുറത്തെടുക്കുകയാണ്. പഠിച്ചശേഷമേ വിധി നടപ്പാക്കൂ എന്നു പറയുകയും ഉടനെ സര്‍വ്വകക്ഷിയോഗം വിളിച്ച് വിദഗ്ദ്ധസമിതിയെ നിയമിക്കാന്‍ തീരുമാനിക്കുകയും ചെയ്ത സര്‍ക്കാര്‍ സാമൂഹ്യനീതിയിലെ പക്ഷപാതങ്ങളുടെ തനിപ്പകര്‍പ്പായി മാറിയിരിക്കുകയാണ്.
സംസ്ഥാനത്തെ ജനസംഖ്യാനുപാതം അനുസരിച്ച് ക്രൈസ്തവര്‍ക്ക് അര്‍ഹമായതു കണക്കിലെടുക്കാതെ, മുസ്ലിം വിഭാഗത്തിന് 80% സ്‌കോളര്‍ഷിപ്പ് നല്‍കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നാണ് കോടതിയുടെ കണ്ടെത്തല്‍. ന്യൂനപക്ഷ കമ്മീഷന്റെ നിയമവ്യവസ്ഥകളെ സര്‍ക്കാര്‍ ഉത്തരവു കൊണ്ടു മറികടക്കാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയിലെ പിന്നാക്കാവസ്ഥ വേര്‍തിരിച്ചു കാണിക്കാനുള്ള അധികാരം ദേശീയ, സംസ്ഥാന ന്യൂനപക്ഷകമ്മീഷനുകള്‍ക്കില്ല. ന്യൂനപക്ഷ വിഭാഗങ്ങളെ തുല്യമായാണ് പരിഗണിക്കേണ്ടത്. 2011ലെ സെന്‍സസ് പ്രകാരം 45.27% ആണ് കേരളത്തില്‍ ന്യൂനപക്ഷങ്ങള്‍. അതില്‍ 58.61% മുസ്ലീങ്ങളും 40.6% ക്രിസ്ത്യാനികളും 0.73% മറ്റു ന്യൂനപക്ഷങ്ങളുമാണ്. കണക്കുകള്‍ ഇങ്ങനെ ആയിരിക്കവേയാണ് ഇരുമുന്നണികളും 80% സ്‌കോളര്‍ഷിപ്പുകള്‍ വോട്ടുരാഷ്ട്രീയത്തിന്റെ ഭാഗമായി മുസ്ലിം സമുദായത്തിനു വാരിക്കോരി നല്‍കിയത്. ഇതിലെ സാമൂഹ്യ അനീതിയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
2005-ല്‍ മന്‍മോഹന്‍സിംഗ് സര്‍ക്കാരിന്റെ ഭരണകാലത്തു തുടങ്ങിയ വഴിവിട്ട മുസ്ലിം പ്രീണനത്തിന്റെ തുടര്‍ച്ചയായാണ് കേരളത്തില്‍ വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായ ഇടത് സര്‍ക്കാര്‍ പാലോളി കമ്മറ്റിയെ നിയമിച്ച് മുസ്ലിങ്ങള്‍ക്ക് പ്രത്യേകം ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചത്. മുസ്ലിങ്ങളുടെ സാമ്പത്തിക പിന്നാക്കാവസ്ഥയെ കുറിച്ച് പഠിച്ച് ശുപാര്‍ശകള്‍ സമര്‍പ്പിക്കാനാണ് ഈ കമ്മീഷനുകളെ നിയമിച്ചിരുന്നതെങ്കിലും അത്തരം സമഗ്രമോ ശാസ്ത്രീയമോ ആയ ഒരു പഠനവും നടത്താതെയാണ് മുസ്ലിങ്ങള്‍ പിന്നാക്കാവസ്ഥയിലാണെന്ന നിഗമനം നടത്തി ശുപാര്‍ശകള്‍ സമര്‍പ്പിച്ചത്. കേരളത്തിലെ മുസ്ലിങ്ങള്‍ മറ്റു സംസ്ഥാനങ്ങളിലെ മുസ്ലിങ്ങളെ അപേക്ഷിച്ച് വളരെ മെച്ചപ്പെട്ട നിലയിലാണെന്ന് സച്ചാര്‍ കമ്മറ്റി തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്ത് ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഉണ്ടാക്കിയത്. ഇത് മുസ്ലിങ്ങള്‍ കുത്തകയാക്കിവെച്ചതിനെ ക്രിസ്ത്യാനികള്‍ ചോദ്യം ചെയ്തതുകൊണ്ടാണ് ഇത്തവണ മുസ്ലിം വിഭാഗത്തില്‍ പെട്ട മന്ത്രിക്കു ആദ്യം നല്‍കിയ ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി തന്നെ നേരിട്ട് ഏറ്റെടുത്തത്. മുസ്ലിങ്ങളുടെ കാര്യത്തില്‍ മുഖ്യമന്ത്രിക്കുള്ള അമിതമായ താല്പര്യം പലകാര്യത്തിലും വ്യക്തമായിട്ടുള്ളതാണ്. 2018 മെയ് 19-ന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ മുഖ്യമന്ത്രി വിജയന്‍ വ്യക്തിപരമായി തന്നെ കേരളത്തിലെ മുസ്ലിങ്ങള്‍ക്കുവേണ്ടി നടപ്പാക്കുന്ന ക്ഷേമപദ്ധതികള്‍ വിശദീകരിച്ചിട്ടുണ്ട്. കോഴിക്കോട് മലബാര്‍ പാലസില്‍ നടത്തിയ മുസ്ലിംസംഘടനകളുടെ യോഗത്തില്‍ പങ്കെടുത്തതിനുശേഷമാണ് സ്‌കോളര്‍ഷിപ്പ് നടപ്പാക്കിയതുള്‍പ്പെടെയുള്ള പദ്ധതികള്‍ വിശദീകരിക്കുന്ന ഈ പോസ്റ്റ് ഇട്ടത്. ഈ പ്രഖ്യാപനങ്ങളെല്ലാം ഭരണഘടനാ വിരുദ്ധമാണെന്ന വസ്തുതയിലേക്കാണ് ഇപ്പോഴത്തെ ഹൈക്കോടതിവിധി വിരല്‍ചൂണ്ടുന്നത്. ഭരണഘടനാ വിരുദ്ധമായി പ്രവര്‍ത്തിക്കില്ലെന്നു സത്യപ്രതിജ്ഞ ചെയ്ത സര്‍ക്കാറിനു ഭരണത്തില്‍ തുടരാന്‍ അവകാശമില്ല.
ഭാരതത്തില്‍, പ്രത്യേകിച്ച് കേരളത്തില്‍ മുസ്ലിങ്ങള്‍ പിന്നാക്കാവസ്ഥയിലാണെന്നത് തെറ്റായ ഒരു നിഗമനമാണ്. പല മേഖലകളിലും അവര്‍ മറ്റു മതവിഭാഗങ്ങളെ അപേക്ഷിച്ച് മുന്‍പന്തിയിലാണ്. വിദ്യാഭ്യാസം, വ്യവസായം, വാണിജ്യം തുടങ്ങിയ എല്ലാ മേഖലകളിലും ഇതാണ് സ്ഥിതി. ഇത് സംബന്ധിച്ച് യാതൊരു പഠനവും നടത്താതെയാണ് മുന്നണി സര്‍ക്കാരുകള്‍ സ്‌കോളര്‍ഷിപ്പിന്റെ 80 ശതമാനവും മുസ്ലിം സമുദായത്തിനു നല്‍കിപ്പോന്നത്. കേരളത്തില്‍ ഇന്ന് ഏറ്റവും പിന്നാക്കാവസ്ഥയിലുള്ളത് പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗങ്ങളും മറ്റു പിന്നാക്ക വിഭാഗങ്ങളുമാണ്. ഇവരുടെ പ്രശ്‌നങ്ങളെക്കുറിച്ച് പഠിക്കാനും പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കാനും ഒരു കമ്മീഷനെ നിയമിക്കണമെന്ന് ഹിന്ദുസംഘടനകള്‍ കാലാകാലങ്ങളായി ആവശ്യപ്പെട്ടുവരികയാണ്. ഇക്കാര്യത്തില്‍ യാതൊരു നടപടിയും സ്വീകരിക്കാന്‍ ഇരുമുന്നണികളുടെയും സര്‍ക്കാരുകള്‍ തയ്യാറായിട്ടില്ല.
ശബരിമലവിഷയത്തില്‍ യുവതീപ്രവേശനത്തിന് അനുകൂലമായി സുപ്രീംകോടതി വിധി വന്നപ്പോള്‍ ഹിന്ദു സമൂഹത്തിന്റെ വികാരങ്ങള്‍ക്ക് ഒരു പരിഗണനയും വിജയന്‍ സര്‍ക്കാര്‍ നല്‍കിയിരുന്നില്ല. ശബരിമലയില്‍ ഭീകരാവസ്ഥ സൃഷ്ടിക്കുകയും അയ്യപ്പ ഭക്തരെ സന്നിധാനത്ത് വിരിവെക്കാന്‍ പോലും അനുവദിക്കാതെ മൃഗീയമായി വിരട്ടിയോടിക്കുകയുമായിരുന്നു ചെയ്തത്. സര്‍ക്കാര്‍ സമീപനത്തില്‍ പ്രതിഷേധിച്ച ആയിരക്കണക്കിന് ഭക്തരെ കള്ളക്കേസില്‍ കുടുക്കുകയും ലക്ഷക്കണക്കിന് രൂപ അവരില്‍ നിന്ന് പിഴ ഈടാക്കുകയും ചെയ്ത അതേ സര്‍ക്കാരാണ് ഇപ്പോള്‍ മുസ്ലിം പ്രീണനത്തിനുവേണ്ടി നടപ്പാക്കിയ പദ്ധതിക്കെതിരെ കോടതിവിധി ഉണ്ടായപ്പോള്‍ സമവായത്തിന് ശ്രമിക്കുന്നത്. സര്‍ക്കാരിന്റെ ഇരട്ടത്താപ്പാണ് ഇതിലൂടെ വ്യക്തമായത്. ഇരുമുന്നണികളിലേയും മുസ്ലിം സംഘടനകള്‍ വിധി നടപ്പാക്കരുതെന്നും ക്രിസ്ത്യന്‍ സംഘടനകള്‍ നടപ്പാക്കണമെന്നും ആവശ്യപ്പെടുമ്പോള്‍ സര്‍ക്കാര്‍ എന്ത് പരിഹാരമാണ് ഉണ്ടാക്കാന്‍ പോകുന്നതെന്ന് കാത്തിരുന്ന് കാണാം. എന്തായാലും ഈ വിഷയത്തില്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ പോയാലും രക്ഷയില്ല എന്ന അഭിപ്രായമാണ് നിയമവിദഗ്ദ്ധര്‍ക്കുള്ളത്.