ടോയ്ട്രെയിനാണ്. പക്ഷെ കളിപ്പാട്ടമല്ല. ശരിക്കുമുള്ള യാത്രാവണ്ടി. പശ്ചിമബംഗാളിലെ ഡാര്‍ജിലിങ്ങില്‍. വലിയ പര്‍വതങ്ങളും അതിന്റെ ചെരിവുകളും താഴ്വരകളും അടങ്ങിയ വടക്കന്‍ ജില്ല. ഹിമാലയത്തിലെ ശിവാലിക് മലനിരകളില്‍ ഉള്ള നഗരം. അവിടെയാണ് കൗതുകങ്ങള്‍ നിറഞ്ഞ ‘ഡാര്‍ജിലിങ്ങ് ഹിമാലയന്‍ തീവണ്ടിപ്പാത’ Himalayan Railway – DHR). വെറും രണ്ടടി മാത്രം വീതിയുള്ള മീറ്റര്‍ ഗേജ് റെയില്‍വേ (610 മി.മീ). ഊട്ടിയിലേതിനേക്കാള് കുറഞ്ഞ വീതി. സിലിഗുരി നഗരത്തിലെ ന്യൂ ജല്‍പായ്ഗുരിക്കും ഡാര്‍ജിലിങ്ങിനും ഇടയില്‍ എണ്‍പത്തെട്ട് കിലോ മീറ്റര്‍ (55 മൈല്‍) ദൂരത്തില്‍. ടിബറ്റന്ഭാഷയില് ‘ഇടിവെട്ട്’ എന്ന അര്‍ത്ഥമുള്ള ‘ഡോര്‍ജെ’, സ്ഥലം എന്നര്‍ത്ഥമുള്ള ‘ലിങ്ങ്’ എന്നീ വാക്കുകള്‍ കൂടിച്ചേര്‍ന്നാണ് ‘ഡാര്‍ജിലിങ്ങ്’ എന്ന പേരുണ്ടായത്. ഇടിവെട്ടിന്റെ നാട്. ഭാരതത്തിലെ പ്രധാന സുഖവാസകേന്ദ്രങ്ങളില്‍ ഒന്ന്. സഞ്ചാരികളുടെ ഇഷ്ടസങ്കേതം. ലോകത്തിലെ ഏറ്റവും ജനപ്രിയമായ തേയില (ഡാര്‍ജിലിങ്ങ് ടീ) ഉത്പാദിപ്പുക്കുന്ന പ്രദേശം.
സമുദ്രനിരപ്പില്‍നിന്ന് 100 മീറ്റര്‍ ഉയരമുള്ള സ്ഥലമാണ് ന്യൂ ജല്‍പായ്ഗുരി. ഡാര്‍ജിലിങ്ങ് ആവട്ടെ സമുദ്രനിരപ്പില്‍നിന്ന് 2200 മീറ്റര്‍ ഉയരത്തിലും. തട്ടുതട്ടുകളായി സ്ഥിതിചെയ്യുന്ന ഡാര്‍ജിലിങ്ങില്‍ മലനിരകളെച്ചുറ്റിയുള്ള റോഡിനു ഏതാണ്ട് സമാന്തരമായാണ് റെയിലും ഉള്ളത്. പര്‍വതങ്ങളുടെ ചെരിവിലുള്ള തട്ടുകളിലാണ് വീടുകളും കടകളും മറ്റു കെട്ടിടങ്ങളും തെരുവുകളും റോഡും റെയില്‍പ്പാതയും പരസ്പരം തൊട്ടുതൊട്ടു കെട്ടുപിണഞ്ഞു കിടക്കുന്നത്. രണ്ടടി മാത്രം വീതിയുള്ള മീറ്റര്‍ഗേജ് പാതയായതിനാല്‍ വീട്ടുമുറ്റങ്ങളിലൂടെയും കടത്തിണ്ണയോടു ചേര്‍ന്നും റോഡിന്റെ ഓരംപറ്റിയും ആണ് റെയില്‍പ്പാത പോവുന്നത്. ഒരു തട്ടില്‍നിന്ന് ചുറ്റിക്കയറി അടുത്ത തട്ടിലെത്തും. അവിടെനിന്ന് ചുറ്റിക്കയറി മറ്റൊന്നില്‍. അങ്ങനെ ആറ് സിഗ്സാഗുകളും (വളവുതിരിവുകള്‍) അഞ്ച് ലൂപ്പുകളും (മടക്കുകള്‍) ഉപയോഗിച്ചുള്ള കയറ്റം.
1999 ല്‍ യുനെസ്കോയുടെ ലോകപൈതൃകപ്പട്ടികയില്‍ ഇടം നേടിയ ഡാര്‍ജിലിങ്ങ് ഹിമാലയന്‍ തീവണ്ടിപ്പാത 1879 നും 1881 നും ഇടയിലാണ് പണിതത്. ഡാര്‍ജിലിങ്ങ് മുതല്‍ ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന റെയില്‍വേ സ്റ്റേഷനായ ‘ഘും’ വരെ ദിവസേനയുള്ള ടൂറിസ്റ്റ് ട്രെയിനുകള്‍. ഡാര്‍ജിലിങ്ങ് മുതല്‍ കുര്‍സിയോങ് വരെയുള്ള സ്റ്റീം ഹോള്‍ഡ് റെഡ്പാണ്ട സര്‍വീസും. പഴയ ബ്രിട്ടീഷ് നിര്‍മ്മിത ആവിയന്ത്രം. ഡാര്‍ജിലിങ്ങ് മെയിന്‍ ട്രെയിന്‍ മാത്രം ഡീസല്‍ എഞ്ചിനാണ്.
ഡാര്‍ജിലിങ്ങിന്റെ മനോഹാരിത മുഴുവന്‍ കണ്ടുകണ്ട് യാത്ര ചെയ്യാം ഈ കൊച്ചുതീവണ്ടിയില്. ഡാര്‍ജിലിങ്ങിലെ പ്രകൃതിഭംഗി. ദൂരെ രജതകിരീടമണിഞ്ഞ് തലയുയര്‍ത്തി നില്ക്കുന്ന കാഞ്ചന്‍ജംഗ. മേഘങ്ങളില്ലാത്ത തെളിഞ്ഞ ആകാശമാണെങ്കില്‍ അങ്ങകലെ പൊട്ടുപോലെ തിളങ്ങുന്ന എവറസ്റ്റ് ശിഖരം. ടിബറ്റിലെ ചുമാല് റി പര്‍വതം. ടൈഗര്ക്കുന്നുകളും അതി നോടു ചേര്‍ന്നുള്ള സെഞ്ചല്‍ വന്യജീവി സങ്കേതവും. മലഞ്ചെരിവുകള്‍ക്കു വെള്ളപ്പുടവ ചുറ്റിയതുപോലുള്ള ടീസ്റ്റാനദി. ഒപ്പം അവിടവിടെയായി മഹാനന്ദ നദി, ബാലസണ്‍ നദി, മേച്ചി നദി എന്നിവയുടെ ദൃശ്യങ്ങളും. മലകളും മലഞ്ചരിവുകളും താഴ്വരകളും തേയിലത്തോട്ടങ്ങളും. ഡാര്‍ജിലിങ്ങിലെ വീടുകള്‍, തെരുവുകള്‍, ദേവാലയങ്ങള്‍, ചെറിയ തൊഴില്‍ശാലകള്‍, കൃഷിയിടങ്ങള്‍, ജനജീവിതം. എല്ലാം കാണാം. വേഗതകുറഞ്ഞ് കറങ്ങിയും വളഞ്ഞുതിരിഞ്ഞുമുള്ള സഞ്ചാരം. കൂകിവിളിച്ച് പുകതുപ്പിപ്പായുന്ന കുചുകുചു വണ്ടി.