എല്‍.ഡി.എഫിന്റെ തുടര്‍ഭരണം ഉറപ്പായിട്ടില്ലെങ്കിലും അധികാരത്തിന്റെ ലഹരിമൂത്ത സി.പി.എമ്മുകാര്‍ കൊലപാതകരാഷ്ട്രീയം തുടരുമെന്ന് കേരളത്തിലെ ജനങ്ങള്‍ക്ക് ഉറപ്പു നല്‍കിയിരിക്കുകയാണ്. അധികാരമുള്ള സംസ്ഥാനത്തു പോലും നീതിന്യായ സംവിധാനത്തിലോ ക്രമസമാധാനപാലകരിലോ വിശ്വാസമില്ലാത്ത ഇക്കൂട്ടര്‍ പാര്‍ട്ടിക്കോടതിയുടെ കല്പനകള്‍ ഓരോന്നായി നടപ്പാക്കാന്‍ ആരംഭിച്ചിരിക്കുന്നു. വോട്ടെടുപ്പു കഴിഞ്ഞതോടെ സംസ്ഥാനത്ത് വ്യാപകമായി അരങ്ങേറിയ അക്രമസംഭവങ്ങളും പാനൂരിലെ മുസ്ലിം ലീഗനുഭാവിയായ യുവാവിന്റെ പൈശാചികമായ കൊലപാതകവും കിറ്റും വാങ്ങി തുടര്‍ഭരണം നുണയാന്‍ കാത്തിരുന്ന ജനങ്ങളുടെ മുന്നില്‍ കമ്മ്യൂണിസ്റ്റ് കാപാലികന്മാരുടെ തനിനിറം ഒരിക്കല്‍ക്കൂടി വെളിപ്പെടുത്തിയിരിക്കുകയാണ്. കൊല്ലാനും കൈകാലുകള്‍ വെട്ടാനും മാരകമായി വെട്ടിപ്പരിക്കേല്പിക്കാനും കയ്യറപ്പില്ലാത്ത ഈ മനുഷ്യമൃഗങ്ങള്‍ മുഴുവന്‍ കേരളത്തിനും അപമാനവും ശാപവുമാണ്. ജനാധിപത്യത്തില്‍ ഒട്ടും വിശ്വാസമില്ലാത്ത ക്രിമിനല്‍ സംഘമാണ് യഥാര്‍ത്ഥത്തില്‍ സി.പി.എം. ഇത് അവര്‍ മുമ്പു പല തവണ തെളിയിച്ചിട്ടുള്ളതുമാണ്. കാലഹരണപ്പെട്ട ഒരു പ്രത്യയശാസ്ത്രത്തിന്റെ പേരിലായിരിക്കില്ല ഭാവിയില്‍ കേരളചരിത്രം ഇവരെ രേഖപ്പെടുത്തുക. മറിച്ച് കേരളീയ സമൂഹത്തില്‍ അസ്വസ്ഥത പരത്തിയ, അനേകം പേരുടെ ജീവനെടുത്ത കാട്ടാളത്തത്തിന്റെ പേരിലായിരിക്കും. ഇസ്‌ലാമിക തീവ്രവാദ സംഘടനയെയും കൂടെ കൂട്ടിയാണ് ഇപ്പോള്‍ ഈ അരാജകവാദികള്‍ സംസ്ഥാനത്ത് ഉടനീളം അഴിഞ്ഞാടുന്നത്.
തിരഞ്ഞെടുപ്പു പ്രചരണം ആരംഭിക്കുന്നതിനുമുമ്പു നടന്ന ചില മാധ്യമ സര്‍വ്വെകളില്‍ ഇടതുപക്ഷത്തിന് തുടര്‍ഭരണം പ്രവചിച്ചതാണ് കമ്മ്യൂണിസ്റ്റുകളെ ഇത്ര അഹങ്കാരികളാക്കി മാറ്റിയത്. കോടികള്‍ ചെലവഴിച്ചു നടത്തിയ പി.ആര്‍.വര്‍ക്കിന്റെ പരിണതഫലമായിരുന്നു ഈ സര്‍വ്വെകള്‍. കോടികള്‍ കണ്ട് മഞ്ഞളിച്ച ചില മാധ്യമങ്ങള്‍ യജമാനനെ കാണുമ്പോള്‍ വാലാട്ടുന്ന ശ്വാനന്മാരെ പോലെ നടത്തിയ ഒരു വൃഥാവ്യായാമം മാത്രമായിരുന്നു ഈ സര്‍വ്വെകള്‍ എന്നറിയാന്‍ നമുക്ക് മെയ് രണ്ടു വരെ കാത്തിരിക്കാം. തിരഞ്ഞെടുപ്പു പ്രചരണം ശക്തമാകുകയും പതിവില്‍നിന്നു വിപരീതമായി നിരവധി മണ്ഡലങ്ങളില്‍ എന്‍.ഡി.എ വിജയസാദ്ധ്യതയോടെ നിലയുറപ്പിക്കുകയും ചെയ്തതോടെ സി.പി.എമ്മും അവര്‍ക്ക് ഓശാന പാടുന്ന മാധ്യമങ്ങളും അപകടം മണത്തു. പിന്നെ കണ്ടത് പരാജയഭീതിയോടെയുള്ള നെട്ടോട്ടമാണ്. ഇതിന്റെ ഒടുവിലാണ് അക്രമസംഭവങ്ങള്‍ അരങ്ങേറുന്നത്. വോട്ടര്‍ പട്ടികയില്‍ ലക്ഷക്കണക്കിനു വ്യാജവോട്ടുകള്‍ ചേര്‍ത്തും വ്യാപകമായി കള്ളവോട്ടുകള്‍ ചെയ്തും തിരഞ്ഞെടുപ്പു പ്രക്രിയയെ തന്നെ അട്ടിമറിക്കാനുള്ള ശ്രമമാണ് ഭരണകക്ഷിയായ സി.പി.എം നടത്തിയത്. കഴിഞ്ഞ അഞ്ചു വര്‍ഷക്കാലത്തെ ജനങ്ങളോടുള്ള ധാര്‍ഷ്ട്യവും വമ്പിച്ച അഴിമതിയും ധൂര്‍ത്തും സ്വര്‍ണ്ണക്കടത്തും സ്വജനപക്ഷപാതവും പിന്‍വാതില്‍ നിയമനവുമൊക്കെ അത്രവേഗം ജനങ്ങള്‍ മറക്കില്ലെന്ന് സി.പി.എമ്മിന് ഉറപ്പുണ്ടായിരുന്നു. കിറ്റുകൊണ്ടും ക്ഷേമപെന്‍ഷനുകള്‍ കൊണ്ടും ഇതിനെല്ലാം തടയിടാമെന്ന വ്യാമോഹം തകര്‍ന്നതും കമ്മ്യൂണിസ്റ്റുകാരെ നിരാശയിലാഴ്ത്തി.
പാനൂരിലെ ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകം ആസൂത്രിതവും കണ്ണൂരിലെ സി.പി. എം നേതൃത്വം നേരിട്ട് ഇടപെട്ട് നടപ്പാക്കിയതുമാണെന്നതിന് ഒട്ടേറെ സൂചനകള്‍ പുറത്തുവന്നിട്ടുണ്ട്. കള്ളവോട്ട് തടയാന്‍ ശ്രമിച്ചതിന്റെ പകയാണ് സി.പി.എം മേലാളന്മാരെ പാര്‍ട്ടിക്കോടതി വിധി നടപ്പാക്കി ഒരു യുവാവിനെ കാലപൂരിക്കയക്കാന്‍ പ്രേരിപ്പിച്ചത്. ആക്രമണത്തിന് മുന്നോടിയായി പതിവുപോലെ സമൂഹമാധ്യമങ്ങളില്‍ സി.പി.എമ്മുകാര്‍ പ്രകോപനപരമായ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചിരുന്നു. സംഭവദിവസം ഡി.വൈ.എഫ്.ഐ പാനൂര്‍ മേഖലാ ട്രഷററുടെ വാട്‌സാപ്പ് സ്റ്റാറ്റസ് ഇങ്ങനെയായിരുന്നു: ”സഖാവിനെ ആക്രമിച്ച മുസ്‌ലിംലീഗിന്റെ ചെന്നായക്കൂട്ടങ്ങളെ, നിങ്ങള്‍ ഈ ദിവസം വര്‍ഷങ്ങളോളം ഓര്‍ത്തുവെയ്ക്കും, ഉറപ്പ്.” അതുപോലെ ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകത്തിനുശേഷം പി.ജയരാജന്റെ മകന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് ‘ഇരന്നുവാങ്ങുന്നത് ശീലമായിപ്പോയി’ എന്നായിരുന്നു. ഇത്ര പൈശാചികമായ ഒരു കൊല നടന്നിട്ടും നാട്ടുകാര്‍ പിടിച്ചുകൊടുത്ത ഒരു ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ മാത്രമാണ് പോലീസ് പിടിച്ചത്. സി.പി.എം ഭരണത്തിലെ പോലീസിന്റെ നിഷ്‌ക്രിയത ഈ സംഭവത്തിലും പ്രകടമാണ്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ 14 കൊലപാതകങ്ങളാണ് കണ്ണൂര്‍ ജില്ലയില്‍ മാത്രം ഉണ്ടായത്. കണ്ണൂരിലെ കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കാന്‍ ശ്രീ എം നടത്തിയ സി.പി.എം. – ആര്‍.എസ്. എസ് ചര്‍ച്ചകള്‍ ഈയിടെ വാര്‍ത്തകളില്‍ സ്ഥാനം പിടിച്ചിരുന്നുവെങ്കിലും കൊലപാതക രാഷ്ട്രീയത്തില്‍ നിന്ന് സി.പി.എം പിന്നോട്ടില്ലെന്ന സൂചനയാണ് പാനൂര്‍ സംഭവം നല്‍കുന്നത്.
എന്‍.ഡി.എ സ്ഥാനാര്‍ത്ഥികളെയും ബി.ജെ. പി. പ്രവര്‍ത്തകരെയും ആക്രമിച്ച നിരവധി സംഭവങ്ങള്‍ തിരഞ്ഞെടുപ്പിനെ തുടര്‍ന്നു സംസ്ഥാനത്തുടനീളം ഉണ്ടായി. തിരഞ്ഞെടുപ്പു ദിവസം കഴക്കൂട്ടം മണ്ഡലത്തിലെ കാട്ടായിക്കോണത്ത് ബൂത്ത് കെട്ടി ഇരുന്നതിനാണ് വനിതകളടക്കമുള്ള ബി.ജെ.പി. പ്രവര്‍ത്തകരെ സിപിഎമ്മുകാര്‍ പട്ടാപ്പകല്‍, പോലീസിന്റെ സാന്നിദ്ധ്യത്തില്‍ ആക്രമിക്കുകയും കത്തികൊണ്ട് വനിതാ പ്രവര്‍ത്തകയുടെ കൈയില്‍ വരയുകയുമൊക്കെ ചെയ്തത്. കേന്ദ്രസേന എത്തിയശേഷം മാത്രമാണ് അക്രമികളായ സി.പി. എമ്മുകാരെ അറസ്റ്റു ചെയ്യാന്‍ സംസ്ഥാന പോലീസ് തയ്യാറായത്. ഗര്‍ഭിണിയടക്കമുള്ള കുടുംബത്തെ വീട്ടില്‍ കയറി മര്‍ദ്ദിച്ചു. കാസര്‍കോട് യുവമോര്‍ച്ച വൈസ് പ്രസിഡന്റിനെ മാരകമായി വെട്ടി പരിക്കേല്‍പിച്ചു. കൊല്ലത്ത് ബി.ജെ.പി പ്രവര്‍ത്തകന്റെ വീടാക്രമിക്കാന്‍ വന്ന ഡി.വൈ.എഫ്.ഐക്കാരന് കൈയിലിരുന്ന ബോംബ് പൊട്ടി ഗുരുതര പരിക്കുപറ്റിയിരിക്കുകയാണ്. പട്ടികജാതിക്കാരനായ മാവേലിക്കരയിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി തിരഞ്ഞെടുപ്പു ദിവസം രാത്രി തിരികെ വീട്ടിലെത്തിയപ്പോഴാണ് അപ്രതീക്ഷിതമായി സി.പി.എം. ഗുണ്ടകള്‍ ആക്രമിച്ചത്. ഇത്തരത്തില്‍ ഒട്ടേറെ സംഭവങ്ങളുണ്ടായിട്ടും പോലീസ് കൈയുംകെട്ടി നോക്കിനില്‍ക്കുന്നത് ക്രമസമാധാനപാലനരംഗത്ത് വന്‍ തകര്‍ച്ചയ്ക്ക് ഇടയാക്കും. സംസ്ഥാനത്ത് നടന്ന എല്ലാ അക്രമസംഭവങ്ങളിലും ഒരു ഭാഗത്ത് സി.പി.എമ്മാണ്. വര്‍ഷങ്ങളായി കൊണ്ടുനടക്കുന്ന കൊലക്കത്തി താഴെ വെക്കാന്‍ സി.പി.എം തയ്യാറാകുന്നില്ലെങ്കില്‍ ജനാധിപത്യ കേരളത്തിന്റെ ഭാവി അത്ര ശോഭനമായിരിക്കില്ല എന്നേ താല്‍ക്കാലം പറയുന്നുള്ളൂ.