തിരുവനന്തപുരം: ഫിലിം കള്‍ച്ചര്‍ ഫിലിം സൊസൈറ്റി സംഘടിപ്പിച്ച രണ്ടാമത്തെ ചില്‍ഡ്രന്‍സ് ഫിലിം ഫെസ്റ്റിവലില്‍ കേസരി പത്രാധിപര്‍ ഡോ.മധു മീനച്ചില്‍ സംവിധാനം ചെയ്ത ‘ഭാഗ്യക്കുറി’ രണ്ടാമത്തെ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ചിത്രമായി അനില്‍ പരയ്ക്കാട് സംവിധാനം ചെയ്ത ‘ബാലപാഠങ്ങള്‍’ ആണ് തിരഞ്ഞെടുക്കപ്പെട്ടത്. അനില്‍ പരയ്ക്കാടും സന്ധ്യ ഉണ്ണിക്കൃഷ്ണനുമാണ് മികച്ച സംവിധായകര്‍. മികച്ച ബാലനടനായി ‘ദൈവം തൊട്ട പന്തി’ല്‍ അഭിനയിച്ച ക്ലെവിന് ഷാജിയും നടിയായി ‘ബാലപാഠങ്ങളി’ലെ നേഹ ഉണ്ണികൃഷ്ണനും തിരഞ്ഞെടുക്കപ്പെട്ടു. നൗഷു ബൂമാസ് ആണ് മികച്ച ഛായാഗ്രാഹകന്‍ (ചിത്രം: വാവ). ശിശുദിനത്തോടനുബന്ധിച്ച് നടത്താറുള്ള ഫിലിം കള്‍ച്ചറിന്റെ ചില്‍ഡ്രന്‍സ് ഫിലിം ഫെസ്റ്റിവല്‍ കോവിഡ് പശ്ചാത്തലത്തില്‍ ഓണ്‍ലൈനായിട്ടാണ് നടത്തിയത്. സമ്മാനാര്‍ഹമായ ചിത്രങ്ങളുടെ പ്രദര്‍ശനവും അവാര്‍ഡ് വിതരണവും ഭാരത് ഭവനില്‍ വച്ചു നടക്കും.