കല്പറ്റ: തമിഴ്നാട്ടിലെ ഗാന്ധിഗ്രാം റൂറല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നും സോഷ്യല്‍ വര്‍ക്കില്‍ ഡോക്ടറേറ്റ് നേടിയ കുറുമ ഗോത്രത്തില്‍ നിന്നുള്ള നിതീഷ് കുമാര്‍ കെ.പി. കണിയാമ്പറ്റ പഞ്ചായത്തിലെ കോളിപ്പറ്റ തറവാട്ടില്‍ കെ.സി പൈതലിന്റെയും ഉണ്ണിയാര്‍ച്ചയുടെയും മകനാണ് നിതീഷ്. ‘ആദിവാസി പുനരധിവാസം’ എന്ന വിഷയത്തിലാണ് പഠനം നടത്തിയത്. ഏഷ്യയിലെ ഏറ്റവും വലിയ പുനരധിവാസ മേഖലയായ ആറളം കേന്ദ്രമാക്കി ആദിവാസികളുടെ ജീവിതത്തില്‍ പുനരധിവാസത്തിനുശേഷം ഉണ്ടായ മാറ്റങ്ങളും വെല്ലുവിളികളുമാണ് പ്രബന്ധത്തിന് ആധാരം. ഗാന്ധിഗ്രാം സര്‍വകലാശാലയില്‍ നിന്നുതന്നെ റിസര്‍ച്ച് ആന്റ് ഡവലപ്പ്മെന്റ് എന്ന വിഷയത്തില്‍ എം.ഫിലും, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും എം.എസ്.ഡബ്ല്യുവും മദ്രാസ് യൂണിവേഴ്സിറ്റിയില്‍ നിന്നും എം.എ സോഷ്യോളജിയും പൂര്‍ത്തിയാക്കി. എറണാകുളം രാജഗിരി കോളേജ് ഓഫ് സോഷ്യല്‍ സയന്‍സില്‍ നിന്നാണ് ബി.എസ്.ഡബ്ല്യു നേടിയത്. പ്രാഥമിക വിദ്യാഭ്യാസം നിവേദിത വിദ്യാനികേതന്‍, കണിയാമ്പറ്റ ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്കൂള്‍ എന്നിവിടങ്ങളില്‍ നിന്നുമാണ്. യുജിസി നെറ്റ്, രാജീവ് ഗാന്ധി നാഷണല്‍ ഫെല്ലോഷിപ് തുടങ്ങിയ നേട്ടങ്ങളും കൈവരിച്ചിട്ടുണ്ട്. മലയാളത്തിലും ഇംഗ്ലീഷിലുമായി അനേകം ലേഖനങ്ങള്‍ ഇതിനകം എഴുതിയിട്ടുണ്ട്. ആദിവാസി സമൂഹങ്ങളടക്കമുള്ളവരുടെ സാമൂഹിക വിദ്യാഭ്യാസ മേഖലയില്‍ ഇപ്പോള്‍ പ്രവര്‍ത്തിച്ചുവരുന്നു.