കരക്കാരുടേയും കമ്മറ്റിക്കാരുടെയും നിര്‍ബന്ധത്തിനു വഴങ്ങി കലശം എഴുന്നള്ളിപ്പിന് ആണ്ടവന്‍ തന്നെ വെളിച്ചപ്പെടാന്‍ തീരുമാനിച്ചു. വേലായുധന് അത്ര താല്പര്യമൊന്നുമുണ്ടായിരുന്നില്ല, എന്ന് മാത്രമല്ല അല്പം ഭയവും ഉണ്ടായിരുന്നു. എങ്കിലും കരക്കാരുടെ തീരുമാനത്തെ എതിര്‍ക്കാന്‍ നിന്നില്ല. ‘പിന്നെ ദേവി എന്താ തീരുമാനിച്ചത്ച്ചാല്‍ അത് സംഭവിയ്ക്കും. അത് മാറ്റാന്‍ ആര് വിചാരിച്ചാലാ കഴിയ്യാ’. എല്ലാം വിധിക്ക് വിട്ടുകൊണ്ട് കരക്കാരുടെ ആഗഹത്തിന് അര്‍ദ്ധസമ്മതം മൂളി. എന്നാല്‍ ദേവി കൈവിട്ടില്ല. ഉത്സവം ഒരുവിധം ഗംഭീരമായി തന്നെ നടന്നു. പറയത്തക്ക പ്രശ്‌നങ്ങളൊന്നുമുണ്ടായില്ല. സന്ധ്യയ്ക്കുള്ള എഴുന്നള്ളത്ത് കഴിഞ്ഞതും വേലായുധന്‍ ആണ്ടവന്റെ അടുത്തു വന്നു. വെട്ടുകൊണ്ട ആണ്ടവന്റെ നെറ്റിയിലെ മുറിവില്‍ മഞ്ഞള്‍ പൊടി തേയ്ക്കുകയായിരുന്നു കുഞ്ഞന്‍. ആണ്ടവനോട് വീട്ടില്‍ പോയി ഒന്നുറങ്ങാന്‍ പറയാനായിരുന്നു വേലായുധന്‍ വന്നത്. അവന്‍ ഉറക്കമൊഴിക്കുന്നത് നല്ലതല്ലെന്ന് അയാള്‍ക്കറിയാമായിരുന്നു. ഞാന്‍ ഇവിടെ കിടന്നുറങ്ങിക്കൊള്ളാം എന്ന് ആണ്ടവന്‍ മറുപടി പറഞ്ഞപ്പോള്‍ പിന്നെ നിര്‍ബന്ധിച്ചില്ല. ആണ്ടവന്‍ ഒന്ന് കിടന്നു, ഉറങ്ങിയോ എന്നറിയില്ല. പുലര്‍ച്ചയ്ക്ക് തോറ്റം ചൊല്ലാന്‍ എല്ലാവരും അരങ്ങത്ത് നിന്നപ്പോള്‍ ആണ്ടവനും വന്നു. തോറ്റത്തോടു കൂടിയാണ് ഭഗവതിയുടെ ആട്ട് ആരംഭിക്കുന്നത്. വേലായുധന്‍ ചോപ്പനാണ് കെട്ടിച്ചിറ്റിയിരുന്നത്. ഭഗവതിയാട്ടിന് അത്യാവശ്യം അഭ്യാസമുണ്ട്. പ്രായമായവര്‍ക്ക് അതത്ര അനായാസമായി ചെയ്യാന്‍ കഴിയുന്നതല്ല. താന്‍ ഒരുങ്ങാമെന്ന് ആണ്ടവന്‍ നിര്‍ബന്ധിച്ചെങ്കിലും വേലായുധന്‍ സമ്മതിച്ചില്ല. സന്ധ്യയ്ക്കുള്ള എഴുന്നള്ളത്തിന് തന്നെ ഏറെ അദ്ധ്വാനമുണ്ട്. അത് കഴിഞ്ഞ് പുലര്‍ച്ചയ്ക്കും കൂടി – അവന്‍ വെളിച്ചപ്പെട്ടാല്‍ ഉണ്ടാകാവുന്ന അപകടം താങ്ങാന്‍ പറ്റിയെന്നു വരില്ല. എങ്കിലും ആണ്ടവന്‍ തോറ്റത്തിനുണ്ടായിരുന്നു. അവന്‍ എല്ലാം മറന്ന് അതില്‍ ലയിച്ച് തോറ്റം ചൊല്ലി:
‘ശ്രീഹരി കേട്ട് തുരുവുള്ളം വരും ഭഗവതീ ക്ഷേത്ര പാലാ, അന്ന മാലാ, ചോകിരമാലാ, പതിനാറായിരം പൊന്നും പാലാ, പതിനാറായിരം വെള്ളി പാലാ, എടുത്തും പിടിച്ചും നടകൊണ്ടോരു തേരും കുടയും മാലയും പൊന്‍വിളക്കും തന്നേ പേരു കേള്‍പ്പോരുത്തി എന്റെ പരദേവതേ…..’ ചുറ്റിലും കാണികളുടെ ഒരു വലിയ ലോകമുണ്ടെന്ന് അയാള്‍ കണ്ടതേയില്ല. ഉത്സവ പറമ്പിലെ ആരവങ്ങള്‍ അയാള്‍ കേട്ടതേയില്ല. കണ്ടത് മുഖം മുഴുവന്‍ രക്തം പുരുണ്ട ഭഗവതിയുടെ സ്വരൂപം മാത്രം. കേട്ടത് പറച്ചെണ്ടയുടെയും ചേങ്ങലയുടേയും ഒറ്റ താളം മാത്രം – ഏതോ ഇരുണ്ട ഗുഹയില്‍ നിന്നെന്ന പോലെ ആണ്ടവനില്‍ നിന്ന് തോറ്റം ഒഴുകി വരികയായിരുന്നു.
‘വരിക എന്റെ വഴി നടക്കും സ്വാമി തേവരേ, തേവര്‍ തന്നോരു മതിലകം, വസൂരി ഉദരപ്പാലില്‍ വയറ്റി ദ്രോഹം എടുത്തേ കൊടുത്തും പെരുമാറാതെ കണ്ട്, ഊര്‍ന്ന് വിട്ടോരു കന്നിനും വാരിവിതച്ചോരു വിത്തിനും ചിറ്റാളര്‍ക്കും വെട്ടമായിരം ലോകര്‍ക്കും, വെട്ടം വാണ സ്വരൂപത്തിനും അഞ്ചിടവഴിക്കും പതിനെട്ട് വഴിയ്ക്കും വെണ്‍മൂര്‍ത്തി ഗുണം വരുത്തി കാവില്‍ കുളിച്ച് മണ്ഡകത്തില്‍ കുടിയിരുന്ന്, അടിയന്‍ വിളിപ്പേടം അടിയന്റെ വലം ഭാഗം നിലക്കാ….എന്റെ ഭരദേവതേ’…. തോറ്റം മുറുകുന്നതിനനുസരിച്ച് പറ ചെണ്ടയുടെ താളത്തിനും വേഗത കൂടി കൂടി വന്നു. അരങ്ങത്തുനില്‍ക്കുന്ന വേലായുധന്‍ ചോപ്പന്റെ വെളിച്ചപ്പാട് രൗദ്രഭാവത്തിലേയ്ക്ക് താളം മാറി തുടങ്ങി.
അന്നാണ് ഏറെ ദിവസത്തിനു ശേഷം ആണ്ടവനും ഗോവിന്ദനും നേരിട്ട് കണ്ടത്. കനലാട്ടത്തിന് മേലരി കൂട്ടുകയായിരുന്നു വെള്ളരി കമ്മള്‍. കാര്യങ്ങള്‍ പറഞ്ഞ് കൊടുക്കുന്നത് ആണ്ടവനായിരുന്നു. അപ്പോഴാണ് ഗോവിന്ദനായര്‍ അവിടെ നില്‍ക്കുന്നത് അവന്റെ ശ്രദ്ധയില്‍ പെട്ടത്. ആണ്ടവന്‍ അയാളെ ഒന്ന് അടിമുടി നോക്കി. ആ നോട്ടം അത്ര ശരിയല്ലെന്ന് ഗോവിന്ദന് തോന്നി. ആണ്ടവന്റെ അസുഖം പൂര്‍ണമായും മാറിയിട്ടില്ലെന്ന് ഗോവിന്ദന്‍ ഭയന്നു. മാത്രല്ല, ആ നോട്ടത്തില്‍ എന്തോ പന്തികേട് ഒളിച്ചിരിക്കുന്നത് അയാള്‍ മനസ്സിലാക്കുകയും ചെയ്തു. ആശുപത്രിയില്‍ പോകുന്നതിനും മുമ്പ് ഇത്തരത്തിലൊരു ഭാവം ആണ്ടവന്റെ മുഖത്ത് ഗേവിന്ദന്‍ കണ്ടിട്ടില്ല. എന്തൊക്കെയൊ അവന്റെ മനസ്സില്‍ ഉരുക്കി തൂക്കി വെച്ചിട്ടുണ്ടെന്ന് ഗോവിന്ദനു തോന്നി. മദ്യത്തിന്റെ ലഹരിയിലായിരുന്നിട്ട് കൂടി ഗോവിന്ദന്റെ ഉള്ളില്‍ മേലരിയില്‍ നിന്ന് കടുക് പൊട്ടിത്തെറിക്കുന്നതുപോലെ എന്തൊക്കെയോ പൊട്ടി തെറിച്ചു. അതിന്റെ ശബ്ദം പുറാത്താരെങ്കിലും കേള്‍ക്കുമോ എന്നവന്‍ ഭയപ്പെട്ടതുപോലെ നാലുപാടും നോക്കി. എന്നാല്‍ ആണ്ടവന്‍ സ്വയം നിയന്ത്രിക്കുകയായിരുന്നു. ഇത് ഉത്സവപ്പറമ്പാണ്. എന്ത് പ്രശ്‌നമുണ്ടായാലും ആണ്ടവന് പ്രാന്തായി എന്നേ നാട്ടുകാര്‍ പറയൂ. വേണ്ട – വേണ്ട…വേണ്ട… അവന്‍ മനസ്സില്‍ പലപ്രാവശ്യം പറഞ്ഞു. അയാളെ ഒറ്റയ്ക്കു കാണും. ദേവി അവസരമുണ്ടാക്കും. അതുവരെ കാത്തിരിയ്ക്കുക തന്നെ. ഉള്ളില്‍ എവിടെയൊ ഒരു വെളിച്ചപ്പാട് അരമണി കിലുക്കി ഗ്വേയ്… ഗ്വേയ്… എന്നാര്‍ക്കുന്നത് ആണ്ടവന്‍ കേള്‍ക്കുന്നുണ്ടെങ്കിലും അയാള്‍ കടിച്ചു പിടിച്ചു നിന്നു. മേലരികത്തി കനലായി കഴിഞ്ഞപ്പോള്‍, കുളിച്ചു വന്ന നായന്‍മാര്‍ കനലാട്ട കളത്തിലേയ്ക്ക് ഇറങ്ങിയതിന് ശേഷം ആണ്ടവന്റെ കണ്ണുകള്‍ ചുറ്റും പരതി. ഇല്ല, ഗോവിന്ദനെ അവിടെയൊന്നും കാണാനില്ല. അയാള്‍ പോയിരിക്കുന്നു.
പതിനെട്ടാം കര്‍മ്മം കഴിഞ്ഞപ്പോള്‍ നേരം നന്നായി പുലര്‍ന്നിരുന്നു. അതിന് ശേഷം സാധനങ്ങളൊക്കെ മുണ്ടില്‍ പൊതിഞ്ഞ് കെട്ടുമ്പോഴാണ് ദേവുവിനെ അയാള്‍ ശ്രദ്ധിച്ചത്. അവള്‍ കുഞ്ഞനെയും വേലായുധനേയും സഹായിക്കുകയായിരുന്നു.
അവകാശികള്‍ക്കര്‍ഹതപ്പെട്ട അരിയും നെല്ലും എണ്ണയും മറ്റും എടുത്ത് വയ്ക്കുന്ന അവളെ ആണ്ടവന്‍ ഒരു നിമിഷം നോക്കി നിന്നു. ‘ഒരു നല്ല മണ്ണാന് ഏറെ പഠിച്ച പെണ്ണിനെയല്ല വേണ്ടത്. അലക്കാനും ഈറ്റെടുക്കാനും കഴിയണം – അതിന് പറ്റുന്ന ഒരാളെ ഇന്നത്തെ കാലത്ത് എവിടെ കിട്ടാനാ കാക്കി ചേത്ത്യാരെ? അതോണ്ട് ഇപ്പോ അങ്ങനത്തെ ഒരു മോഹൊന്നും ഇല്യ. ന്നാലും കെട്ട്യോന്‍ കെട്ടിച്ചിറ്റി വാളെടുക്കുമ്പോള്‍ കൂര്‍ക്കംവലിച്ചുറങ്ങ്ണ ഒരു പെണ്ണാവരുത്. അവന്റെ ഒപ്പം നിക്കണം- അങ്ങനെത്തെ ഒന്നിനേപ്പൊ നോക്കുണൊള്ളൂ.’ അച്ഛന്‍ വേലായുധന്റെ വാക്കുകള്‍ അവന്റെ ചെവിയില്‍ പ്രതിധ്വനിച്ചു. മനസ്സു പറഞ്ഞു. പറ്റും ഇവള്‍ക്കതിനു പറ്റും. അച്ഛന്റെ സങ്കല്പത്തിനനുസരിച്ച് സമുദായത്തിന്റെ ആചരണങ്ങള്‍ക്ക് പിറകെ സഞ്ചരിക്കുവാന്‍ ഇവള്‍ക്ക് പറ്റും. ‘എണ്ണം പറഞ്ഞ ഒരുത്തി കുടെണ്ടെങ്കില്‍ ദണ്ണം ല്യാതെ അതിനും ജീവിയ്ക്കാം.’ കാക്കി ചേത്ത്യാരുടെ വാക്കുകള്‍ മനസ്സില്‍ പ്രതിധ്വനിച്ചു.
വൈകുന്നേരമാണ് കുഞ്ഞനും കൂട്ടരും വേലായുധന്റെ വീട്ടില്‍ നിന്നിറങ്ങിയത്. അതിനു മുമ്പു തന്നെ കാക്കി പറഞ്ഞതനുസരിച്ച് ആരും കേള്‍ക്കാതെ വേലായുധന്‍ കുഞ്ഞനോട് ആണ്ടവന്റെ കാര്യം സംസാരിച്ചു. ജോലിയ്ക്ക് കടലാസ് കൊടുത്തിരിക്ക്ണ ചെക്കന്‍. സമുദായത്തിലാരേക്കാളും പഠിച്ചവന്‍. ഒരു നല്ല വെളിച്ചപ്പാട്. മറ്റു വെളിച്ചപ്പാടന്‍മാരെ പോലെ മൂക്കറ്റം കുടിയ്ക്കാത്തവന്‍. കുഞ്ഞന്റെ സങ്കല്പത്തില്‍ ആണ്ടവനോളം യോഗ്യനായ മറ്റൊരു പുരുഷന്‍ അവരുടെ സമുദായത്തില്‍ വേറെയുണ്ടായിരുന്നില്ല. പിന്നെ ചെറിയൊരു സൂക്കേട് – അത് അത്ര കാര്യമാക്കാന്‍ മാത്രം വലിയ ഒരു സംഗതിയായി അയാള്‍ക്ക് തോന്നിയതുമില്ല. കുഞ്ഞന്‍ നൂറ് ശതമാനം സമ്മതം പറഞ്ഞു. – ‘കാലം പഴേതല്ലേ – പെങ്കുട്ട്യോള്‍ക്കും. അവരുടെ അഭിപ്രായങ്ങളൊക്കെണ്ടാവും. അവളോടൊന്ന് ചോദിച്ചിട്ട് തീരുമാനി ച്ചാല്‍ മതി.’ വേലായുധന്റെ അഭിപ്രായം അതായിരുന്നു. ‘ന്റെ മോനും അവന്റെ കുട്ട്യോളും ഞാനൊരു തീരുമാനം പറഞ്ഞാല്‍ അതിനപ്പുറം പോവൂല. അതോണ്ട് കാര്യം വേലായ്ധനങ്ങട്ട് തീരൂമാനിച്ചാ മതി. പെട്ടന്നാ ച്ചാ പെട്ടന്നായിക്കോട്ടെ. അവക്ക് കൊടുക്കാന്‍ള്ളാതാക്കെ അവടെ ഒരുക്കി വെച്ചിര്ക്ക്ണ്. നല്ലൊരു കാര്യം കാത്തിരിക്കേര്‍ന്ന്’. കുഞ്ഞന്റെ മറുപടി വേലായുധന് വല്ലാത്ത ഒരാശ്വാസമായി. അസുഖത്തിന്റെ കാര്യത്തില്‍ അയാള്‍ക്കെന്തിലും എതിര്‍പ്പുണ്ടാകുമോ എന്ന ഭയമുണ്ടായിരുന്നു. ‘ന്നാലും ന്റെ കാക്കി ചേത്ത്യാരെ -ങ്ങളെ കൊണ്ടും നാട്ടില് ആര്‍ക്കെങ്കിലും ചിലപ്പോള്‍ നല്ലത് നടക്കും.’ വേലായുധന്‍ മനസ്സില്‍ പറഞ്ഞു.
ആളും വാളും ഒഴിഞ്ഞപ്പോള്‍ വീട്ടില്‍ വീണ്ടും ഏകാന്തതയുടെ കരിമുത്തന്‍മാര്‍ ഇറങ്ങിവന്നു. അവര്‍ക്കിടയിലൂടെ വേലായുധന്റെ മനസ്സ് സ്വപ്‌നങ്ങളുടെ താഴ്‌വാരത്തിലേയ്ക്ക് ഒാടിമറഞ്ഞു സഞ്ചരിച്ചു. വേലായുധന്‍ എന്ന വടവൃക്ഷത്തിന്റെ ചുവട്ടില്‍ അനന്തമായി തുടരേണ്ട സന്തതി പരമ്പകളെ കുറിച്ചയാളാലോചിച്ചു. മുറ്റത്തെ മറ്റൊരു കല്ലിനുമുമ്പില്‍ തനിക്കു വേണ്ടി അഞ്ചു നറുക്കിട്ട് കര്‍മ്മം ചെയ്യുന്ന പേരക്കുട്ടിയുടെ അവ്യക്ത മുഖം അയാളുടെ ചിന്തയില്‍ തെളിഞ്ഞു വന്നു. ‘എല്ലാം നല്ലതിനാവണേ – ദേവ്യേ കാത്തോളണേ.’ അയാള്‍ മനമുരുകി പ്രാര്‍ത്ഥിച്ചു.
അന്ന് രാത്രി ആണ്ടവന്‍ ഒരു സ്വപ്‌നം കണ്ടു. നല്ല ക്ഷീണമുണ്ടായിരുന്നു. കഴിഞ്ഞ രാത്രി വേണ്ടത്ര ഉറങ്ങിയിരുന്നില്ലല്ലോ. പിന്നെ ഗുളിക കഴിച്ചാല്‍ ഒന്നും ചിന്തിക്കാനേ സമയം കിട്ടാറില്ല. ഒരു അഗാധമായ ഗര്‍ത്തത്തിലേയ്ക്ക് കാറ്റിലെന്നപോലെ അല്പം പോലും ഭാരമില്ലാതെ താഴ്ന്ന് താഴ്ന്ന് പോകുന്നത് പോലെയാണ്. അതിലപ്പുറം സ്വപ്‌നമൊന്നും അയാള്‍ കാണാറില്ല. പുലരാറായിട്ടുണ്ടാവും. അപ്പോഴാണ് അയാള്‍ ആ സ്വപ്‌നം കണ്ടത്. തറയ്ക്കലെ ഭഗവതിയുടെ മുമ്പില്‍ നന്നായി അണിഞ്ഞാരുങ്ങി നില്ക്കുകയാണ് ദേവു. കൂടെ ആരുമില്ല. പക്ഷെ ദൂരെ എവിടെ നിന്നോ ആണ്ടവനവളെ കാണുന്നുണ്ട്. പെട്ടന്നാണ് ഭയാനകരൂപത്തില്‍ ഒരു യക്ഷി അവളുടെ മുമ്പിലെത്തിയത് ദേവു ഭഗവതിയെ വിളിച്ചലറിക്കരയുന്നു. പെട്ടന്ന് ഭഗവതി ചെമ്പട്ടുടുത്ത് വാളു പിടിച്ച് ദേവുവിന്റെ മുന്നിലെത്തി. ദേവുവിന്റെ ഒരു കൈയില്‍ ഭഗവതി പിടിച്ചു. അപ്പോഴേയ്ക്കും മറുകൈയില്‍ യക്ഷിയും പിടിച്ചു. പിന്നെ രണ്ടു പേരും അങ്ങോട്ടും ഇങ്ങോട്ടും പിടിവലി നടത്തുന്നു. ദേവു ഉറക്കെ കരയുന്നുണ്ട്. ഇതു കണ്ട് നിന്ന് കൊണ്ട് ഉറക്കെ ചിരിക്കുകയാണ് ഗോവിന്ദന്‍ — അത്രയെ കാണാന്‍ കഴിഞ്ഞൊള്ളു. അപ്പോഴേയ്ക്കും ആണ്ടവനുണര്‍ന്നിരുന്നു. അയാളുടെ ശരീരം ആകെ വിയര്‍ത്തിരുന്നു. ഒന്നും മിണ്ടാന്‍ കഴിയാത്തതുപോലെ നാവ് മരവിച്ചിരുന്നു – പിന്നെ അന്നയാള്‍ക്ക് ഉറക്കം വന്നില്ല. എന്തൊരു സ്വപ്‌നമാണത്. എന്താണതിനര്‍ത്ഥം അതു തന്നെ ചിന്തിച്ചു കൊണ്ട് അയാള്‍ പുലരും വരെ തിരിഞ്ഞും മറിഞ്ഞും കിടന്നു കഴിച്ചു കൂട്ടി.