ആണ്ടവന് ഏഴാം ക്ലാസില്‍ പഠിക്കുന്ന സമയത്താണ് ആ സംഭവമുണ്ടായത്. അക്കാലത്ത് തന്നെ മന്ത്രവാദത്തിനും തീയ്യാട്ടിനും അച്ഛന്റെ സഹായി ആയി അവന്‍ പോകാറുണ്ടായിരുന്നു.
മീനവെയില്‍ പൊള്ളി കിടക്കുന്ന പാടശേഖരങ്ങള്‍ക്ക് നടുവിലാണ് തറയ്ക്കല്‍ ഭഗവതിയ്ക്ക് ആട്ട് നടക്കുന്നത്. അച്ഛന്‍ വേലായുധനാണ് വെളിച്ചപ്പാട്. ആട്ട് കുറിച്ച് കഴിഞ്ഞാല്‍ പിന്നെ അദ്ദേഹത്തിന് നിന്ന് തിരിയാന്‍ സമയമില്ല. തോറ്റത്തിന് പല ഗ്രാമങ്ങളില്‍ നിന്ന് കുടുംബക്കാരും പരിചയക്കാരുമായ ചോപ്പന്‍മാരെ സംഘടിപ്പിക്കുകയാണ് പതിവ്. ആണ്ടവനും തോറ്റം പഠിച്ചു തുടങ്ങിയിരുന്നു. ചില ചില മൂര്‍ത്തികളെ ഉപാസിക്കുവാനുള്ള മന്ത്രങ്ങളും വിധികളുമൊക്കെ അവന്‍ കേട്ടും കണ്ടും പഠിച്ചു തുടങ്ങിയിരുന്നു.
തറയ്ക്കാലാട്ടിന് ഉച്ചപൂജ കഴിഞ്ഞ ഉടനെയാണ് ആ സംഭവം. മണ്ണാരും ദേശത്തെ നായന്‍മാരും ഭഗവതി തറയുടെ പരിസരത്ത് കെട്ടിയുണ്ടാക്കിയ ഓലപ്പുരകളിലും മറ്റുമായി വിശ്രമിക്കുകയും വെടിപറയുകയും മുറുക്കുകയും മറ്റുമായിരുന്നു. നട്ടുച്ച സമയത്താണ് ഭഗവതി, ആണ്ടവാ എന്ന് വിളിച്ചുകൊണ്ട് ആണ്ടവന്റെ അരികില്‍ വന്നത്. ആണ്ടവന്‍ മാത്രമേ അത് കണ്ടൊള്ളു. രുധിര ചെമ്പട്ടടുത്ത് അരമണി കിലുക്കി വാളും പിടിച്ച് ദേവി ആണ്ടവന്റെ സമീപത്തെത്തി. മന്ത്രംപിഴച്ചതാണ്. മന്ത്രം പിഴച്ചാല്‍ ഉപാസകന്റെ രക്തം നിവേദിച്ച് പരിഹാരം കാണണം -ആരാണ് പറഞ്ഞതെന്നറിയില്ല. ആരു പറഞ്ഞാലും അതാണ് ശരിയെന്ന് ആണ്ടവനറിയാം. എനിക്ക് രക്തം വേണം രക്തം തരൂ – രക്തം തരൂ – എന്ന് ദേവി ആയിരം നാവുകള്‍ കൊണ്ട് അലറി വിളിയ്ക്കുന്നത് അവന് കേള്‍ക്കാനുണ്ട് – രൗദ്ര രൂപിണിയായ മഹാകാളിയുടെ രക്തം ഇറ്റിവീഴുന്ന നാവ് പുറത്തേയ്ക്ക് തള്ളിവരുന്നത് അവന് കാണാനുണ്ട്. ‘തരാം ഞാന്‍ രക്തം തരാം’ . എന്ന് പറഞ്ഞു കൊണ്ട് ആണ്ടവന്‍ ഇരുന്നിടത്ത് നിന്ന് ചാടിയെണീക്കുകയായിരുന്നു. ഭഗവതിത്തറയുടെ കരിങ്കല്ലില്‍ ചെന്ന് അവന്‍ തലയടിക്കുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. പെട്ടെന്ന് ആര്‍ക്കും തടയാനും കഴിഞ്ഞില്ല. ഒന്നു രണ്ട് പ്രാവശ്യം തല ആഞ്ഞടിച്ചതിന് ശേഷമാണ് കാഴ്ചക്കാര്‍ക്ക് അവനെ പിടിച്ചു മാറ്റാനായത്. പക്ഷെ നാലാളുടെ ശക്തിയായിരുന്നു അവന്. പിടിച്ച പലരേയും അവന്‍ ചവിട്ടിത്തെറിപ്പിച്ചു. ദേവിയെ തന്നില്‍ നിന്നകറ്റുകയാണവര്‍ എന്നാണ് ആണ്ടവന് തോന്നിയത് . ആണ്ടവന് ദേവീ ദര്‍ശനം കിട്ടിയതാണെന്നേ പലരും കരുതിയുള്ളു. എന്നാല്‍ മീനവയല്‍ മേലരി കൂട്ടിയ പോലെ ചുട്ടുപഴുത്തു കിടക്കുന്ന ആ നട്ടുച്ചയ്ക്ക് ചോര വാര്‍ന്നൊഴുകുന്ന നെറ്റിയുമായി അവന്‍ ഓടുകയായിരുന്നു.
അമ്മേ അമ്മേ എന്ന് അലറിവിളിയ്ക്കുന്നുണ്ടായിരുന്നു. അവസാനം നാട്ടിലെ ഒരു കൂട്ടം ചെറുപ്പക്കാര്‍ ഏറെ നേരത്തെ ബലപ്രയോഗത്തിന് ശേഷമാണ് ആണ്ടവന്‍ എന്ന കുട്ടിയെ കീഴടക്കിയത്. ഒരു മരത്തില്‍ പിടിച്ച് കെട്ടിയിടുകയാണ് ചെയ്തത്. കുറച്ച് കഴിഞ്ഞാല്‍ ബോധം വരും എന്ന പ്രതീക്ഷയായിരുന്നു. വിവരമറിഞ്ഞ് വന്ന വല്യമ്പൂരി വേലായുധനെ അടുത്തേയ്ക്ക് വിളിച്ചു പറഞ്ഞു, ‘എന്തും കരുതീട്ടാ ഇങ്ങനെ കാത്തിരിക്ക്ണത്. ആ കുട്ടീടെ തലയാകെ പൊട്ടിയത് കണ്ടില്ലേ നിങ്ങളുടെ മഞ്ഞപ്പൊടി പ്രയോഗം കൊണ്ടൊന്നും അത് മാറ്റാന്‍ കഴിയില്ല.
ഉടനെ ഡോക്ടറെ കാണിക്കണം. അതിനെന്താ പറ്റീന്ന് ആര്‍ക്കറിയാം.’ മുമ്പൊരിക്കലും ആണ്ടവനില്‍ ഇത്തരം ഒരു രൂപ പരിണാമം വേലായുധന്‍ കണ്ടിട്ടില്ല. തന്റെ കുട്ടിയ്ക്കിതെന്തു പറ്റി എന്നറിയാതെ , എന്തു ചെയ്യണമെന്നറിയാതെ നില്‍ക്കുകയായിരുന്നു വേലായുധന്‍ .
ഓര്‍മ്മവച്ചകാലത്തിന് ശേഷം അക്കൊല്ലമാണ് വേലായുധനില്ലാതെ തറയ്ക്കിലെ ആട്ട് നടന്നത്. വേലായുധന് പകരം അന്ന് വെളിച്ചപ്പെട്ടത് വേലായുധന്റെ അച്ഛന്‍ തെയ്യുണ്ണി ചോപ്പന്റെ അകന്ന ബന്ധത്തിലുള്ള ഒരാളായിരുന്നു. എന്തായാലും ഉത്സവത്തിന്റെ ചടങ്ങ് തെറ്റിയില്ല. അത് തെറ്റിയ്ക്കാന്‍ പാടില്ലെന്നാണ് വിശ്വാസം. തെറ്റിച്ചാല്‍ ദേശത്തിന് മുഴുവന്‍ ദോഷം ഭവിക്കും എന്ന് അവര്‍ ശരിക്കും ഭയന്നിരുന്നു. കൊല്ലത്തിലൊരിക്കല്‍ പുറത്തെഴുന്നള്ളുന്നതാണ്. അന്നത്തെ ആട്ടും പാട്ടും കേട്ട് ഉന്‍മത്തയാകുന്ന ഭദ്രകാളിക്ക് പുലര്‍ച്ചെ വടക്കന്‍ വാതിക്കല്‍ അറുപത്തിനാല് കളത്തില്‍ പദ്മമിട്ട് കള്ളും കോഴിയും വെച്ച് നിവേദിക്കണം. പിന്നെ ഏഴ് ദിവസത്തെ അശുദ്ധിയാണ്. ഏഴാം ദിവസം പഞ്ചഗവ്യശുദ്ധി നടത്തി നട തുറക്കണം. ഇതൊക്കെ കാലാകാലങ്ങളില്‍ നടന്നു വരുന്നതാണ്. തെറ്റിച്ചാല്‍ ദേശം മുടിയും ദേശം കാക്കും ദേശവാഴി മുടിയും. ദേശത്തെ കുടിലുകളില്‍ മുഴുവന്‍ വസൂരി വിത്ത് വിതയ്ക്കപ്പെടും.
ഭഗവതിയ്ക്ക് എഴുന്നള്ളത്ത് നടക്കുമ്പോള്‍ വേലായുധന്‍ മകനേയും കൊണ്ട് കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിയിരുന്നു. താലൂക്കാശുപത്രിയില്‍ കാണിച്ചതായിരുന്നു. ആണ്ടവന്‍ അവിടെ വച്ചും അക്രമാസക്തനായി. നെറ്റിയിലെ മുറി മാരകമല്ല എന്ന് ഡോക്ടര്‍ പറഞ്ഞു. അവന്റെ മനസ്സിനാണ് പ്രശ്‌നം. സൈക്യാട്രിസ്റ്റിനെ കാണിക്കണം. അഡ്മിറ്റും വേണ്ടി വരും. അതിനുള്ള സൗകര്യം താലൂക്കാശുപത്രിയിലില്ല. അതുകൊണ്ടാണ് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തത്. മയക്കത്തിന് സൂചിയടിച്ചതിന് ശേഷം നെറ്റിയിലെ മുറി സ്റ്റിച്ചിട്ട് അവിടെ നിന്ന് പറഞ്ഞു വിട്ടു.
നാല് ദിവസത്തിന് ശേഷമാണ് മെഡിക്കല്‍ കോളേജ് ആശുപത്രി വിട്ടത്ത്. ദേവി അവന്റെ സമീപത്ത് വന്നു നില്‍ക്കുന്നതുപോലെ ഒരനുഭവമായിരുന്നു അയാള്‍ക്ക്. ദേവിയുടെ ശബ്ദവും അവന് കേള്‍ക്കുന്ന പോലെ തോന്നി. ഡോക്ടര്‍ പാരമ്പര്യമായി ആര്‍ക്കെങ്കിലും ഈ രോഗം ഉണ്ടായിട്ടുണ്ടോ എന്ന് ചോദിച്ചു. വേലായുധന്‍ ഇല്ലെന്നാണ് മറുപടി പറഞ്ഞത്. അയാള്‍ക്കതല്ലേ പറയാന്‍ കഴിയു.
നല്ലവണ്ണം ശ്രദ്ധിക്കണം ഇനിയും വരാന്‍ സാധ്യതയുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞു. കുറച്ച് കാലം തുടര്‍ച്ചയായി മരുന്നു കഴിക്കണമെന്ന് ഡോക്ടര്‍ നിര്‍ദ്ദേശിച്ചു. ഡോക്ടര്‍ പറഞ്ഞതു പോലെ രണ്ടു മൂന്ന് മാസം മരുന്നു കഴിച്ചു. പിന്നെ അത്തരം ഒരു സ്വഭാവവും കാണാത്തത് കൊണ്ട് ഡോക്ടര്‍ പറയാതെ തന്നെ മരുന്നൊക്കെ നിന്നു.
എല്ലാ മുപ്പെട്ട് വെള്ളിയാഴ്ചയും അവന്റെ പേരില്‍ ഭഗവതിയ്ക്ക് വെള്ള നിവേദ്യം നേര്‍ന്നിരുന്നു വേലായുധന്‍. കുറച്ചു കാലം അതു കഴിച്ചു. പിന്നെ അതും നിന്നു. മീന വെയില്‍ വീണ്ടും ചുട്ടുപൊള്ളി. വീണ്ടും വീണ്ടും തറയ്ക്കില്‍ ഭഗവതിയ്ക്ക് ആട്ടും നടന്നു. അതിനിടയില്‍ ആണ്ടവന്റെ ഭ്രാന്തും ആളുകള്‍ മറന്നു. ആളുകള്‍ക്ക് ഓര്‍ക്കാന്‍ എന്നും പുതിയ കാര്യങ്ങളുണ്ടല്ലോ. ഇല്ലെങ്കില്‍ അതവര്‍ ഉണ്ടാക്കിക്കൊണ്ടിരിക്കും. ‘അതെന്തോ — ദേവീടൊരു പരീക്ഷണം – അത്രയേയുള്ളു’ – നാട്ടുകാര്‍ അത്രയേ വിചാരിച്ചൊള്ളു.
പിറ്റേ കൊല്ലം ഭഗവതിയാട്ടിന് ആണ്ടവന്റെ അരങ്ങേറ്റം കഴിഞ്ഞു. പുലര്‍ച്ചയ്ക്കുള്ള എഴുന്നള്ളത്തിനായിരുന്നു – അത്. കെട്ടിച്ചുറ്റി വന്ന മീശമുളയ്ക്കാത്ത വെളിച്ചപ്പാട് നാട്ടുകാര്‍ക്ക് നല്ലൊരു കാഴ്ചതന്നെയായിരുന്നു. മുഖത്തും നെഞ്ചത്തും മഞ്ഞള്‍ തേച്ച് കഴുത്തില്‍ തെച്ചി പൂമാല ചൂടി കൈയില്‍ വാളും ചിലമ്പുമെടുത്ത് കൗമാരക്കാരനായ ആണ്ടവന്‍ എഴുന്നള്ളി വന്നപ്പോള്‍ ആളുകള്‍ക്ക് വലിയ ആശ്ചര്യം തന്നെയായിരുന്നു. ‘എന്താ ഒരൈശ്വര്യം – സാക്ഷാല്‍ ഭഗവതി ഇറങ്ങിവന്നതാണന്നേ തോന്നു. ഊറ്റം ത്തിരി കൂടുതലാണ്.’ എങ്കിലും വേലായുധന്റെ ഉള്ളില്‍ ഒരു വല്ലാത്ത ആന്തലുണ്ടായിരുന്നു. ‘നല്ലവണ്ണം ശ്രദ്ധിക്കണം. മാറിയെന്ന് നമ്മള്‍ വിചാരിച്ചാലും പൂര്‍ണ്ണമായി മാറിക്കൊള്ളണമെന്നില്ല. ഏത് സമയത്തും തിരിച്ചു വരാവുന്ന ഒരസുഖമാണിത്’- എന്ന് ഡോക്ടര്‍ പറഞ്ഞതായിരുന്നു അയാളുടെ ഭയത്തിന്റെ മൂലകാരണം. പക്ഷെ ദേവി കാത്തു. വേലായുധന്‍ ഭയപ്പെട്ടതുപോലെ അന്ന് മറ്റൊന്നും സംഭവിച്ചില്ല. ഉത്സവം ഭംഗിയായി തന്നെ കഴിഞ്ഞു. അങ്ങനെ ആണ്ടവനും ചോപ്പനായി. ദേവിയുടെ അടിയാന്‍ ! വെട്ടത്ത് തമ്പുരാന്‍ കല്പിച്ച് നല്‍കിയ ചോപ്പന്‍ പദവിയ്ക്ക് ഉടമക്കാരന്‍. ഇനി മുതല്‍ ആണ്ടവന്‍, വെറും ആണ്ടവനല്ല. ആണ്ടവന്‍ ചോപ്പന്‍.
അന്തിത്തിരി കാത്തിരിയ്ക്കുന്ന അനേകം മൂര്‍ത്തികളെ പല പല കല്ലുകളില്‍ പ്രതിഷ്ഠിച്ചിട്ടുള്ള വേലായുധന്റെ വീട്ടില്‍ മാട്ടും മാരണവും നടന്നു. കോഴിയും കള്ളും കാലമൂര്‍ത്തികള്‍ക്ക് നിവേദ്യങ്ങളായി. കൊട്ടും പാട്ടും മന്ത്രങ്ങളും തോറ്റവും കൂടാതെ മാത്തമറ്റിക്‌സും കെമിസ്ട്രിയും ആണ്ടവന്റെ സിരകളില്‍ നുഴഞ്ഞുകയറി. എത്ര പഠിച്ചാലും തന്റെ പാരമ്പര്യം മകന്‍ തുടരണമെന്ന അച്ഛന്റെ ആഗ്രഹം ആ മകന്‍ ശിരസ്സാ വഹിച്ചു. ഗണിതത്തിന്റേയും രസതന്ത്രത്തിന്റേയും ഇടവേളകളില്‍ അവന്‍ തോറ്റംപാട്ടുകളുടെ മായികവലയത്തിലേക്ക് വെളിച്ചപ്പെട്ടിറങ്ങി
‘മോരും മുതിരയും പോലെയാണല്ലോ ആണ്ടവാ നിന്റെ പഠിത്തം’ മുത്താഴിയം കോട്ട അച്യുതന്‍ നമ്പൂരി ഒരിക്കല്‍ പറഞ്ഞു. ആണ്ടവന്‍ ചിരിച്ചതേയുള്ളു. ‘ശാസ്ത്രം പഠിക്കുന്ന നീയ് ഇനിയും മന്ത്രവാദത്തിനും മാട്ടിനുമൊക്കെ പോവുന്നത് ശരിയല്ല എന്നാണ് എനിക്ക് തോന്നുന്നത് – പിന്നെ വേലായുധനെ പേടിച്ചിട്ടാണെങ്കില്‍ ഞാന്‍ പറയാം. വേണോ?’ അതിന്റെ ആവശ്യം ല്യ – വിശ്വാസം വിശ്വാസത്തിന്റെ വഴിക്ക്‌പോട്ടെ –
ശാസ്ത്രം അതിന്റെ വഴിയ്ക്കും’
ആണ്ടവന്‍ ചിരിച്ചു കൊണ്ട് പറഞ്ഞു.
‘ന്നാലും —- വിദ്യാഭ്യാസം കൊണ്ട് വിപ്ലവം വരേണ്ടതാണ്. വ്യവസ്ഥിതിയെ തിരുത്താനുള്ള ആശയവും ആവേശവുമുണ്ടാവേണ്ടതാണ്. വ്യവസ്ഥിതിയ്ക്ക് കീഴ്‌പ്പെട്ട് , അട്യേന്‍ , റാന്‍ എന്നൊക്കെ പറയാനാണെങ്കില് എന്തിനാ കുറേ പഠിയ്ക്കണത്.?’ ‘പഠിയ്ക്കണത് കൊണ്ട് സ്വന്തം വേരുകള്‍ അറുത്തുമാറ്റണമെന്നില്ലല്ലോ. വേരുകള്‍ കണ്ടെത്താനും നമുക്ക് നമ്മുടെ അറിവിനെ ഉപയോഗിച്ചു കൂടെ’ ആണ്ടവന്റെ മറുപടിയ്ക്ക് അച്യുതന്‍ നമ്പൂരി പ്രതികരിച്ചില്ല. എങ്കിലും അന്ന് ആണ്ടവന്റെ ചിന്താഗതിയോട് യോജിക്കുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ലെന്ന് ആ മുഖഭാവം വ്യക്തമാക്കി. യഥാര്‍ത്ഥത്തില്‍ അച്യുതന്‍ നമ്പൂരി പറഞ്ഞതായിരുന്നു ശരി. മോരും മുതിരയും പോലെ ഒരിക്കലും ദഹിക്കാത്ത അറിവുകളിലൂടെ സഞ്ചരിക്കാനായിരുന്നു ആണ്ടവന്റെ വിധി.
(തുടരും)