അന്വേഷിച്ചിറങ്ങിയാല്‍ കുഞ്ഞഹമ്മത് ഹാജിയുടെ സമ്പൂര്‍ണ്ണ ജീവചരിത്രം ലഭ്യമല്ല. ആലി മുസ്ല്യാരുടെ ജീവിത രേഖകള്‍ പ്രതിപാദിക്കുന്ന പുസ്തകങ്ങള്‍ ഉണ്ടായിരിക്കെ വാരിയംകുന്നനെക്കുറിച്ചുള്ള പുസ്തകം രചിക്കപ്പെടാതിരിക്കാന്‍ കാരണം അദ്ദേഹം ജീവിച്ചിരുന്ന കാലത്ത് ക്രൂരതകള്‍ മാത്രമെ ചെയ്തിട്ടുള്ളൂവെന്നതാണ്. പല പുസ്തകങ്ങളിലും വാരിയംകുന്നനെക്കുറിച്ച് കുറിപ്പുകളുണ്ടായിട്ടുണ്ട്. ഇസ്ലാമിക ചരിത്രകാരന്മാര്‍ വാരിയംകുന്നനെ മഹത്വവല്‍ക്കരിക്കാന്‍ തയ്യാറാക്കിയ അപനിര്‍മ്മിതികളും അക്കൂട്ടത്തിലുണ്ട്. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടാന്‍ ബ്രിട്ടീഷുകാരോട് ഏറ്റുമുട്ടിയ സമര നായകനാണ് വാരിയംകുന്നന്‍ കുഞ്ഞഹമ്മത് ഹാജി എന്നാണ് ഇക്കൂട്ടര്‍ വിശേഷിപ്പിക്കുന്നത്.
മാപ്പിളലഹളയുടെ ദുരിതംപേറുന്ന വലിയൊരു വിഭാഗം ഇപ്പോഴും മലപ്പുറം ജില്ലയിലുണ്ട്. അതിലൊരു വ്യക്തിയുടെ അനുഭവം വായിക്കാം. ‘എന്റെ അച്ഛന്‍ ചാരുക്കുട്ടിയേയും അനുജന്‍ ഉണ്ണിയപ്പുവിനേയും അവരുടെ അച്ഛന്‍ ചന്തുണ്ണിയേയും ലഹളത്തലവന്‍ കുഞ്ഞഹമ്മത് ഹാജിയും പാര്‍ട്ടിയും പിടികൂടി. വീടും വീടിനടുത്തുള്ള അംശക്കച്ചേരിയും തീ കൊടുത്തു നശിപ്പിച്ചശേഷം മേല്‍പ്പറഞ്ഞ മൂന്നു പേരേയും കുളിപ്പിച്ചു കയറ്റാന്‍ ഒരു മൈല്‍ ദൂരെയുള്ള തൃപ്പനച്ചിയിലേക്ക് കൊണ്ടുപോയി. വഴിയില്‍ വച്ച് ഞങ്ങളുടെ അച്ഛന്‍ ചാരുക്കുട്ടി സൂത്രത്തില്‍ ഓടി രക്ഷപ്പെട്ടു. മറ്റു രണ്ടു പേരെ വെട്ടിക്കൊന്നു – (കെ.ടി.വേലായുധന്‍ തൃപ്പനച്ചി : സ്മരണിക, മാപ്പിള ലഹള രക്ത രക്തസാക്ഷി കണ്‍വെന്‍ഷന്‍ കമ്മിറ്റി പ്രസിദ്ധീകരണം).
വാരിയംകുന്നന്‍ കുഞ്ഞഹമ്മദ് ഹാജി പിടികൂടി മതംമാറ്റാന്‍ കൊണ്ടുപോയ ഊരകത്തെ മാണിയന്‍ തൊടി ചങ്ങരു തന്റെ അനുഭവം വിവരിക്കുന്നത് ഇങ്ങനെയാണ്. ”എന്നെ വാരിയംകുന്നന്‍ കുഞ്ഞഹമ്മദ് ഹാജിയും കൂട്ടരും പിടിച്ചുകൊണ്ടുപോയി. മതം മാറാം എന്നു പറഞ്ഞപ്പോള്‍ അവര്‍ ഞങ്ങളെ ഉപദ്രവിച്ചില്ല. മതം മാറാന്‍ തയ്യാറില്ലെന്നു പറഞ്ഞ ശിങ്കാരത്ത് ഗോവിന്ദന്‍ നായര്‍, കല്ലിങ്ങല്‍ തൊടി മാധവിയമ്മ, മാധവിയമ്മയുടെ ഭര്‍ത്താവ് പിരിയാത്ത് ഉപ്പന്‍ കുട്ടി നായര്‍ എന്നിവരെ ഊരകം മലയുടെ പടിഞ്ഞാറെ താഴ്‌വരയായ കിളിനക്കോട്ടു വെച്ച് തല വെട്ടിയിട്ടു. ഇവരെ ഞങ്ങളുടെ കൂട്ടത്തില്‍ നിന്നാണ് വേര്‍തിരിച്ചു കൊണ്ടു പോയത്.’ (മാപ്പിള ലഹള രക്തസാക്ഷി സ്മരണിക)
ഇവ അനുഭവങ്ങളാണ്. തല വെട്ടലും കല്ലെറിഞ്ഞു കൊല്ലലും ഇസ്ലാമിക രാജ്യങ്ങളില്‍ നടക്കുന്ന വധശിക്ഷാരീതിയാണ്. അതേ രീതിയാണ് മാപ്പിള ലഹളക്കാലത്ത് സ്വയം രാജാവായി അവരോധിതനായ വാരിയംകുന്നത്ത് കുഞ്ഞഹമ്മത് ഹാജി നടപ്പിലാക്കിയിരുന്നതെന്ന് മേലുദ്ധരിച്ച അനുഭവങ്ങള്‍ വ്യക്തമാക്കുന്നു.
എന്റെ ഹൃദയം നീറിപ്പുകയുന്നു -ഗാന്ധിജി
‘മലബാറില്‍ സംഭവിച്ച കാര്യങ്ങള്‍ അവിടുത്തെ ചുറ്റുപാടുകള്‍ ശരിക്ക് അറിയാവുന്ന നമ്മുടെയെല്ലാം മനസ്സിനെ കാര്‍ന്നുതിന്നുകയാണ്. നമ്മുടെ മാപ്പിള സഹോദരന്‍മാര്‍ക്ക് ഭ്രാന്തു പിടിപെട്ടു പോയി എന്നോര്‍ക്കുമ്പോള്‍ എന്റെ ഹൃദയത്തില്‍ നിന്നും രക്തം വാര്‍ന്നൊലിക്കുകയാണ്. അവര്‍ ഉദ്യോഗസ്ഥന്‍മാരെ വധിച്ചു എന്നു ചിന്തിക്കുമ്പോള്‍ എന്റെ ഹൃദയം വേദനിക്കുന്നു. അവര്‍ ഹിന്ദു വീടുകള്‍ കൊള്ളയടിക്കുകയും നൂറുകണക്കിന് സ്ത്രീ പുരുഷന്‍മാരെ ഭവന രഹിതരും ഭക്ഷണരഹിതരുമാക്കുകയും ചെയ്തുവെന്ന് ഓര്‍ക്കുമ്പോള്‍ എന്റെ വേദനയ്ക്ക് അതിരില്ല. ഹിന്ദുക്കളെ ഇസ്ലാമിലേക്ക് ബലാല്‍ക്കാരമായി മതം മാറ്റാന്‍ ശ്രമിച്ചുവെന്ന് ഓര്‍ക്കുമ്പോള്‍ എന്റെ ഹൃദയം നീറിപ്പോകുന്നു’. (യങ്ങ് ഇന്ത്യ, 1921 സെപ്തംബര്‍ 22)
മാപ്പിള ലഹളക്കാലത്ത് തല വെട്ടിക്കൊല്ലല്‍ വ്യാപകമായി നടന്നിരുന്നു. തുവ്വൂര്‍ കിണറ്റില്‍ 36 പേരേയും താമരശ്ശേരിക്കടുത്ത നാഗാളി കാവ് കിണറ്റില്‍ നൂറോളം പേരേയും തല വെട്ടിയിട്ടു. തുവ്വൂര്‍ കിണറ്റിലെ കൂട്ടക്കൊല വാരിയംകുന്നന്‍ കുഞ്ഞഹമ്മത് ഹാജിയുടെ അനുമതിയോടെയായിരുന്നു. തുവ്വൂര്‍ കൂട്ടക്കൊലക്ക് നേതൃത്വം നല്‍കിയത് ചെമ്പ്രശ്ശേരി തങ്ങളാണെന്ന പക്ഷാന്തരം അംഗീകരിച്ചാലും ഈ കൂട്ടക്കൊലയുടെ ഉത്തരവാദിത്വത്തില്‍ നിന്ന് വാരിയംകുന്നന് ഒഴിഞ്ഞുമാറാന്‍ കഴിയില്ല. കാരണം, വാരിയംകുന്നന്‍ രാജഭരണം നടത്തിയ നാട്ടിലാണ് ഈ ക്രൂരത അരങ്ങേറിയത്. തന്റെ അനുമതി കൂടാതെ ആരെയും വധിക്കരുതെന്ന് വാരിയംകുന്നന്‍ കല്പന പുറപ്പെടുവിച്ചതായി ബാരിസ്റ്റര്‍ എ.കെ പിള്ള എഴുതിയിട്ടുണ്ട്. തുവ്വൂര്‍ കൂട്ടക്കൊല നടത്തിയത് ചെമ്പ്രശ്ശേരി തങ്ങളാണെന്ന് വരികയാണെങ്കില്‍ത്തന്നെ അത് വാരിയംകുന്നന്‍ കുഞ്ഞഹമ്മത് ഹാജിയുടെ അറിവോടെയായിരുന്നുവെന്ന് ഇതില്‍ നിന്നു വ്യക്തം. ചെമ്പ്രശ്ശേരി തങ്ങള്‍ വാരിയംകുന്നന്റെ അനുയായിയും സന്തത സഹചാരിയുമായിരുന്നു.
‘ഞാന്‍ ഭഗവതിസേവ തുടങ്ങി… മാരാട്ട് ഇല്ലത്തെ മാളികയില്‍ തോക്കും മറ്റും സൂക്ഷിച്ചിരുന്നു. ചുറ്റും നോക്കിയാല്‍ ചൂട്ടും പന്തവും കാണുന്നുണ്ട്. കാവല്‍ക്കാരെ വിളിച്ച് പതുക്കെ വിവരങ്ങള്‍ ചോദിച്ചു. അപ്പോള്‍ പടിക്കലുള്ള വണ്ടിപ്പുരയില്‍ വാരിയന്‍കുന്നന്‍ കുഞ്ഞഹമ്മത് ഹാജിയുടെ ആള്‍ക്കാര്‍ 15 പേര്‍ കിടക്കുന്നുണ്ടെന്ന് അറിഞ്ഞു. ഹാജി ഇന്ന് വരുമെന്ന് കൂടി അവര്‍ പറഞ്ഞു. വിളക്കും മറ്റും ധാരാളം കാണുന്നുണ്ട്. ഏതായാലും രാവിലെ നാലു മണി വരെ ഉറക്കം ഒഴിച്ചിരുന്നു. നേരം പുലര്‍ന്നു. കാവല്‍ക്കാരെ വാതില്‍ തുറക്കാതെ വിളിച്ചു. പുറത്തിറങ്ങാമോ എന്നു ചോദിച്ചു. ആരും പോയിട്ടില്ലെന്നും അടുത്തുണ്ടെന്നും മനസ്സിലായി. അപ്പോഴേക്കും പുറത്തെ പറമ്പില്‍ 1300 ഓളം ആള്‍ക്കാരോടൊത്ത് കുഞ്ഞഹമ്മത് ഹാജിയും ചെമ്പ്രശ്ശേരി തങ്ങളും ഇരിക്കുന്നുണ്ടെന്നറിഞ്ഞു …. ‘ (മോഴിക്കുന്നത്ത് ബ്രഹ്മദത്തന്‍ നമ്പൂതിരി, ഖിലാഫത്ത് സ്മരണകള്‍, പേജ് 167,168). ഈ വിവരണത്തില്‍ നിന്നും ഇവര്‍ തമ്മിലുള്ള ബന്ധം വ്യക്തമാണ്.
തുവ്വൂരിലെ കൂട്ടക്കൊല പ്രതികാരം തീര്‍ക്കലായിരുന്നു എന്ന ന്യായീകരണമാണ് മാപ്പിളലഹള പക്ഷക്കാര്‍ ഉന്നയിക്കുന്നത്. ‘പട്ടാളം സ്ഥലം വിട്ടതിനു ശേഷം അവരുടെ ദ്രോഹങ്ങള്‍ സഹിക്കേണ്ടി വന്ന മാപ്പിളമാര്‍ പട്ടാളക്കാരെ സഹായിച്ചവരോട് പ്രതിക്രിയക്കൊരുങ്ങി. ലഹളക്കാരുടെ വലിയ അക്രമമായി കരുതി വരുന്ന തുവ്വൂരിലെ കൂട്ടക്കൊല ഇത്തരത്തിലുള്ള ഒരു പ്രതിക്രിയയായിരുന്നു. ഹിന്ദുക്കള്‍ മാത്രമല്ല ചില മാപ്പിളമാരും അവിടെ കൊല ചെയ്യപ്പെട്ടു എന്നത് ശ്രദ്ധേയമാണ്’. (വാഗണ്‍ ട്രാജഡി സ്മരണിക പേജ്48)
തുവ്വൂരില്‍ സാധാരണക്കാരായ മനുഷ്യരെയാണ് കൊന്നു തള്ളിയത്. ലഹള ദീനുല്‍ ഇസ്ലാമിന് വിരുദ്ധമായ തിനാല്‍ മുസ്ലീങ്ങള്‍ ലഹളയില്‍ നിന്നും വിട്ടു നില്‍ക്കണമെന്ന് പൊന്നാനിയില്‍ ചേര്‍ന്ന മാപ്പിള പ്രമുഖര്‍ പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു. മനോരമ പത്രത്തില്‍ ഈ പ്രഖ്യാപനം പ്രസിദ്ധീകരിച്ചിരുന്നു. വിജ്ഞാപനത്തിന്റെ അവസാന വരികള്‍ ഇങ്ങനെ: ‘ ….കൊല, കവര്‍ച്ച, നിര്‍ബ്ബന്ധിച്ചു മതം മാറ്റല്‍, അന്യന്റെ സ്വത്ത് പിടിച്ചുപറിക്കല്‍ മുതലായവയെല്ലാം ഇസ്ലാം ദീനിനു തീരെ വിരോധമായിട്ടുള്ളതും കഠിനമായി നമ്മോടു ദൈവവും പ്രവാചകരായ നബി (സ) തങ്ങള്‍ അവര്‍കളും വിരോധിക്കപ്പെട്ടിരിക്കുന്നു’. (മലയാള മനോരമ, 1921 സെപ്തംബര്‍ 23)
ഈ പ്രസ്താവനയെ അംഗീകരിച്ച മുസ്ലീങ്ങളാണ് ലഹളയില്‍ നിന്ന് മാറി നിന്നത്. അവരാണ് വധിക്കപ്പെട്ടത്. ഇത്തരത്തില്‍ കൊള്ളക്കാരും കൊലയാളികളുമായ ലഹളക്കാരുടെ പിടിയില്‍ നിന്നും ജീവരക്ഷചെയ്ത മാപ്പിളമാര്‍ക്ക്‌വേണ്ടി കൊയിലാണ്ടിയില്‍ അഭയാര്‍ത്ഥി ക്യാമ്പ് തുറന്നിരുന്നുവെന്ന വസ്തുതയും അനുബന്ധമായി കാണേണ്ടതുണ്ട്. മാപ്പിള ലഹളയുടെ പൊതുസ്വഭാവം കൊല, കവര്‍ച്ച, നിര്‍ബ്ബന്ധിച്ചുള്ള മതം മാറ്റം, അന്യന്റെ സ്വത്തുപിടിച്ചു പറിക്കല്‍ എന്നിവയാണെന്നു മാപ്പിള പ്രമുഖര്‍ തന്നെ സമ്മതിക്കുന്നു എന്നതാണ് ഈ പ്രഖ്യാപനം കാട്ടിത്തരുന്നത്.
ഖിലാഫത്ത് ലക്ഷ്യം ഇസ്ലാമിക ഭരണം
– ഡോ.അംബേദ്കര്‍
‘ബ്രിട്ടീഷ് ഗവര്‍മ്മണ്ടിനെ പുറം തള്ളി തല്‍സ്ഥാനത്ത് ഇസ്ലാമിക ഭരണം സ്ഥാപിക്കുകയായിരുന്നു ഖിലാഫത്തിന്റെ ഉദ്ദേശം. എന്നാല്‍ എത്ര ആലോചിച്ചിട്ടും മനസ്സിലാവാത്തത് മലബാറിലെ ഹിന്ദുക്കളുടെ നേര്‍ക്ക് മാപ്പിളമാര്‍ കാട്ടിയ വിക്രിയകളാണ്. മാപ്പിളമാരുടെ കൈ കൊണ്ട് ഹിന്ദുക്കള്‍ക്ക് നേരിട്ട ദുര്‍ഗതി ഭയങ്കരമായിരുന്നു. കൊലകള്‍, ബലം പ്രയോഗിച്ച് മതപരിവര്‍ത്തനം, ക്ഷേത്ര ധ്വംസനങ്ങള്‍, ഗര്‍ഭിണികളായ സ്ത്രീകളെ വെട്ടി പിളര്‍ക്കുക, സ്ത്രീകളുടെ നേര്‍ക്ക് ഹീനമായ പെരുമാറ്റം, കൊള്ളിവെപ്പ് എന്നു വേണ്ട മൃഗീയവും അനിയന്ത്രിതവുമായ കാട്ടാളത്വത്തിന്റെ എല്ലാ ദുഷ്‌കൃത്യങ്ങളും ഹിന്ദുക്കളുടെ മേല്‍ മാപ്പിളമാര്‍ നിര്‍ബാധം നടത്തി. നിയമവാഴ്ച പുന:സ്ഥാപിക്കാന്‍ പട്ടാളം എത്തിച്ചേരുന്നത് വരെ ഇതു തുടര്‍ന്നു.’
(ഗ്രന്ഥം: പാകിസ്ഥാന്‍ അല്ലെങ്കില്‍ ഇന്ത്യാ വിഭജനം)
മതം മാറാന്‍ വിസമ്മതിച്ചതിനാലാണ് തുവ്വൂരിലെ ഹിന്ദുക്കള്‍ക്ക് വാരിയം കുന്നന്‍ കുഞ്ഞഹമ്മത് ഹാജിയുടെ ഇസ്ലാമിക ഭരണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടത്. ഇതിന് സാക്ഷ്യം വഹിച്ച അഹമ്മത് കുട്ടിയുടെ മൊഴി തന്നെ ഇതിന് തെളിവാണ്. അദ്ദേഹം ഇങ്ങനെ പറഞ്ഞു: ‘ലഹളക്കാലത്ത് ഞമ്മക്ക് നല്ല ഹരമായിരുന്നു. ഞമ്മള് എല്ലായിടത്തും പോയി നോക്കും. ലഹളക്കാര്‍ ജാഥയായി വരുമ്പൊ ഞമ്മളും കൂട്ടത്തില്‍ കൂടും. ഞമ്മളാരേയും കൊന്നിട്ടില്ല. അനവധി എണ്ണത്തിനെ ദീനില്‍ കൂട്ടുന്നതും ഇംഗ്ലണ്ടില്‍ പറഞ്ഞയക്കുന്നതും കണ്ടിട്ടുണ്ട്. ലഹളക്കാര്‍ കരിപ്പത്ത് ഇല്ലത്തുണ്ടായിരുന്നവരെയെല്ലാം കൊന്ന് ഇല്ലം കയ്യിലാക്കി. കരിപ്പത്ത് ഇല്ലത്തിരുന്നു കൊണ്ട് ഹിന്ദുക്കളെ അവര്‍ ദീനില്‍ വിശ്വസിപ്പിച്ചു. അവര്‍ വാളോങ്ങി ഭയപ്പെടുത്തി. ഹിന്ദുക്കളെ പിടിച്ചു കൊണ്ടുവന്ന് കരിപ്പത്ത് ഇല്ലത്ത് നിര്‍ത്തും. ആടുമാടുകളെ കൊണ്ടുവന്ന് അറുത്ത് ഇറച്ചിയാക്കും. ഹിന്ദുക്കളെ നിര്‍ബ്ബന്ധിച്ച് ഇറച്ചി തീറ്റിക്കും. ഇറച്ചിയുടെ മണം പറ്റാത്തവര്‍ ഛര്‍ദ്ദിക്കുമ്പോള്‍ അവരെ കുത്തുകയും ചവിട്ടുകയും ചെയ്യും. ചിലര്‍ വളരെ ദിവസം പട്ടിണി കിടക്കും. എന്നാലും മാംസം കഴിക്കുകയില്ല. വലിയ ചെമ്പില്‍ അരി വേവിച്ച് ഓരോ മൂരിയേയും അറുത്ത് എന്നും സദ്യയുണ്ടാക്കും. അതെല്ലാം തിന്നിട്ടാണ് വീണ്ടും ലഹളയ്ക്ക് പോകുന്നത്. പിടിച്ചു കൊണ്ടുവരുന്ന ഹിന്ദുക്കള്‍ ഇരുപത്തഞ്ച് ആള്‍ വീതം തികഞ്ഞാല്‍ തുവ്വക്കുന്ന് കിണറ്റിന്റെ അടുത്തു കൊണ്ടുവരും. എല്ലാവരേയും നിരയായി നിര്‍ത്തിയിട്ട് ലഹളത്തലവന്‍ ചോദിക്കും ദീന്‍ വിശ്വസിക്കുന്നോ ഇംഗ്ലണ്ടില്‍ പോകുന്നോ എന്ന്. ചിലര്‍ ദീന്‍ വിശ്വസിക്കുന്നു എന്നു പറയും. അധികം പേരും ഒന്നുമറിയാതെ ഇംഗ്ലണ്ടില്‍ പോകണമെന്നു പറയും. ഇംഗ്ലണ്ടില്‍ പോകണമെന്ന് പറയുന്നവരുടെ തല വെട്ടി തുവ്വക്കുന്ന് കിണറ്റിലിടും. കുറെ പേരെ ഇരുമ്പകം കയത്തിന്റെ അടുത്തു നിര്‍ത്തിയ തോണിയില്‍ ഇറക്കി കഴുത്തുവെട്ടി കയത്തിലിട്ടു.’ (കേരള ശബ്ദം വാരിക,1981 ഡിസംബര്‍ 20)
മതം മാറാന്‍ വിസമ്മതിച്ചവരുടെ രക്തം കൊണ്ട് ചാലിയാര്‍ പുഴയും വാക്കാലൂര്‍ പുഴയും മാത്രമല്ല ചുകന്നൊഴുകിയത്. തുവ്വൂരിലേയും നാഗാളികാവിലേയും കിണറുകള്‍ മാത്രമല്ല ഹിന്ദുക്കളുടെ കബന്ധങ്ങള്‍ കൊണ്ടു നിറഞ്ഞത്. ഒറ്റപ്പെട്ട കിണറുകളിലും ഹിന്ദുക്കളുടെ തല വെട്ടിയിട്ടു. അതില്‍ ഏതാനും ഹതഭാഗ്യര്‍ ഇവരാണ് :- 1. ചെറിയം വീട്ടില്‍ പൊട്ടയില്‍ കുഞ്ഞു അമ്മ, തൃക്കുളം (വികലാംഗ). 2. ചെറിയം വീട്ടില്‍ പൊട്ടയില്‍ കൃഷ്ണന്‍ നായര്‍ (വൃദ്ധന്‍), 3. മലയില്‍ ബാപ്പു, 4. അറ്റത്തൊടി വീട്ടില്‍ കിട്ടു. 5. പടിഞ്ഞാറെ തൊടിയില്‍ കണാരന്‍, പുത്തൂര്‍. 6. കളക്കുടി വീട്ടില്‍ അപ്പുകുട്ടന്‍ നായര്‍. 7. അത്തിക്കോട്ട് ശങ്കരന്‍, തിരുത്തി. 8. പുല്ലം കുന്നത്ത് അയ്യപ്പന്‍, രാമനാട്ടുകര 9.കായക്കല്‍ ചന്തോമന്‍, താമരശ്ശേരി. 10. പുത്തലത്ത് ഉണിച്ചാവര്‍. 11. പെരിയാരന്‍ നാവുട്ടി. 12. നാവുട്ടിയുടെ സഹോദരന്‍ പെരിയാരന്‍ നീലാണ്ടന്‍, പുളിക്കല്‍. 13. പൂന്തോട്ടിയില്‍ അപ്പു മേനോന്‍ എന്ന ശങ്കരമേനോന്‍, അരീക്കോട്. 14. കൊളക്കാട്ട് കോരു, പുതുക്കോട്. 15 .എളോപ്ര കുന്നുമ്മല്‍ കൃഷ്ണന്‍ നായര്‍. 16.വി.കെ.എരേച്ചു, എടവണ്ണപ്പാറ. 17. ശിങ്കാരത്ത് ഗോവിന്ദന്‍ നായര്‍. 18. കല്ലിങ്ങല്‍ തൊടിയില്‍ മാധവിയമ്മ,19.പരിയാത്ത് ഉപ്പന്‍ കുട്ടി നായര്‍. 20. ഈര്‍ങ്ങാട്ടിരി വേലാട്ട് ശങ്കരന്‍നായര്‍. 21. വമനയട്ടക്കണ്ടി രാമുണ്ണി, കൊടുവള്ളി എന്നിവരാണ് അവര്‍. സ്ത്രീകളും പുരുഷന്‍മാരും ഉള്‍പ്പെടെ അഞ്ഞൂറില്‍പ്പരം ഹിന്ദുക്കളുടെ തലവെട്ടി കിണറുകളില്‍ തള്ളിയതായാണ് വിവരം. ഇവരൊന്നും ബ്രിട്ടീഷ് ഏജന്റുമാരായിരുന്നില്ല. പിന്നോക്ക വിഭാഗത്തില്‍ പെട്ടവരും സാധാരണക്കാരുമായിരുന്നു.
ഹീനവും നീചവുമായ അക്രമം -യാക്കൂബ് ഹസ്സന്‍
‘മാപ്പിള സമുദായത്തില്‍ പെട്ട അജ്ഞരും വഴിപിഴപ്പിക്കപ്പെട്ടവരും ദുര്‍വൃത്തരുമായ ചിലര്‍ അയല്‍പ്പക്കത്ത് സമാധാനമായി കഴിയുന്ന ഹിന്ദുക്കളെ ബലം പ്രയോഗിച്ച് ഇസ്ലാമില്‍ ചേര്‍ത്തി എന്നത് അവര്‍ ചെയ്ത അക്രമത്തില്‍ വച്ച് ഏറ്റവും ഹീനവും നീചവുമാണെന്ന് ആ സമുദായം തന്നെ അപലപിക്കുമെന്ന് എനിക്കുറപ്പുണ്ട്’ -(ദി ഹിന്ദു 2021 സെപ്തംബര്‍ 13).ഖിലാഫത്ത് രാജ്യം സ്ഥാപിച്ചു – ഡോ: ആനി ബസന്റ്
‘മൂന്ന് ആഴ്ചക്കാലം ആയുധങ്ങള്‍ സജ്ജീകരിച്ച ശേഷം മലബാര്‍ ജില്ലയിലെ മാപ്പിള കലാപം ആരംഭിച്ചു. ബ്രിട്ടീഷ് ഭരണം അവസാനിച്ചെന്നും തങ്ങള്‍ സ്വതന്ത്രരാണെന്നുമുള്ള പ്രചരണത്തില്‍ അവര്‍ വിശ്വസിച്ചു. അവര്‍ ഖിലാഫത്ത് രാജ്യം സ്ഥാപിച്ചു.ഒരു രാജാവിനെ കിരീടധാരണം ചെയ്യിച്ചു. സുലഭമായി കൊള്ളയും കൊലയും നടത്തി. മതം മാറാന്‍ കൂട്ടാക്കാത്ത ഹിന്ദുക്കളെ മുഴുവന്‍ നാടുവിട്ടോടിച്ചു. ഉടുതുണിക്ക് മറുതുണിയില്ലാതെ എല്ലാം അപഹരിക്കപ്പെട്ട ഒരു ലക്ഷത്തോളം ആളുകള്‍ അഭയാര്‍ത്ഥികളാക്കപ്പെട്ടു.ആയിരക്കണക്കിനു മാപ്പിളമാരും മരിച്ചു.’ (ഫ്യൂച്ചര്‍ പൊളിറ്റിക്‌സ് ഓഫ് ഇന്ത്യ)
1920 ആഗസ്ത് 20 ന് ലഹള ആരംഭിച്ചെങ്കിലും 22 നാണ് കുഞ്ഞഹമ്മദ് ഹാജി ലഹളയില്‍ പങ്കാളിയായത്. ‘ശരിയായ പരിശീലനം സിദ്ധിച്ച ഏതാനും അനുയായികള്‍ അദ്ദേഹത്തിനുണ്ടായിരുന്നു.’ (കെ.കെ.മുഹമ്മദ്, അബ്ദുള്‍ കരീം, 1921 ലെ ഖിലാഫത്ത് ലഹളയും ആലി മുസ്ല്യാരും)
മാപ്പിള ലഹളയെ ഭയപ്പെട്ട് ബ്രിട്ടീഷുകാര്‍ ഓടിപ്പോയെന്നും മാപ്പിള രാജ്യം പുലര്‍ന്നുവെന്നുമുള്ള കിംവദന്തിയില്‍ വിശ്വസിച്ച വാരിയംകുന്നന്‍ കുഞ്ഞഹമ്മത് ഹാജി ഇനി ബ്രിട്ടീഷുകാരെ ഭയക്കേണ്ടതില്ലെന്നു കരുതി കലാപത്തിനിറങ്ങുകയാണുണ്ടായത്.