”ഈ വക ചതി എങ്ങനെ ഞാന്‍ ചെയ്യേണ്ടൂ ! ”
”അങ്കത്തില്‍ നീ എന്നെ ജയിപ്പിച്ചാല്‍ നിണക്ക് ഞാന്‍ തക്കപ്രതിഫലം തരും. എന്റെ മകള്‍ കുഞ്ചുണ്ണൂലിയും മരുമകള്‍ കുട്ടിമാണിയും നിണക്കുള്ളതാണ്. എന്റെ കാലശേഷം എന്റെ കളരിയും, എല്ലാ സ്വത്തുക്കളും നിന്റെ വരുതിയില്‍ വരും.”
മകളുടേയും മരുമകളുടേയും കൈപിടിച്ച് അരിങ്ങോടര്‍ ചന്തുവിനെ ഏല്‍പ്പിച്ചു.
പറഞ്ഞതെല്ലാം സമ്മതിച്ച്, ചുരിക നാലും വീരാളിപ്പട്ടില്‍ പൊതിഞ്ഞ് കൊല്ലക്കുടിയിലേക്കു പുറപ്പെട്ടു, ചന്തു. പടിയിറങ്ങുന്നേരം അരിങ്ങോടര്‍ പതിനാറു പണം പ്രത്യേകമായി ചന്തുവിന്റെ കൈവശം കൊടുത്തു.
”ഇരുമ്പാണി മാറ്റി മുളയാണിയിട്ടു മുറുക്കുന്നതിന് കൊല്ലന് ഈ സമ്മാനം വേറിട്ടു തന്നെ കൊടുത്തേക്കണം.”
ചന്തു പിന്നേയും വഴിയേറെ നടന്ന് കൊല്ലന്റെ പടിക്കലെത്തി. പടികടന്നു വരുന്ന ചേകവരെക്കണ്ട് കൊല്ലത്തിപ്പെണ്ണ് കോലായത്തിണ്ണമേല്‍ പുല്‍പ്പായ വിരിച്ചു. ചന്തു പുല്‍പ്പായയിലിരുന്നു. അപ്പോഴേക്കും കൊല്ലത്തിപ്പെണ്ണ് വെറ്റിലമുറുക്കാന്‍ കൊണ്ടുവന്നു. ഈ വന്നിരിക്കുന്നത് എളന്തളര്‍ മഠത്തിലെ ചന്തുച്ചേകോരാണെന്ന് കൊല്ലത്തിപ്പെണ്ണിനു മനസ്സിലായി. അവളെ കറുത്തേനാര്‍ നാട്ടില്‍നിന്ന് കെട്ടിക്കൊണ്ടു വന്നതാണല്ലൊ. പുത്തൂരം വീട്ടിലെ കണ്ണപ്പച്ചേകോരുടെ സ്വന്തം മരുമകനാണ് ചന്തുച്ചേകോര്.
”എവിടേയ്‌ക്കൊരുങ്ങിയ യാത്രയാണാവോ. മാറാപ്പിലെന്താണാവോ?”
””ആരോമര്‍ച്ചേകോരുടെ ചുരിക കടയിക്കാന്‍ കൊണ്ടുവന്നതാണ്”
ആരുമായോ ആരോമര്‍ച്ചേകവര്‍ അങ്കം കുറിച്ചിരിക്കുന്നു!
”എവിടെവെച്ചാണ് അങ്കം വെട്ടുന്നത്? ആരാണാവോ മാറ്റങ്കച്ചേകവര്?”
പ്രജാപതിനാട്ടില്‍ കുറുങ്ങാട്ടിടം ഉണിക്കോനാര്‍ക്കുവേണ്ടി അരിങ്ങോടര്‍ചേകവരോട് അങ്കം വെട്ടാന്‍ പോകയാണ് ആരോമര്. നഗരത്തലയ്ക്കല്‍ അങ്കത്തട്ടിന്റെ പണിതീര്‍ത്തു. കുറുങ്ങാട്ടിടം വാഴുന്നോരും ആരോമരും നായന്മാരും പുത്തൂരം വീട്ടില്‍നിന്ന് അങ്കം പുറപ്പെട്ടു കഴിഞ്ഞിട്ടുണ്ടാവും. ചുരിക കടയിച്ച് എനിക്ക് കുറുങ്ങാട്ടിടം വാഴുന്നോരുടെ കീഴൂരിടം വീട്ടിലെത്തണം ”
ചതിച്ചല്ലോ ദൈവങ്ങളേ എന്ന് ഉള്ളാലെ വിളിച്ചുകൊണ്ട് കൊല്ലത്തിപ്പെണ്ണ് പുരയ്ക്കു പിന്നാമ്പുറത്തുള്ള ആലയില്‍ ചെന്ന് ഉലയില്‍ തീയൂതിക്കത്തിച്ചു.
പുറത്തുപോയിരുന്ന കൊല്ലനും അപ്പോഴേക്കും വന്നു. കൊല്ലനെ മുറ്റത്തരികിലേക്കു വിളിച്ചുകൊണ്ടുപോയി, ചന്തു വേണ്ടുന്നതെല്ലാം പറഞ്ഞേല്‍പ്പിച്ചു. അരിങ്ങോടരാശാന്റെ നിശ്ചയമാണെന്നു കേട്ടവാറെ കൊല്ലന്‍ പറഞ്ഞപടി ചെയ്യാമെന്നേറ്റു. പതിനാറും പണം കടച്ചില്‍കൂലിയായും പിന്നൊരു പതിനാറു പണം അരിങ്ങോടരുടെ സമ്മാനമായും കൊല്ലനു കൊടുത്തു. ചുരികയില്‍ ഒന്നിന്റെ കണയില്‍ ഇരുമ്പാണി തട്ടി മുളയാണിയിട്ടു മുറുക്കി, പൊന്‍കാരംകൊണ്ടു വിളക്കാമെന്ന് കൊല്ലന്‍ വാക്കു പറഞ്ഞു.
കണ്ണീരൊലിപ്പിച്ചുകൊണ്ട് കൊല്ലത്തിപ്പെണ്ണ് ആലയുടെ നടുത്തൂണും ചാരിനിന്നു.
പുലരാനേഴര രാവുള്ളപ്പോള്‍ ആരോമര്‍ ഉണര്‍ന്നെണീറ്റു. കുളിയും തേവാരവും കഴിച്ചു. അച്ഛനെ ചെന്നുവിളിച്ചു.
”നേരം പുലര്‍ന്നുവരുന്നല്ലോ അച്ഛാ. ഞാന്‍ അങ്കത്തിനു പുറപ്പെടുകയാണ്”
”തുളുനാടന്‍ ഗുരുക്കളുടെ അനുഗ്രഹവും കളരിഭരമ്പര ദൈവങ്ങളും നിന്റെ കൂടെയുണ്ടാവും. നിന്റെയൊപ്പം വാഴുന്നോരും ആയിരത്തോളം നായന്മാര്‍ മുമ്പിലും പിമ്പിലും നടക്കും. പാവാടയും പകല്‍വിളക്കും വാദ്യങ്ങളും ആര്‍പ്പും പടമുഴക്കവും ചീനവെടിയുമുണ്ടാവും നിന്റെ പുറപ്പാടിന്ന്. ”
പുറത്ത് അങ്കപ്പുറപ്പാടിന്റെ ഒരുക്കങ്ങള്‍ തകൃതിയായി നടക്കുന്നു. ദേശവാഴിയും നാടുവാഴിയുമെത്തി. ചെണ്ടകള്‍ മുഴങ്ങി. വെടിയുടെ ശബ്ദം കേട്ടു തുടങ്ങി. ആരോമര്‍ അച്ഛനോടും അമ്മയോടും ആര്‍ച്ചയോടും കുഞ്ചുണ്ണൂലിയോടും അനുജനോടും ദേശവാഴിയോടും നാടുവാഴിയോടും യാത്രചൊല്ലി.
(തുടരും)