”മകനേ ചന്തു, നീ എകര്‍ന്ന വരമ്പേറിപ്പോകാതെ താണ വഴിയേ പോകണം. ആരാനും പേരുചൊല്ലി വിളിച്ചാലോ, തിരിഞ്ഞു നോക്കരുത്. മാറ്റങ്കച്ചേകവരായ അരിങ്ങോടര്‍ കോലോസ്ത്രി നാട്ടിലെ ചേകോരാണ്. ഏഴങ്കംവെട്ടി ജയിച്ചോനാണ്. പതിനെട്ടു കളരിക്കും ആശാനാണ്. ആനയെ മയക്കുന്ന അരിങ്ങോടര്‍ *കൊരട്ടത്തു മരുന്നു വെച്ചിട്ടുണ്ടാവും. മരപ്പാവയേയും മയക്കുന്നവനാണ്. നേരിട്ടു കണ്ടെങ്കില്‍ അവന്‍ നിന്നേയും ഇണക്കും. അവന്റെ കൂടെപ്പോകാന്‍ വിളിക്കും. അവന്റെ വീടിന്റെ വഴിയേ പോകരുത്.
ഇരുട്ടത്തൊളിമിന്നുന്ന കുഞ്ചുണ്ണൂലി അരിങ്ങോടരുടെ മകളാണ്. മുടിയിന്മേല്‍ കൊടികെട്ടിയ കുട്ടിമാണി അവന്റെ മരുമകളും. രണ്ടു പെണ്ണുങ്ങളുടേയും മംഗല്യം കഴിഞ്ഞിട്ടില്ല. അരിങ്ങോടരും അവന്റെ മകളും മരുമകളും ചതിപ്രയോഗത്തില്‍ വിരുതുള്ളവരാണ്. ഏതു കാരണവശാലും അവരുടെ പടിപ്പുര മുമ്പിലൂടെ പോകരുതേ ചന്തൂ.”
അമ്മാവന്‍ നെഞ്ചത്തു കൈവെച്ചു.
ചന്തു കളരിയില്‍ കടന്ന് കളരിഭരമ്പരദൈവങ്ങളെ നന്നായിത്തൊഴുതു. അമ്മാവന്റെ കാല്‍ക്കല്‍ കുമ്പിട്ടു വന്ദിച്ചു. കണ്ണപ്പച്ചേകവര്‍ മരുമകനെ തലയില്‍തൊട്ടനുഗ്രഹിച്ചു.
അമ്മായിയോടും ആരോമരോടും ഉണ്ണിക്കണ്ണനോടും കുഞ്ചുണ്ണൂലിയോടും, ഒടുവില്‍ ആര്‍ച്ചയോടും യാത്രചൊല്ലി ചന്തു പടിയും പടിപ്പുരയും കടന്നുപോയി.
വഴിയേറെ നടന്ന് കോലോസ്ത്രി നാട്ടിലെത്തി. വെള്ളാസ്ത്രിയാലിന്റെ വലത്തുഭാഗേ വടക്കോട്ടു നടന്നു. ആ വഴി പോകുന്നത് അരിങ്ങോടരുടെ പടിപ്പുരയുടെ മുമ്പില്‍ക്കൂടിയാണ്.
തെക്കന്‍ തുളുനാട്ടില്‍നിന്നുവന്ന കുഞ്ഞിക്കണ്ണന്‍ ഗുരുക്കളും അരിങ്ങോടരും പടിപ്പുര മാളികയില്‍ ചതുരംഗംവെച്ചു കളിക്കുംനേരത്താണ് ചന്തു പടിപ്പുര കടന്ന് നടന്നുപോകുന്നതു കാണുന്നത്. എടുപ്പും നടപ്പും കണ്ടിട്ട് ഒരു ചേകവരെപ്പോലുണ്ടല്ലോ എന്ന് അരിങ്ങോടര്‍ സംശയം പറഞ്ഞു.
അയാള്‍ എളന്തളര്‍മഠത്തിലെ ചന്തുച്ചേകോരാണെന്ന് കുഞ്ഞിക്കണ്ണന്‍ ഗുരുക്കള്‍ വഴിപോക്കനെ തിരിച്ചറിഞ്ഞു. പുത്തൂരം വീട്ടിലെ കണ്ണപ്പച്ചേകോരുടെ മരുമകന്‍.
ഇന്നത്തേക്കു കളി മതിയാക്കാമെന്നു പറഞ്ഞ് അരിങ്ങോടര്‍ എഴുന്നേറ്റു. അരിങ്ങോടരോടു യാത്ര പറഞ്ഞ് കുഞ്ഞിക്കണ്ണന്‍ ഗുരുക്കള്‍ പടിപ്പുരമാളികയിറങ്ങി.
”ഒന്നു നില്‍ക്കെടോ ചന്തുക്കുട്ട്യേ.”
അരിങ്ങോടര്‍ പിന്‍വിളി വിളിച്ചു. അമ്മാവന്‍ പറഞ്ഞത് ഓര്‍ത്തുകൊണ്ട് ചന്തു തിരിഞ്ഞുനോക്കാതെ മുമ്പോട്ടു നടന്നു.
അപ്പോള്‍ അരിങ്ങോടര്‍ വേഗത്തില്‍ നടന്ന് ചന്തുവിനെ മുമ്പില്‍ക്കേറിത്തടുത്തു.
”നിങ്ങളെന്താണ് മുമ്പില്‍ക്കേറിത്തടുക്കുന്നത്. ഞാനാരെന്നു വിചാരിച്ചൂ നിങ്ങള്‍?” ചന്തു പരുഷം പറഞ്ഞു.
”നിങ്ങള്‍ ഒരു ചേകോനാണെന്നു തോന്നിയതുകൊണ്ടാണ് ഞാന്‍ പിന്നില്‍നിന്നു വിളിച്ചത്. വിളികേള്‍ക്കാത്തതുകൊണ്ടല്ലേ മുന്നില്‍ കേറിത്തടുക്കുന്നത്. പുത്തൂരം വീട്ടിലെ കണ്ണപ്പച്ചേകോരുടെ മരുമകന്‍ ചന്തുവല്ലേ നിങ്ങള്‍? ഞാന്‍ കേട്ടിട്ടുണ്ട്. ഞാനും ഒരു ചേകവരാണ്. ആ കാണുന്നതാണെന്റെ വീട്. വരണം. അസാരം തണ്ണീരു കുടിച്ചു ക്ഷീണം തീര്‍ക്കാം. ഇക്കണ്ട വഴിയൊക്കെ നടന്നു വന്നതല്ലെ?”
”വീട്ടില്‍ കേറാന്‍ സമയമില്ലല്ലോ. ഊണുകഴിച്ചാണ് പുത്തൂരം വീട്ടില്‍ നിന്നിറങ്ങിയത്. വെറ്റിലമുറുക്കും കഴിച്ചു. വഴിയില്‍ മുറുക്കാനുള്ളതും കരുതീട്ടുണ്ട്. ഇനിയൊരിക്കലാവട്ടെ.”
ചന്തു മുമ്പോട്ടുതന്നെ നടന്നു. അപ്പോള്‍ അരിങ്ങോടര്‍ മടിയില്‍ കരുതിവെച്ച ആളെമയക്കുന്ന മരുന്ന് വായിലിട്ട് കടിച്ചുപിടിച്ചു.
”അങ്ങനെ പറയരുതേ ചന്തുച്ചേകോരെ. ഒന്നു വീട്ടില്‍ കയറീട്ടു പോണം.”
മരുന്നിന്റെ ശക്തികൊണ്ട് ചന്തുവിന് മനംമാറ്റം വന്നുതുടങ്ങി.
(തുടരും)
* വായ്ക്കകത്ത് അണപ്പല്ലിന്റെ ഭാഗം