രാഷ്ട്രീയ സ്വയംസേവക സംഘം മനുഷ്യനിര്‍മ്മാണം എന്ന പ്രവര്‍ത്തനമാണ് അതിന്റെ ശാഖകളിലൂടെ നിര്‍വ്വഹിച്ചുകൊണ്ടിരിക്കുന്നത്. മനുഷ്യനില്‍ സദ്‌വികാരങ്ങളും സദ്‌വിചാരങ്ങളും ഉണര്‍ത്തുവാനും അതിലൂടെ സദ്പ്രവൃത്തികളിലേയ്ക്ക് നയിക്കാനും വേണ്ടി നടത്തുന്ന പരിശ്രമങ്ങളാണ് മനുഷ്യനിര്‍മ്മാണ പ്രവര്‍ത്തനത്തിന്റെ മുഖ്യ തലം. ഞാന്‍ എന്ന ചിന്തയില്‍നിന്നും നാമെന്ന ചിന്തയിലേക്ക് മനുഷ്യ മനസ്സിനെ ഉയര്‍ത്തുന്ന പ്രക്രിയയാണ് സംഘശാഖകളില്‍ നടക്കുന്നത്.
അതുകൊണ്ട് മനുഷ്യനടക്കമുള്ള എല്ലാ ജീവജാലങ്ങളും നേരിടുന്ന പ്രശ്‌നങ്ങള്‍ ഓരോ സ്വയംസേവകന്റെയും പ്രശ്‌നമായി അവനു തോന്നുന്നു. അവിടെ നിന്നാണ് സേവനസന്നദ്ധത അവനില്‍ അങ്കുരിക്കുന്നത്. കോവിഡ്-19 എന്ന മഹാമാരി ലോകത്തെ ഗ്രസിച്ചിരിക്കുമ്പോള്‍ ഭാരതവും കേരളവുമൊക്കെ അതിന്റെ തിക്തഫലങ്ങളിലൂടെ കടന്നുപോകുകയാണ്. ഇത്തരമൊരു സാഹചര്യത്തില്‍ സ്വയംസേവകരുടെ നേതൃത്വത്തില്‍ സേവാഭാരതി എന്ന സന്നദ്ധ സംഘടന കേരളത്തില്‍ നടത്തിക്കൊണ്ടിരിക്കുന്ന ഐതിഹാസികമായ സേവന പ്രവര്‍ത്തനങ്ങളെ ശ്ലാഘിക്കാതിരിക്കാനാവില്ല.
പ്രകൃതിദുരന്തങ്ങളും പകര്‍ച്ചവ്യാധികളും അപകടങ്ങളും ഉണ്ടാകുമ്പോഴൊക്കെ നിസ്വാര്‍ത്ഥ സന്നദ്ധ പ്രവര്‍ത്തനത്തിന്റെ ഉജ്ജ്വലമാതൃക സൃഷ്ടിക്കുവാന്‍ സേവാഭാരതിക്ക് ഇതിനോടകം കഴിഞ്ഞിട്ടുണ്ട്. കേരളം അക്ഷരാര്‍ത്ഥത്തില്‍ മുങ്ങിപ്പോയ പ്രളയ ദുരന്തത്തില്‍ രക്ഷാദുരിതാശ്വാസപ്രവര്‍ത്തനം നടത്തുന്നതില്‍ സേവാഭാരതി വഹിച്ച പങ്ക് മലയാളികള്‍ മുഴുവന്‍ നേരിട്ട് മനസ്സിലാക്കിയതാണ്. ജാതി-മത-രാഷ്ട്രീയ പരിഗണനകള്‍ കൂടാതെ മനുഷ്യനെ ഒന്നായിക്കണ്ട് പ്രവര്‍ത്തിക്കാനാവുന്നു എന്നതാണ് സേവാഭാരതിയുടെ പ്രത്യേകത. പ്രളയ ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടയില്‍ ഏഴ് സേവാഭാരതി പ്രവര്‍ത്തകര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. പ്രളയാനന്തര ദുരിതാശ്വാസ പ്രവര്‍ത്തനത്തിലും സേവാഭാരതിയെപ്പോലെ കാര്യ ക്ഷമമായി പ്രവര്‍ത്തിച്ച സംഘടനകള്‍ ഏറെയില്ല. ദുരിതബാധിതരെ പുനരധിവസിപ്പിക്കുവാന്‍ നൂറുകണക്കിന് വീടുകളാണ് സേവാഭാരതി നിര്‍മ്മിച്ചുനല്‍കിയത്.
കോവിഡ് ബാധയില്‍ രാജ്യം അടച്ചിടലിലൂടെ കടന്നുപോകുന്ന ഇക്കാലത്ത് സേവാഭാരതിയില്‍ ജനങ്ങള്‍ അര്‍പ്പിച്ചിരിക്കുന്ന വിശ്വാസം വളരെ വലുതാണ്. കഷ്ടപ്പെടുന്നവരെ സഹായിക്കണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്ന ജനങ്ങള്‍ ഇന്ന് സേവാഭാരതിയെ ആണ് അതിനായി സമീപിക്കുന്നത്. സേവാഭാരതിയെ ഏല്പിക്കുന്ന ചില്ലിത്തുട്ടുകള്‍പോലും അത് അര്‍ഹിക്കുന്നവരുടെ പക്കലെത്തുമെന്ന വിശ്വാസം ഇന്ന് സമൂഹത്തിനുണ്ട്. അതുകൊണ്ടുതന്നെ സേവാഭാരതി പ്രവര്‍ത്തകരുടെ ഉത്തരവാദിത്വം ഏറുകയാണ്. കോവിഡ് ദുരിതബാധിതമേഖലകളിലും അടച്ചിടലിന്റെ ഭാഗമായി ദുരിതമനുഭവിക്കുന്നവരുടെ ഇടയിലും സര്‍ക്കാര്‍ അധികൃതരുടെ നിര്‍ദ്ദേശപ്രകാരവും അല്ലാതെയും കോടിക്കണക്കിന് രൂപയുടെ ഭക്ഷ്യധാന്യങ്ങളും മറ്റവശ്യവസ്തുക്കളും വിതരണം ചെയ്യുവാന്‍ ഇതിനോടകം സേവാഭാരതിക്കായിട്ടുണ്ട്. രോഗികള്‍ക്ക് മരുന്ന് വീടുകളില്‍ എത്തിച്ചു നല്‍കാനും രോഗികളെ ആശുപത്രികളിലെത്തിക്കാനുമെല്ലാം സേവാഭാരതി പ്രവര്‍ത്തകര്‍ മുന്നിട്ടുനില്‍ക്കുന്നു. നൂറോളം ആംബുലന്‍സുകളാണ് സേവാഭാരതിയുടേതായി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ കേരളത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്.
തിരുവനന്തപുരത്തുനിന്നും പൂര്‍ണ്ണഗര്‍ഭിണിയായ യുവതിയെ ഇടുക്കിയിലെത്തിച്ചതടക്കമുള്ള നിരവധി സേവനങ്ങള്‍ എടുത്തുപറയാനുണ്ട്. ബംഗളുരൂവില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികളെ വാളയാറില്‍ നിന്നും മാവേലിക്കരയില്‍ എത്തിച്ചതും സേവാഭാരതിയുടെ വാഹനങ്ങളിലായിരുന്നു. തിരുവനന്തപുരത്ത് ആറ് ആശുപത്രികളില്‍ അഞ്ഞൂറോളം പേര്‍ക്ക് നിത്യവും ഭക്ഷണം വിതരണം ചെയ്യുന്ന സേവാഭാരതി സമാനമായ പ്രവര്‍ത്തനം മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിച്ചുകൊണ്ടിരിക്കുകയാണ്. സര്‍ക്കാരുമായി സഹകരിച്ചുകൊണ്ട് തിരുവനന്തപുരം, എറണാകുളം മേഖലകളിലൊക്കെ സാമൂഹ്യ അടുക്കളയുടെ നടത്തിപ്പിലും സേവാഭാരതി പങ്കെടുത്തുകൊണ്ടിരിക്കുന്നു. ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ഭക്ഷണമെത്തിക്കാനും പരിസരശുചീകരണം നടത്താനും എല്ലാം സേവാഭാരതി പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങി. ഇടുക്കിജില്ലയിലും കോഴിക്കോട് മെഡിക്കല്‍ കോളേജിലുമൊക്കെ അധികൃതരുടെ ആവശ്യപ്രകാരം ക്വാറന്റൈന്‍ സംവിധാനമൊരുക്കുന്ന കാര്യത്തിലടക്കം സജീവ പങ്കാളിത്തം വഹിച്ചു. തൃശ്ശൂര്‍ ജില്ലയില്‍ എങ്ങണ്ടിയൂര്‍, വലപ്പാട്, ചാവക്കാട്, മുണ്ടശ്ശേരി, വെങ്കിടങ്ങ്, ചെറുതുരുത്തി, ചുവന്നമണ്ണ്, പെരിഞ്ഞനം തുടങ്ങി നിരവധി സ്ഥലങ്ങളില്‍ കുടിവെള്ളം വിതരണം ചെയ്യുകയുണ്ടായി. ഇവിടെ പന്ത്രണ്ട് പോലീസ് സ്റ്റേഷനുകളില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് വിഷുസദ്യ ഉണ്ടാക്കി നല്‍കുവാനും സേവാഭാരതി പ്രവര്‍ത്തകര്‍ തയ്യാറായി. കോഴിക്കോട് കടലോരമേഖലയില്‍ ദുരിതമനുഭവിക്കുന്ന ആയിരക്കണക്കിന് മത്സ്യത്തൊഴിലാളി ഭവനങ്ങളില്‍ ഏതാണ്ട് ഒരു കോടി രൂപയുടെ ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യാനായത് ശ്രദ്ധേയമായ ഒരു പ്രവര്‍ത്തനമാണ്. കണ്ണൂരില്‍ 50 ദിവസം തലശ്ശേരി കേന്ദ്രീകരിച്ചു നടത്തിയ ഭക്ഷണവിതരണം, 5000 മാസ്‌ക്ക് കളക്‌ട്രേറ്റില്‍ കളക്ടറുടെ നിര്‍ദ്ദേശപ്രകാരം വിതരണം ചെയ്യാനായത് എന്നിവയൊക്കെ എടുത്തുപറയാവുന്ന ചില പ്രവര്‍ത്തനങ്ങളാണ്.
അന്ധമായ രാഷ്ട്രീയ പകയോടെ ചില രാഷ്ട്രീയ പാര്‍ട്ടികള്‍ സേവാഭാരതിയുടെ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്താന്‍ ചിലയിടങ്ങളില്‍ ശ്രമിക്കുകയുണ്ടായി. സര്‍ക്കാര്‍ അധികൃതര്‍ തന്നെ രാഷ്ട്രീയ പാര്‍ട്ടികളുടെ സമ്മര്‍ദ്ദം നിമിത്തം ചിലയിടങ്ങളില്‍ സേവാഭാരതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വിഘ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. എന്നാലും വലിയൊരു ദേശീയ ദൗത്യത്തിന്റെ ഭാഗമാണ് തങ്ങള്‍ എന്ന വിശ്വാസത്തോടെ സംയമനപൂര്‍വ്വം സേവാഭാരതി പ്രവര്‍ത്തകര്‍ കര്‍മ്മപഥത്തില്‍ മുന്നേറുന്നു. ‘നരസേവ നാരായണ സേവ’ എന്ന ആപ്തവചനമുയര്‍ത്തിക്കൊണ്ട് സേവനമേഖലയില്‍ നിറഞ്ഞുനില്‍ക്കുന്ന എല്ലാ സേവാഭാരതി പ്രവര്‍ത്തകര്‍ക്കും കേസരി വാരികയുടെ ഭാവുകങ്ങള്‍.