കോഴിക്കോട്: പ്രളയ ദുരന്തത്തില്‍ കേരളത്തിന്റെ കണ്ണീരൊപ്പാന്‍ മുന്നിട്ടിറങ്ങിയ മത്സ്യ പ്രവര്‍ത്തകരുടെ കുടുംബങ്ങള്‍ക്ക് ലോക് ഡൗണ്‍ സമയത്ത് കൈത്താങ്ങാവാന്‍ സേവാഭാരതി. സര്‍ക്കാരും രാഷ്ട്രീയ പാര്‍ട്ടികളും ഒരു വര്‍ഷം മുന്നേ ഏറെ പാടിപ്പുകഴ്ത്തിയ മത്സ്യ പ്രവര്‍ത്തകരേയും അവരുടെ കുടുംബങ്ങളേയും തിരിഞ്ഞുനോക്കാന്‍ ഈ കാലഘട്ടത്തില്‍ ഇവരാരും തയ്യാറായില്ല. മത്സ്യ ബന്ധനമല്ലാതെ മറ്റൊരു വരുമാനമാര്‍ഗ്ഗവുമില്ലാത്ത ഈ വിഭാഗത്തിന് കുടുംബം പുലര്‍ത്താന്‍ ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്ന സന്ദര്‍ഭത്തിലാണ് കൈത്താങ്ങായി സേവാഭാരതി മുന്നിട്ടിറങ്ങിയത്.
ബേപ്പൂര്‍ മുതല്‍ കോരപ്പുഴ വരെയുള്ള 23 മത്സ്യ പ്രവര്‍ത്തക ഗ്രാമങ്ങളിലെ 7500 മത്സ്യപ്രവര്‍ത്തക കുടുംബങ്ങളില്‍ വിതരണം ചെയ്യാനുള്ള ധാന്യങ്ങളും പലവ്യഞ്ജനങ്ങളുമായി 18 ഇനങ്ങളടങ്ങിയ ഭക്ഷ്യധാന്യക്കിറ്റ് സേവാഭാരതി കോഴിക്കോട് മഹാനഗര്‍ യൂണിറ്റ് (കോര്‍പ്പറേഷന്‍ പരിധി) അരയ സമാജം, ക്ഷേത്ര കമ്മറ്റി യൂണിറ്റുകള്‍ക്ക് മെയ് 11നാണ് വിതരണം ചെയ്തത്. 18 അരയ സമാജം യൂണിറ്റ് വഴിയും 5 ക്ഷേത്ര കമ്മറ്റി വഴിയുമാണ് 7500 കിറ്റുകള്‍ വിതരണം ചെയ്യുന്നത്. മെയ് 11ന് രാവിലെ 10 മണിക്ക് 23 കേന്ദ്രങ്ങളിലും ഒരേ സമയം കിറ്റ് വിതരണച്ചടങ്ങ് നടന്നു. കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം ആര്‍ എസ് എസ് പ്രാന്ത കാര്യവാഹ് പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍ നിര്‍വ്വഹിച്ചു. എലത്തൂര്‍ ശ്രീ കുറുംബ ക്ഷേത്ര സമാജം സെക്രട്ടറി അദ്ദേഹത്തില്‍ നിന്നും സമാജത്തിനുള്ള ഭക്ഷ്യധാന്യക്കിറ്റ് ഏറ്റുവാങ്ങി. വെള്ളയില്‍ തെക്കരകം പറമ്പ് ശ്രീ ഗുരു സമാധി മഠം – ക്ഷേത്ര സമാജത്തിനുള്ള കിറ്റ് ആര്‍ എസ് എസ് പ്രാന്ത പ്രചാര്‍ പ്രമുഖ് എം.ബാലകൃഷ്ണനില്‍ നിന്നും സമാജം സെക്രട്ടറി എന്‍.വി ജെനീഷ് ഏറ്റുവാങ്ങി. ചാമുണ്ഡി വളപ്പ് പയ്യാനക്കല്‍ അരയ സമാജത്തിനു വേണ്ടി കാരണവരായ വിജയന്‍ ആര്‍ എസ് എസ് സഹ പ്രാന്തപ്രചാരക് ആ. വിനോദില്‍ നിന്നും സ്വീകരിച്ചു. എടയ്ക്കല്‍ ശ്രീ ഭഗവതി അരയ സമാജത്തിനുള്ള കിറ്റ് ആര്‍ എസ് എസ് സഹ പ്രാന്തപ്രചാര്‍ പ്രമുഖ് ഡോ.എന്‍.ആര്‍ മധുവില്‍ നിന്ന് സമാജം കാരണവര്‍ എറ്റുവാങ്ങി. മോവനാരി സമാജം ഭാരവാഹികള്‍ക്ക് ആര്‍ എസ് എസ് പ്രാന്തീയ ഘോഷ്പ്രമുഖ് പി.ഹരീഷ് കുമാറും കോരപ്പുഴ സമാജം ഭാരവാഹികള്‍ക്ക് വിഭാഗ് പ്രചാരക് വി.ഗോപാലകൃഷ്ണനും കിറ്റുകള്‍ കൈമാറി. ചടങ്ങുകളില്‍ ആര്‍ എസ് എസ് ജില്ലാ -വിഭാഗ് കാര്യകര്‍ത്താക്കളും സേവാഭാരതി ഭാരവാഹികളുമടക്കം നിരവധി പേര്‍ പങ്കെടുത്തു.