1947 ബാരാമുള്ള
മഞ്ഞുകണങ്ങള്‍ പെയ്യുന്ന പ്രഭാതത്തില്‍ മഫ്ളറില്‍ പൊതിഞ്ഞ ശരീരവുമായി രാംലാല്‍ ടിക്കു വൈക്കോലുമായി തൊഴുത്തിലേക്ക് നടന്നു. രാം ലാലിന്റെ കാല്‍ പെരുമാറ്റം കേട്ടതുകൊണ്ടാവാം നന്ദിനി എഴുന്നേറ്റ് മൂരിനിവര്‍ന്നു. ഗര്‍ഭിണിയായ നന്ദിനിയെ തൊഴുത്തില്‍ നിന്നിറക്കി കാടിയും വൈക്കോലും കൊടുത്ത് സ്‌നേഹത്തോടെ അവളെ തലോടി രാം ലാല്‍ ടിക്കു തന്റെ പ്രഭാത കൃത്യങ്ങളിലേക്ക് കടന്നു. അപ്പോഴേക്കും ആപ്പിള്‍ തോട്ടത്തിലേക്ക് പണിക്ക് പോകുന്നവരുടെ ഒരു നിര ടിക്കുവിന്റെ വീടിന്റെ മുന്നിലൂടെ കടന്നുപോയി. അതില്‍ രാം ലാല്‍ ടിക്കുവിന്റെ തോട്ടത്തില്‍ പണിയെടുക്കുന്നവരുമുണ്ടായിരുന്നു. കൂട്ടത്തിലൊരാള്‍ ‘ഹോയ് രാം ലാല്‍ ചാച്ച’ എന്ന് നീട്ടിവിളിച്ചു.
അഞ്ച് ഏക്കര്‍ വരുന്ന ആപ്പിള്‍ തോട്ടത്തില്‍നിന്നും കിട്ടുന്ന ആദായം കൊണ്ടാണ് രാം ലാല്‍ ടിക്കുവിന്റെ കുടുംബം അല്ലലില്ലാതെ കഴിഞ്ഞുപോകുന്നത്. ടിക്കു ആളൊരു അറിയപ്പെടുന്ന പരോപകാരി കൂടിയായതിനാല്‍ ബാരാമുള്ളയിലെ ജനങ്ങള്‍ക്കെല്ലാം ടിക്കു സ്വന്തം ചാച്ചയാണ്. പിതാവ് ശ്യാം ലാല്‍ ടിക്കുവില്‍ നിന്നും കുടുംബസ്വത്തായി കിട്ടിയതാണ് മൂന്ന് ഏക്കര്‍ ആപ്പിള്‍ തോട്ടം. ബാക്കി രണ്ട് ഏക്കര്‍ രാം ലാലിന്റെ അധ്വാനവുമാണ്.
പരമ്പരാഗതമായി തങ്ങളുടെ ഭൂമിയില്‍ കൃഷിചെയ്ത് പാരമ്പര്യമൂല്യങ്ങളെ ചേര്‍ത്ത് പിടിച്ചു. താഴ്വരയില്‍ സമാധാന ജീവിതം നയിച്ചു വരികയായിരുന്നു ടിക്കുവിനെ പോലെ അനേകം പണ്ഡിറ്റ് കുടുംബങ്ങള്‍.
ഇന്ത്യ സ്വതന്ത്രയായതോ കാശ്മീര്‍ ഇന്ത്യയില്‍ ലയിച്ചതോ ഒന്നും ബാരാമുള്ളയിലെ ഗ്രാമീണ ജീവിതങ്ങളില്‍ കാതലായ മാറ്റങ്ങള്‍ വരുത്തിയില്ലെങ്കിലും തങ്ങളുടെ വംശജനായ ഒരാള്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിയായതില്‍ ഉള്ളുകൊണ്ട് സന്തോഷിച്ചിരുന്നു പണ്ഡിറ്റുകള്‍. എങ്കിലും അവര്‍ അധികാരത്തിന്റെ അപ്പക്കഷ്ണങ്ങള്‍ തേടി ആരുടെ പിറകെയും പോയില്ല. പ്രകൃതി കനിഞ്ഞു നല്‍കിയ ദേവദാരുക്കള്‍ പൂക്കുന്ന സ്വര്‍ഗഭൂമിയില്‍ അല്ലലും ആശങ്കയുമില്ലാതെ ആനന്ദത്തോടെ ജീവിച്ചു. നാടു കാണാനെത്തുന്ന വിനോദ സഞ്ചാരികളായ സായിപ്പന്‍ മാരെയും മദാമ്മമാരെയും ഭൂമിയിലെ സ്വര്‍ഗം കാണിച്ചും അതിഥിദേവോ ഭവ : ഭാവത്തില്‍ സല്‍ക്കരിച്ചും ദേവദാരുക്കളെ പോലെ പൂത്തുവിടര്‍ന്നു.
റാവല്‍പിണ്ടിയിലെ വരണ്ട പ്രദേശങ്ങളിലൂടെ ഒഴുകി എത്തുന്ന ഝലം നദി ശ്രീനഗറിലൂടെയും ബാരാമുള്ളയിലൂടെയും ഒഴുകി നഗരം ചുറ്റി കിഷന്‍ ഗംഗയില്‍ ലയിച്ച് വീണ്ടു പാകിസ്ഥാനിലേക്ക് ഒഴുകികൊണ്ടിരുന്നു. മതവും അധികാരവും മദമിളക്കി രാഷ്ട്രീയ അതിരുകള്‍ വരച്ച് മാതൃദേഹം വെട്ടിമുറിച്ചപ്പോഴും ഝലം നദി മാലിന്യങ്ങളെ ഉരുക്കി ശാന്തമായി ഒഴുകിക്കൊണ്ടിരുന്നു.
നാല്പത്തിയെട്ടിലെ ഒരു പ്രഭാതം. ബാരാമുള്ളയിലെ സ്‌കൂളില്‍ പ്രാര്‍ത്ഥയ്ക്കായി കുട്ടികള്‍ നിരനില്‍ക്കുമ്പോള്‍ രമേശ് ലാല്‍ ടിക്കുവിന്റെ ചുമലില്‍ തട്ടിക്കൊണ്ട് സഹപാഠി ഫാറൂഖ് പറഞ്ഞു. നിന്നോട് ഒരു കാര്യം പറയാനുണ്ട്. പള്ളിയില്‍ നിന്ന് അറിഞ്ഞതാണ്. എന്താ കാര്യം? രമേശ് ചോദിച്ചു.
അധ്യാപകര്‍ തങ്ങളെ ശ്രദ്ധിക്കുന്നുണ്ടെന്ന് മനസിലാക്കി അവര്‍ ഒന്നും സംസാരിക്കാതെ ഒഴിഞ്ഞു മാറി. പിന്നീട് സ്‌കൂള്‍ വിട്ടതിനു ശേഷമാണ് ഫാറൂഖ് കാര്യം പറഞ്ഞത്. ഝലം നദികടന്ന് കാസാക്കുകള്‍ വരുന്നുണ്ട്. ഇവിടത്തെ പണ്ഡിറ്റുകളെയെല്ലാം അവര്‍ ഓടിക്കും. ജീവനില്‍ കൊതിയുള്ളവരെല്ലാം മതം മാറുകയോ നാടുവിട്ടുപോവുകയോ ചെയ്യണം. ഇല്ലെങ്കില്‍ അവര്‍ കൊല്ലും.
രമേശ് ഫാറൂഖിന്റെ കയ്യില്‍ പിടിച്ചു. ‘എടാ നീ എന്താ പറയുന്നത്?’ രണ്ടുപേരുടെയും കൈകള്‍ വിറ കൊണ്ടു. ‘അവര്‍ എന്തിനാണ് ഇങ്ങോട്ട് വരുന്നത്’ ‘നമ്മള്‍ എന്തിനാണ് ഓടി പ്പോകുന്നത് പണ്ഡിറ്റുകള്‍ എന്ത് തെറ്റാണ് ചെയ്തത്?’ ആ ബാല ഹൃദയം തേങ്ങി.
തന്റെ കൂട്ടുകാരന്റെ വേദന ഫാറൂഖിനെയും വേദനിപ്പിച്ചു. അവന്റെ കണ്ണില്‍ നനവ് പടര്‍ന്നു. ഫാറൂഖ് രമേശിനെ കെട്ടിപ്പിടിച്ചു. അറിയില്ല രമേശ് അങ്ങനെ മുതിര്‍ന്നവര്‍ പറയുന്നുണ്ട്. നിന്റെ വീട്ടിലും ഗ്രാമങ്ങളിലും എല്ലാവരോടും പറയുക. വേഗം തന്നെ സുരക്ഷ തേടുക. ‘
ആകാശം കാര്‍മേഘങ്ങള്‍ കൊണ്ട് കറുത്തു. എവിടെയോ ആപത്തുകള്‍ പതുങ്ങിയിരിക്കുന്നു. അവരുടെ മിഴികളില്‍ ഭയം കോച്ചി വിറച്ചു.
തിരകളെ തഴുകി തീരം ഇരുട്ടിനെ പുല്‍കവേ അസ്തമയ സൂര്യന്‍ ഗ്രാമങ്ങളിലെങ്ങും ഇരുട്ടു പരത്തി. രമേഷ് അസ്വസ്ഥനായിരുന്നു. ഇന്നവന്‍ കൂട്ടുകാരോടൊത്ത് കളിക്കാന്‍ പോയില്ല. ഹോംവര്‍ക്കും ചെയ്തില്ല. അച്ഛനെ സഹായിക്കാന്‍ ആപ്പിള്‍ തോട്ടത്തിലും പോയില്ല. രാത്രിയില്‍ രാം ലാല്‍ ടിക്കു വന്ന് എല്ലാവരും ഒരുമിച്ചിരുന്ന് അത്താഴം കഴിക്കുമ്പോള്‍ രമേഷ് അച്ഛനോട് ചോദിച്ചു. ‘എന്തിനാണച്ഛാ കാസാക്കുകള്‍ നമ്മളെ കൊല്ലുന്നത്? രാം ലാല്‍ മകന്റെ മുഖത്തേക്ക് നോക്കി.
‘ആരാ നിന്നോട് അങ്ങനെ പറഞ്ഞത്?’
‘ഫാറൂഖ് ‘
അയാള്‍ ചിരിച്ചു. ‘കസാക്ക് ഇവിടെയൊന്നുമല്ല മോനെ- അത് ഒരുപാട് ദൂരെയാണ്. അവര്‍ ഇവിടേക്ക് എന്തിന് വരണം? നമ്മളെ ആരും ഒന്നും ചെയ്യില്ല. മോന്‍ സമാധാനമായി ഭക്ഷണം കഴിക്കൂ.’
വീടിന്റെ രണ്ടാമത്തെ നിലയില്‍നിന്ന് ആപ്പിളുകള്‍ കൂട്ടയില്‍ നിറയ്ക്കുമ്പോള്‍ മകന്‍ പറഞ്ഞ കാര്യം അയാളെ വല്ലാതെ അസ്വസ്ഥനാക്കി. നേരത്തെ തോട്ടത്തില്‍ പണിയെടുക്കുന്നവരും ഇതേ ആശങ്ക പങ്കിട്ടിരുന്നു. അപ്പോഴും രാം ലാല്‍ ടിക്കുവിന്റെ മനസ്സില്‍ നാടിന്റെ പ്രിയപ്പെട്ടവനായ തന്നെയും കുടുംബത്തെയും ആരും ഉപദ്രവിക്കില്ലെന്നായിരുന്നു വിശ്വാസം..
ആള്‍ ഇന്ത്യ റേഡിയോയില്‍ വാര്‍ത്തകള്‍ കേട്ട് കശ്മീരിലെ പണ്ഡിറ്റുകളെല്ലാം ഭയാക്രാന്തരായി. അഫ്ഗാനില്‍നിന്നും പഷ്തൂണില്‍ നിന്നും പഠാന്‍മാര്‍ ഝലം നദി കടന്ന് ബാരാമുള്ളയിലേക്ക് കടന്നിരിക്കുന്നു. പട്ടണത്തിലെ ഒരു വൈഷ്ണവ ദേവി ക്ഷേത്രം തകര്‍ക്കുകയും പൂജാരിയെയും ഏതാനും ആളുകളെയും വധിക്കുകയും ചെയ്തതായി വാര്‍ത്തകള്‍ പടര്‍ന്നു. ബാരാമുള്ളയിലെ മൂന്ന് നിലയുള്ള രാം ലാലിന്റെ വീട്ടില്‍ ആ രാത്രി ആരും ഉറങ്ങിയില്ല. മരപ്പലകകള്‍ പാകിയ രണ്ടാമത്തെ നിലയില്‍ അവര്‍ ശ്വാസമടക്കിപ്പിടിച്ച് കിടന്നു.
പുറത്ത് ആളുകള്‍ കൂട്ടം കൂടി നില്‍ക്കുന്നുണ്ട്. അയല്‍വക്കത്തെ രവിന്ദ്ര കൗളിന്റെ വീട്ടില്‍നിന്നും വെടിയുടെ ശബ്ദവും വലിയ നിലവിളിയും കേട്ടു. കൂട്ട നിലവിളികള്‍ക്കിടയില്‍ അല്ലാഹ് അക്ബര്‍ വിളിയും മുഴങ്ങുന്നത് കേള്‍ക്കാം. ഏത് നിമിഷവും തങ്ങളും കൊല്ലപ്പെടും എന്ന ഭീതിയില്‍ പലകകള്‍ പാകിയ നിലത്ത് കമിഴ്ന്നു കിടന്ന് പുറത്ത് നടക്കുന്ന കാര്യങ്ങളെ സൂക്ഷ്മമായി അവര്‍ നിരീക്ഷിച്ചു കൊണ്ടിരുന്നു.
പണ്ഡിറ്റുകളുടെ വീടുകള്‍ തിരഞ്ഞു പിടിച്ച് പഠാന്‍മാര്‍ നര നായാട്ട് നടത്തി ക്കൊണ്ടിരിക്കുകയാണ്, സ്ത്രീകളെ ബലാല്‍സംഗം ചെയ്തും പുരുഷന്‍മാരെ മൃഗീയമായി കൊലപ്പെടുത്തിയും അവര്‍ പൈശാചികതയുടെ കിരാത താണ്ഡവമാടി, ഝലം നദിയെ ചുവപ്പിച്ചു. ബാരാമുള്ള അക്ഷരാര്‍ത്ഥത്തില്‍ വിറങ്ങലിച്ചു. പഠാന്‍മാരുടെ കണ്ണില്‍ പെടാത്തവര്‍ ജീവനും കൊണ്ട് ഗ്രാമത്തില്‍ നിന്നും ഓടി രക്ഷപ്പെട്ടു.
രാം ലാലും കുടുംബവും ശ്രീനഗറിലെ ബന്ധുവീട്ടിലേക്ക് പലായനം ചെയ്യാന്‍ തീരുമാനിച്ചു. കയ്യില്‍ എടുക്കാന്‍ പറ്റുന്ന സാധനങ്ങളെല്ലാം അവര്‍ പൊറുക്കി കെട്ടി. ഗര്‍ഭിണിയായ നന്ദിനിയുടെ അടുക്കല്‍ ചെന്ന് രാം ലാല്‍ അവളുടെ കഴുത്തില്‍ വട്ടം പിടിച്ച് ഏങ്ങലടിച്ചു. ശ്രീനഗര്‍ വരെ ഈ അവസ്ഥയില്‍ നിന്നെയും കൊണ്ട് പോകുവാന്‍ കഴിയില്ല മോളെ. ഭീതി നിറഞ്ഞ ആ അന്തരീക്ഷത്തില്‍ നന്ദിനിയെ തനിച്ചാക്കി പോകുവാന്‍ അയാള്‍ക്ക് മനസ്സ് വന്നില്ലെങ്കിലും രാം ലാലിന്റെ മുന്നില്‍ വേറെ വഴികളില്ല. നന്ദിനിയുടെ കഴുത്തിലെ കയര്‍ അഴിച്ചുവിട്ട് അയാള്‍ അവളെ സ്വതന്ത്രയാക്കി. നന്ദിനിയുടെ നെറ്റിയില്‍ ഉമ്മ കൊടുത്ത് നിറ വയറുമായി നില്‍ക്കുന്ന അവളെ ഉപേക്ഷിച്ച് രാം ലാലും കുടുംബവും ശ്രീനഗറിലേക്ക് ഓടിപ്പോയി. അന്തരീക്ഷത്തിലെങ്ങും മനുഷ്യമാംസം കത്തിക്കരിയുന്ന ഗന്ധം. വിജനതയില്‍ ഇന്നലെ വരെ ആളുകള്‍ താമസിച്ചിരുന്ന വീടുകള്‍ അനാഥ പ്രേതം പോലെ തോന്നിച്ചു. അവ കത്തി എരിഞ്ഞു കൊണ്ടിരിക്കുന്നു. അകലെ നിന്നും തക്ബീര്‍ ധ്വനികള്‍ മുഴങ്ങുന്നത് കേള്‍ക്കാം. പണ്ഡിറ്റുകള്‍ തങ്ങളുടെ വംശജന്‍ എന്ന് അഭിമാനിച്ചിരുന്ന ഇന്ത്യയുടെ പ്രധാനമന്ത്രി അപ്പോള്‍ ഇന്ദ്രപ്രസ്ഥത്തിലിരുന്ന് ഭരണം കയ്യാളുകയായിരുന്നു.
1987 ശ്രീനഗര്‍
ആസാദി ആസാദി ആസാദി….. കാശ്മീരിലെയും ശ്രീനഗറിലെയും ഗ്രാമങ്ങളിലും സ്‌കൂളുകളിലും കോളേജുകളിലും പള്ളികളിലും മദ്രസകളിലുമെല്ലാം ആസാദി മുദ്രാവാക്യങ്ങള്‍ മുഴങ്ങിക്കൊണ്ടിരിന്നു. അതിര്‍ത്തിക്ക് അപ്പുറത്തു നിന്നും ബേനസീര്‍ ഭൂട്ടോ തുറന്നു വിട്ട മുജാഹിദ് ഭൂതങ്ങള്‍ അശാന്തിയുടെ വിത്തുകള്‍ പാവുകയായിരുന്നു. ബാരാമുള്ളയില്‍ നിന്നും ജീവനും കൊണ്ട് ഓടി രക്ഷപ്പെട്ട രാം ലാല്‍ ടിക്കു വിന്റെ കുടുംബം ശ്രീനഗറില്‍ ഒറ്റപ്പെട്ടു. നാടും വീടും കുടുംബവും സ്വത്തുക്കളും നഷ്ടപ്പെട്ട ആയിരക്കണക്കിന് പണ്ഡിറ്റുകള്‍ ശ്രീനഗറില്‍ ദുരിതജീവിതം നയിച്ചു. ഉറ്റവര്‍ നഷ്ടപെട്ട ചിലര്‍ ആത്മഹത്യയില്‍ അഭയം തേടി, ചിലര്‍ തെരുവുകളില്‍ അലഞ്ഞ് ഭിക്ഷാടനം നടത്തി. പ്രപഞ്ച ജീവിതത്തില്‍ ഏറ്റവും വലുത് ജീവനാണല്ലോ! രാം ലാല്‍ നന്ദിനിയെക്കുറിച്ചും, ആപ്പിള്‍ തോട്ടത്തെക്കുറിച്ചും, മൂന്ന് നിലയുള്ള മരം പാകിയ വീടിനെ ക്കുറിച്ചുമെല്ലാം ഓര്‍ത്ത് പലപ്പോഴും ഖിന്നനായി. എല്ലാറ്റിനും മൂക സാക്ഷിയായി ഭാര്യ മീര ലാലും, മകന്‍ രമേഷ് ലാലും മകള്‍ റോഷിനി ലാലും അദ്ദേഹത്തിന്റെ തണലില്‍ ചേര്‍ന്നിരുന്നു.
പറിച്ചു നടപ്പെടുന്ന ചെടികള്‍ക്ക് വേരുറയ്ക്കാന്‍ കാലങ്ങള്‍ വേണ്ടിവരും. പ്രതികൂല സാഹചര്യം കൂടിയാകുമ്പോള്‍ ഏറെ കഠിനമായിരിക്കും കാര്യങ്ങള്‍. മകള്‍ റോഷ്നിയുടെ വിവാഹ ആവശ്യത്തിനായി പണത്തിന്റെ ബുദ്ധിമുട്ട് വന്നപ്പോള്‍ രാം ലാല്‍ ബാരാമുള്ളയിലെ വീടും തോട്ടവും വില്‍ക്കാന്‍ പറ്റുമോയെന്ന ആലോചനയുമായി ബാരാമുള്ളയിലേക്ക് പോയതാണ്. പിന്നീടൊരിക്കലും അയാള്‍ തിരിച്ചു വന്നില്ല. ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ പത്രത്തിലൂടെ അറിയാന്‍ കഴിഞ്ഞത് ദാരുണമായ വാര്‍ത്തയായിരുന്നു.
ശ്രീനഗറിലെയും സ്ഥിതിഗതികള്‍ മാറിക്കൊണ്ടിരിക്കുകയാണ്. അതിര്‍ത്തി കടന്നുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ സജീവമായിരിക്കുന്നു. ഭിന്നിപ്പിന്റെ രാഷ്ട്രീയം കുട്ടികളില്‍ പോലും പടര്‍ന്നു പിടിച്ചിരിക്കുന്നു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഷാര്‍ജ കപ്പ് മത്സരം ദൂരദര്‍ശനില്‍ കാണുകയായിരുന്നു ശരത് ലാലും കൂട്ടുകാരും. ജാവേദ് മിയാന്‍ദാദ് കപില്‍ ദേവിനെയും, ചേതന്‍ ശര്‍മ്മയേയും ബൗണ്ടറി കടത്തുമ്പോള്‍ പാക്ക് അനുകൂല മുദ്രാവാക്യങ്ങളും കയ്യടികളുമുയര്‍ന്നു. കപില്‍ ദേവിന്റെ യോര്‍ക്കറില്‍ റമീസ് രാജയും സലിം മാലിക്കും പവലിയനിലേക്ക് മടങ്ങുമ്പോള്‍ ശരത് ലാലും കയ്യടിച്ച് ആഹ്ലാദം പ്രകടിപ്പിച്ചു. കുട്ടികള്‍ക്കിടയില്‍ ഭിന്നതകള്‍ ഭീകര രൂപം കൊള്ളുകയായിരുന്നു. അതിര്‍ത്തിക്ക് അപ്പുറത്തുള്ളവര്‍ കശ്മീരിലെ യുവാക്കളെ വിലക്കുവാങ്ങി ആയുധപരിശീലനം നല്‍കി ഇന്ത്യക്കെതിരെ തിരിച്ചു. പണ്ഡിറ്റുകളെ ഉന്‍മൂലനം ചെയ്യുവാന്‍ ജെ.കെ.എല്‍.എഫ് എ.കെ 47 മായി പണ്ഡിറ്റുകളുടെ വീടുകള്‍ കയറി നിരങ്ങി. നൂറുകണക്കിന് വീടുകള്‍ അഗ്‌നിക്ക് ഇരയാക്കി. ചൈനീസ് നിര്‍മിത അഗ 47 തോക്കുകള്‍ ബുള്ളറ്റുകള്‍ പണ്ഡിറ്റുകളുടെ മേല്‍ അനവരതം വര്‍ഷിച്ചു കൊണ്ടിരുന്നു.
സിമന്റ് തേക്കാത്ത ഇഷ്ടിക ചുമരും ടിന്നു പാകിയ മേല്‍ക്കൂരയുമുള്ള തന്റെ വീടിന്റെ കോലായില്‍ തണുപ്പകറ്റാന്‍ തീ കൂട്ടുകയായിരുന്നു രമേഷ് ടിക്കുവിന്റെ ഭാര്യ ഇന്ദ്രജ ടിക്കു. റോഡിലൂടെ കടന്നു പോയ പെഹറാന്‍ ധരിച്ച യുവാക്കള്‍ തന്നെ ശ്രദ്ധിക്കുന്നുണ്ടെന്നു തോന്നിയ ഇന്ദ്രജ അകത്തേക്ക് കടക്കാന്‍ ശ്രമിക്കുമ്പോഴേക്കും അവര്‍ മുറ്റത്തെത്തിയിരുന്നു. ആയുധധാരികളെ കണ്ട് ഇന്ദ്രജ ടിക്കുവിന്റെ ഉള്ളൊന്ന് പിടഞ്ഞു . ‘നിന്റെ ഭര്‍ത്താവ് എവിടെ?’ ഉറുദു കലര്‍ന്ന കാശ്മീരീയില്‍ അവര്‍ ചോദിച്ചു.
‘അദ്ദേഹം ഇവിടെ ഇല്ല. രണ്ട് ദിവസം കഴിഞ്ഞേ വരൂ’ എന്ന് കള്ളം പറഞ്ഞു. പെഹറാന്‍ ധരിച്ച തോക്ക് ധാരികള്‍ അത് വിശ്വസിച്ചില്ല. അവര്‍ വീടിന്റെ അകത്ത് കടന്ന് എല്ലാം ഇടവും പരിശോധിച്ചു. മഞ്ഞു വീണു ഘനീഭവിച്ച ആ സായന്തനത്തില്‍ മരവിച്ചു പോയ ആ വീട്ടമ്മയുടെ ശരീരം നിന്ന് വിറച്ചു.
വീടിന്റെ അകമെല്ലാം പരിശോധിച്ച് വെളിയില്‍ വന്ന ഭീകര്‍ ഇന്ദ്രജയുടെ തലക്ക് നേരെ എ.കെ 47 തോക്ക് ചൂണ്ടി ഗര്‍ജ്ജിച്ചു. ആ പട്ടിയുടെ മോന്‍ എവിടെ പോയൊളിച്ചാലും ഒരുനാള്‍ ഈ തോക്കിന് ഇരയാകും. ഗേറ്റ് കടന്ന് പുറത്തേക്ക് പോയ ചെന്നായ്ക്കള്‍ അതെ സ്പീഡില്‍ തിരിച്ചു വന്ന് അടുക്കളയില്‍ ഗോതമ്പ് സൂക്ഷിക്കുന്ന മരത്തിന്റെ വീപ്പയിലേക്ക് തുരുതുരാ വെടികളുതിര്‍ത്തു. രമേഷ് ടിക്കുവിന്റെ ശരീരത്തെ തുളച്ച് വീപ്പ അരിപ്പയായി. നിലവിളിച്ചു കൊണ്ടിരുന്ന ഭാര്യയെ അവര്‍ മാറി മാറി ബലാല്‍സംഗം ചെയ്തിട്ടും കലി തീരാതെ അടുത്തുള്ള മരമില്ലിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി ഈര്‍ച്ച വാളില്‍ കഷ്ണങ്ങളായി അരിഞ്ഞുതള്ളി. അടുത്ത ഇരയെ തേടിപ്പോകുന്നതിനു മുന്‍പ് രമേഷ് ലാല്‍ ടിക്കുവിന്റെ വീടിന് അഗ്‌നികൊളുത്താനും അവര്‍ മറന്നില്ല. താഴ്‌വരയിലെപള്ളികളില്‍നിന്നും അറിയിപ്പുകള്‍ വന്നു കൊണ്ടിരുന്നു. അള്ളാഹു വലിയവനാണ്. അവിശ്വാസികള്‍ താഴ്വരവിട്ടു പോവുക. ഭയചകിതരായ പണ്ഡിറ്റുകള്‍ ഒന്ന് ചെറുത്തുനില്‍ക്കാന്‍ പോലും കഴിയാതെ ഭീതി തീണ്ടിയ ശരീരത്തില്‍ ഭയന്നുലഞ്ഞ മനസ്സുമായി പലായനം ചെയ്തു. ആയിരങ്ങള്‍ ഡല്‍ഹിയിലേക്ക് പോകുന്ന ട്രക്കുകളില്‍ കയറി എങ്ങനെയോ രക്ഷപ്പെട്ടു.
വഴിയില്‍ ജെ.കെ.എല്‍.എഫ്ഭീകരന്‍ മാരുടെ കണ്ണില്‍ പെട്ട ഒരാളെ വലിച്ചിറക്കി റോഡില്‍ നിര്‍ത്തി വെടിവെച്ച് ഓവുചാലില്‍ തള്ളി. അവിടെ കിടന്ന് പിടഞ്ഞുകൊണ്ട് ജീവന് വേണ്ടി യാചിച്ച ആ മനുഷ്യന്റെ വായിലേക്ക് ഭീകരരില്‍ ഒരാള്‍ പാന്റിന്റെ സിബ് തുറന്ന് മൂത്രമൊഴിച്ചു. പുണ്യകര്‍മ്മം ചെയ്ത സംതൃപ്തിയോടെ ആകാശത്തേക്ക് നോക്കി അല്ലാഹു അക്ബര്‍ എന്ന് ഉരുവിട്ട് ശേഷിക്കുന്ന വെടിയുണ്ടകള്‍ അയാളുടെ ശരീരത്തിലേക്ക് ഉതിര്‍ത്തു. തുടര്‍ന്നുള്ള ദിവസങ്ങളിലും അഭയാര്‍ത്ഥികളെയും വഹിച്ചുള്ള ട്രക്കുകള്‍ ഡല്‍ഹിയിലേക്ക് പോയിക്കൊണ്ടിരുന്നു. ജനിച്ചനാട്ടില്‍ നിന്ന് ആട്ടിയോടിക്കപ്പെട്ട പണ്ഡിറ്റുകള്‍ അഭയാര്‍ത്ഥികളായി ഡല്‍ഹിയുടെ തെരുവുകളില്‍ നരകയാതനകള്‍ അനുഭവിക്കുമ്പോള്‍ ഇന്ദ്രപ്രസ്ഥത്തിലെ രാജാവ് അസര്‍ ബൈജാനിലെ വംശീയഹത്യയെ കുറിച്ചുള്ള ഫീച്ചര്‍ വായിക്കുകയായിരുന്നു. അയാളുടെ മുത്തശ്ശന്‍ ഒരു പണ്ഡിറ്റായിരുന്നു.
2019 ഡല്‍ഹി
വര്‍ഷങ്ങളായി കാശ്മീര്‍ ജനതയുടെ സമാധാന ജീവിതത്തിന് വിഘാതമായി കൊണ്ടിരുന്ന ആര്‍ട്ടിക്കിള്‍ 370 എന്ന ട്യുമര്‍ വിദഗ്ദ്ധ ശാസ്ത്രക്രിയയിലൂടെ നീക്കം ചെയ്യപ്പെട്ടിരിക്കുന്നു. ജനിച്ച വീടും ഗ്രാമവും സമ്പാദ്യവും എല്ലാം ഉപേക്ഷിച്ചു രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അഭയാര്‍ത്ഥികളായി കഴിയുന്ന കാശ്മീരി പണ്ഡിറ്റുകള്‍ക്ക് പ്രതീക്ഷയുടെ പുതു പുലരി ഉദയം കൊണ്ടിരിക്കുന്നു. ബാരാമുള്ളയിലെ മരപ്പലക പാകിയ മൂന്നുനില വീട്ടില്‍നിന്നും ജീവനും കൊണ്ട് ഓടി രക്ഷപ്പെട്ട രാംലാല്‍ ടിക്കുവിന്റെയും രവിന്ദ്ര കൗളിന്റെയും രമേഷ് ലാല്‍ ടിക്കുവിന്റെയും മറ്റ് അനേകായിരങ്ങളുടെയും ആത്മാവിന് ശാന്തി ലഭിച്ചുകാണും. അശാന്തിയുടെ പുകമറകള്‍ നീങ്ങി ശാന്തിയുടെയും സമാധാനത്തിന്റെയും പുതിയ ആകാശം അനാവരണം ചെയ്തിരിക്കുന്നു. സിമന്റ് തേക്കാത്ത ചുവരുകളും ടിന്ന് കൊണ്ടുള്ള മേല്‍ക്കൂരയുമുള്ള വീട്ടില്‍ എരിഞ്ഞു തീര്‍ന്ന രമേഷ് ലാല്‍ ടിക്കുവിന്റേയും ഈര്‍ച്ച വാളില്‍ ശരീരം ഈര്‍ന്നു മാറ്റിയ ഇന്ദ്രജ ലാല്‍ ടിക്കുവിന്റേയും മകന്‍ സഞ്ജയ് ലാല്‍ ടിക്കു ഡല്‍ഹിയിലെ ഇടുങ്ങിയ ഗലിയിലെ വീര്‍പ്പുമുട്ടലില്‍ നിന്നും ഭൂമിയിലെ സ്വര്‍ഗത്തിലേക്ക് വണ്ടി കയറി. ഹിമവാന്റെ മടിത്തട്ടിലൂടെ അരിച്ചെത്തുന്ന കാറ്റിനോടും മഞ്ഞു നെയ്ത തലപ്പാവുകള്‍ ചൂടിയ മലകളോടും പൈന്‍ മരങ്ങളോടും സല്ലപിച്ച് അച്ഛന്റെയും മുത്തശ്ശന്റെയും ജീവനുറങ്ങുന്ന മണ്ണിലേക്ക് അവന്‍ തിരിച്ചു. ദേവദാരുക്കള്‍ പൂക്കുന്ന താഴ്വരയിലേക്ക് പ്രതീക്ഷയുടെ പുതിയ കിരണങ്ങള്‍ തേടി.