കോഴിക്കോട്: സ്ത്രീ പീഡകര്‍ക്ക് സംരക്ഷണം നല്കുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് സൈന്യ മാതൃശക്തി സംസ്ഥാന സമ്മേളനം കുറ്റപ്പെടുത്തി. ആലുവയില്‍ നിയമവിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത കേസില്‍ കുറ്റാരോപിതനായ പോലീസ് ഉദ്യോഗസ്ഥന് വീടിനടുത്തേക്കാണ് സ്ഥലംമാറ്റം നല്‍കിയത്. സംസ്ഥാനത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ വര്‍ദ്ധിച്ചു വരുന്ന അതിക്രമങ്ങള്‍ തടയണമെന്നും സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു.
സഹകാര്‍ ഭാരതി സംസ്ഥാന ഉപാധ്യക്ഷ ഭാവന സുമേഷ് സമ്മേളനം ഉദ്ഘാടനം ചെയ്തു. സൈന്യമാതൃശക്തി സംസ്ഥാന അദ്ധ്യക്ഷ മേജര്‍ അമ്പിളി ലാല്‍കൃഷ്ണ അദ്ധ്യക്ഷയായി. പൂര്‍വ്വസൈനിക സേവാ പരിഷത്ത് സംസ്ഥാന ഉപാധ്യക്ഷന്‍ ഡോ. പി.വിവേകാനന്ദന്, മഹിളാ മോര്‍ച്ച ജില്ലാ പ്രസിഡന്റ് രമ്യ മുരളി, കോര്പ്പറേഷന് കൗണ്‍സിലര്‍ നവ്യ ഹരിദാസ്, മഹിളാ ഐക്യവേദി ജില്ലാ അദ്ധ്യക്ഷ ഗംഗാദേവി എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ധീരബലിദാനി ക്യാപ്റ്റന്‍ വിക്രമിന്റെ അമ്മ കല്യാണി പണിക്കരെയും ധീരബലിദാനി നായക് സുബേദാര്‍ ശ്രീജിത്തിന്റെ പത്നി ഷെജിന പൂക്കാട്ടിനെയും പൊന്നാടയണിയിച്ച് ആദരിച്ചു. സൈന്യ മാതൃശക്തി സംസ്ഥാന ജനറല്‍ സെക്രട്ടറി ശ്രീകല സതീഷ് വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സമാപന സമ്മേളനത്തില്‍ പൂര്‍വ്വ സൈനിക സേവാപരിഷത്ത് സംസ്ഥാന സംഘടനാ സെക്രട്ടറി കെ. സേതുമാധവന് സംസാരിച്ചു. വി.ലത സ്വാഗതവും രത്നകുമാരി രവീന്ദ്രന് നന്ദിയും പറഞ്ഞു.